ആടുവസന്ത പടരുന്നു
text_fieldsആറാട്ടുപുഴ: പഞ്ചായത്തിൽ ആടുവസന്ത പടരുന്നു. രോഗം ബാധിച്ച് മൂന്നു മാസത്തിനിടെ ആറാട്ടുപുഴയിൽ ചത്തത് 11 ആടുകൾ. ആടുകളെ ബാധിക്കുന്ന മാരകവൈറസ് രോഗമാണിത്. രോഗം പിടിപെട്ടാൽ മണിക്കൂറുകൾക്കുള്ളിൽ ആടുകൾ ചത്തുപോകും. നല്ല ആരോഗ്യമുള്ള ആടുകളാണ് ഇത്തരത്തിൽ ചത്തത്.
17ാം വാർഡിലെ കർഷകൻ ആറാട്ടുപുഴ ഒറ്റപ്പനക്കൽ പുതുവൽ സുബേറുകുട്ടിയുടെ പ്രസവിച്ചുകിടന്ന മൂന്ന് ആടുകൾ ഉൾെപ്പടെ നാലെണ്ണമാണ് ഒന്നര മാസത്തിനിടെ ചത്തത്. വയറിളക്കമായിരുന്നു പ്രാഥമിക ലക്ഷണം. പിന്നീട് വായിൽനിന്ന് ഉമിനീർ പുറത്തേക്ക് ധാരാളമായി വന്നുകൊണ്ടിരുന്നു. കഴിയുന്ന ശുശ്രൂഷകളൊക്കെ ചെയ്തെങ്കിലും അഞ്ച് മണിക്കൂറിനുള്ളിൽ ചത്തു.
ഒരാട് ചത്തപ്പോൾ തന്നെ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് പ്രതിരോധ മാർഗങ്ങൾ ആരാഞ്ഞിരുന്നു. ആടുവസന്തക്ക് ഫലപ്രദമായ മരുന്നുകൾ മൃഗാശുപത്രിയിൽ ലഭ്യമല്ലെന്നായിരുന്നു മറുപടി.
ശേഷിക്കുന്ന ആടുകൾക്ക് രോഗം ബാധിക്കുമോയെന്ന ഭീതിയിലാണ് സുബേർകുട്ടി. സമാനലക്ഷണങ്ങൾ ബാധിച്ചാണ് ആറാട്ടുപുഴ തയ്യിൽ പടീറ്റതിൽ ഷഫീഖിെൻറ അഞ്ച് ആടുകൾ ചത്തത്. ആടുകളെല്ലാം പൂർണ ആരോഗ്യമുള്ളതായിരുന്നു. പരപ്പുങ്കൽ പുതുവൽ ഷാജഹാെൻറ രണ്ട് ആടുകളാണ് ചത്തത്.
ആറാട്ടുപുഴയിൽ ആട് ഫാമുകളും വീടുകൾ കേന്ദ്രീകരിച്ച് ആടുകളെ വളർത്തുന്നവരും ധാരാളമായുണ്ട്. രോഗം പടർന്ന സാഹചര്യത്തിൽ ഇവരെല്ലാം ഭീതിയിലാണ്.
രോഗം പടരുന്നത് മൃഗസംരക്ഷണ വകുപ്പ് അധികൃതർക്ക് ബോധ്യപ്പെട്ടിട്ടും വ്യാപനം തടയുന്നതിന് ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
എന്താണ്ആടുവസന്ത
പെസ്റ്റിഡെസ് പെറ്റിസ് റൂമിനൻറ്സ് (പി.പി.ആര്) എന്ന രോഗമാണ് ആടുവസന്ത എന്നറിയപ്പെടുന്നത്. പാരാമിക്സോ വൈറിനെ കുടുംബത്തിലെ മോര്‍ബിലി വൈറസുകളാണ് മാരകമായ ഈ രോഗം ആടുകളില്‍ പകര്‍ത്തുന്നത്. മൂന്നുമാസത്തിനും ഒരുവയസ്സിനും ഇടയിലുള്ള ആടുകളെയാണ് കൂടുതല്‍ ബാധിക്കുന്നത്. രോഗബാധിതരായ മൃഗങ്ങളുടെ ഉമിനീര്, കണ്ണുനീര്, വിസര്‍ജ്യങ്ങള്‍, മറ്റ് സ്രവങ്ങള്‍ എന്നിവയില്‍ അണുക്കള്‍ ധാരാളം അടങ്ങിയിരിക്കും. ഇവയുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കമോ അണുബാധയേറ്റ മറ്റു വസ്തുക്കള്വഴിയോ രോഗം പകരാം. അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് ശ്വസനനാളംവഴിയോ വായിലൂടെയോ കണ്ണിലൂടെയോ ആകും. പിന്നീട് ലസീകാഗ്രന്ഥികള്, ദഹനേന്ദ്രിയങ്ങള്‍, ശ്വസനേന്ദ്രിയങ്ങള്‍ എന്നിവയിലേക്കു പ്രവേശിക്കുന്നു. അവയെ നശിപ്പിക്കുന്നു.
രോഗലക്ഷണം
അണുക്കള്‍ ശരീരത്തിലേക്കു പ്രവേശിച്ചാല്‍ മൂന്നുമുതല്‍ ആറുദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കും. ശക്തമായ പനി, തുമ്മല്‍, മൂക്കില്‍നിന്നും കണ്ണില്‍നിന്നും വെള്ളമൊലിക്കല്, തൂങ്ങിനില്‍ക്കുക എന്നിവ പ്രാരംഭലക്ഷണങ്ങള്‍. തുടര്‍ന്ന് വായില്‍ വ്രണങ്ങള്‍ ഉണ്ടായി ഉമിനീര് വാര്‍ന്നൊഴുകുക, ഭക്ഷണം കഴിക്കാതിരിക്കുക, കട്ടികൂടി പഴുപ്പോടുകൂടിയ സ്രവങ്ങള്‍ കണ്ണില്‍നിന്നും മൂക്കില്‍നിന്നും ഒലിക്കുക, അവ മുഖത്ത് പറ്റിപ്പിടിച്ചിരിക്കുക, തുടര്‍ന്ന് ശക്തമായ വയറിളക്കം, ചിലപ്പോള്‍ രക്തത്തോടുകൂടിയതും ആകാം, ശ്വാസതടസ്സം, ചുമ എന്നിവ. നിര്‍ജലീകരണംമൂലം ഇവ പെട്ടെന്ന് ചത്തുപോകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.