തീരപരിപാലന നിയമം: വിട്ടുപോകേണ്ട ഗതികേടിൽ ജനം
text_fieldsആറാട്ടുപുഴ: തീരവാസികളുടെ സുരക്ഷിതത്വവും സുസ്ഥിരവികസനവും സംരക്ഷണവും ലക്ഷ്യമാക്കി കേന്ദ്രസർക്കാർ ആവിഷ്കരിച്ച തീരപരിപാലന നിയമം തീരവാസികൾക്ക് തീരാദുരിതമാകുന്നു. പ്രത്യേക ഭൂമിശാസ്ത്ര ഘടനയിൽ കിടക്കുന്ന ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കേന്ദ്ര-സംസ്ഥാന സർക്കാർ നിയമങ്ങൾ ജനജീവിതം വഴിമുട്ടിക്കുകയാണ്.
നിയമത്തിെൻറ നൂലാമാലകൾ മൂലം ജനിച്ച നാട്ടിൽ ഒരിഞ്ച് സ്ഥലം വാങ്ങാൻ പ്രയാസപ്പെടുകയാണ്. തീരപരിപാലന നിയമപ്രകാരം കടലിൽനിന്ന് കരഭാഗത്തേക്ക് 500 മീറ്റർ പ്രദേശവും ജലാശയങ്ങളിൽനിന്ന് 100 മീറ്റർ കരപ്രദേശവും വികസന നിഷിദ്ധ മേഖലയായി നിജപ്പെടുത്തിയിരിക്കുകയാണ്.
ഈ ദൂരപരിധിക്കുള്ളിലും നിർമാണ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കോസ്റ്റൽ മാനേജ്മെൻറ് അതോറിറ്റിയുടെ അനുമതിയോടെ 100 മുതൽ 200 മീറ്റർ പരിധിക്കുള്ളിൽ നിബന്ധനകൾക്ക് വിധേയമായി വീട് നിർമിക്കാൻ അനുമതിയുണ്ട്. എന്നാൽ, അനുമതികിട്ടാൻ നൂലാമാലകൾ ഏറെയാണ്. ഈ ദൂരപരിധിക്കുള്ളിൽ കഴിയുന്നവർക്ക് നിലവിലെ വീടുകളുടെ അറ്റകുറ്റപ്പണിയും പുനർനിർമാണങ്ങളും അനുവദിച്ചിട്ടുണ്ടെങ്കിലും വിസ്തൃതി വർധിപ്പിക്കാൻ നിയമം അനുവദിക്കുന്നില്ല. അതുകൊണ്ട് ചെറിയ വീടുകളിൽ താമസിക്കുന്നവർക്ക് സൗകര്യപ്രദമായ കെട്ടുറപ്പുള്ള വീടുകൾ നിർമിക്കാനാകാത്ത സാഹചര്യമാണുള്ളത്. മത്സ്യത്തൊഴിലാളികളല്ലാത്ത പ്രദേശവാസികളാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. സ്വന്തമായി വസ്തു ഉണ്ടെങ്കിൽപോലും അവിടെ വീട് നിർമിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കടലിനും കായലിനും ഇടയിൽ നാടപോലെ കിടക്കുന്ന ഭൂപ്രദേശമാണ് ആറാട്ടുപുഴ.
കടലും കായലും തമ്മിലുള്ള അകലം 50 മുതൽ 500 മീറ്റർവരെ മാത്രമാണ്. പഞ്ചായത്തിൽ അധിക സ്ഥലത്തും സി.ആർ.ഇസഡ് നിഷ്കർഷിക്കുന്ന ഭൂവിസ്തൃതി പോലുമില്ല. ഇവിടെ നിയമത്തിെൻറ കുരുക്ക് ഒഴിവായ ഭൂമി നാമമാത്രമാണ്. ലൈഫിലും മറ്റും വീട് അനുവദിച്ചവർ ഭൂമിക്കായി നെട്ടോട്ടമോടുകയാണ്. എവിടെയെങ്കിലും വസ്തു കണ്ടെത്തിയാൽതന്നെ അത് സി.ആർ.ഇസഡിെൻറയോ നെൽവയൽ തണ്ണീർത്തട നിയമത്തിെൻറയോ പരിധിയിലായിരിക്കും.
ഇതിനെതിരെയുള്ള പരാതികൾ വർധിച്ചതോടെ സർക്കാർ സമ്മർദത്തിലാകുകയും നിരോധിത ദൂര പരിധിക്കുള്ളിൽ വീട് നിർമിച്ചവർക്ക് താൽക്കാലിക വീട്ടുനമ്പർ (യു.എ നമ്പർ) അനുവദിക്കാമെന്ന് 2009 ഒക്ടോബറിൽ തദ്ദേശ ഭരണ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയവർക്ക് താൽക്കാലിക നമ്പർ നൽകി.
പഞ്ചായത്ത് അധികൃതർ ആവശ്യപ്പെടുമ്പോൾ വീട് പൊളിച്ചുനീക്കാമെന്ന ഉറപ്പ് വാങ്ങിയാണ് വീട്ടുനമ്പർ നൽകിയിരുന്നത്. എന്നാൽ, കേന്ദ്രസർക്കാർ നിയമം കർശനമാക്കി. കോസ്റ്റൽ സോണ് മാനേജ്മെൻറ് അതോറിറ്റിയുടെ അനുമതിയില്ലാതെ നമ്പർ നൽകരുതെന്ന് പിന്നീട് നിർദേശം വന്നതോടെ ജനങ്ങൾ കൂടുതൽ ദുരിതത്തിലായി. സർക്കാർ ഇളവ് നൽകുമെന്ന് പ്രതീക്ഷിച്ച് ദൂരപരിധിക്കുള്ളിൽ വീട് നിർമിച്ചവർ ഇന്ന് പ്രതിസന്ധിയിലാണ്. വൈദ്യുതിയും വെള്ളവും കിട്ടാത്തതിനാൽ വീടുകളിൽ താമസിക്കാനാകുന്നില്ല.
ഇങ്ങനെ നിർമിച്ച വീടുകൾ പഞ്ചായത്തിെൻറ രേഖകളിൽ ഉൾപ്പെടുത്താനും കഴിയാത്ത സാഹചര്യമുണ്ട്. ഇവയുടെ കരം ഈടാക്കാനും കഴിയുന്നില്ല. തീരപരിപാലന നിയമത്തിെൻറ പരിധിയിൽ വരുന്ന സ്ഥലങ്ങൾ ബാങ്കുകൾ ഈടായി സ്വീകരിക്കുന്നില്ല. പിന്നാക്ക വികസന കോർപറേഷൻപോലും വായ്പ അനുവദിക്കുന്നില്ലെന്ന് പരാതിയുണ്ട്. വസ്തു വാങ്ങാനും ആളില്ല. വിറ്റാൽ തന്നെ വിലയും ലഭിക്കുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിയമത്തിൽ ഇളവുകൾ നൽകിയിട്ടുണ്ട്. എന്നാൽ, കേരള സർക്കാറിെൻറ അനാസ്ഥമൂലം ഇളവുകൾ ഇവിടെ അനുവദിക്കാതെ പോകുകയാണ്. പലതവണ കേന്ദ്ര സർക്കാർ സമയം അനുവദിച്ചിട്ടും കേരളത്തിെൻറ പ്രശ്നങ്ങൾ രേഖാമൂലം സമർപ്പിച്ചിട്ടില്ല. തീരപരിപാലന നിയമത്തിനെതിരെ ഒറ്റപ്പെട്ട സമരങ്ങൾ നടക്കുന്നുണ്ടെങ്കിലും യോജിച്ചൊരു പ്രക്ഷോഭം ഇനിയും ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.