സ്വകാര്യ ബസ് ജീവനക്കാർ കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് അടിച്ചു തകർത്തു
text_fieldsആറാട്ടുപുഴ: തർക്കത്തെ തുടർന്ന് സ്വകാര്യബസിലെ ജീവനക്കാർ കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് അടിച്ചു തകർത്തു. സംഭവത്തിൽ പ്രതിയായ സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. തോട്ടപ്പള്ളി - വലിയഴിക്കൽ തീരദേശ റൂട്ടിൽ സർവീസ് നടത്തുന്ന കുമ്പളത്ത് എന്ന സ്വകാര്യ ബസിലെ ഡ്രൈവറായ കൊട്ടാരക്കര നെടുവത്തൂർ രശ്മി നിവാസിൽ സജീവ് (26) തൃക്കുന്നപ്പുഴ കോട്ടെമുറി വാലയിൽ ഷാനവാസ് (25) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12:30 ഓടെ വലിയഴിക്കൽ പാലത്തിലാണ് സംഭവം. തോട്ടപ്പള്ളിയിൽ നിന്ന് തീരദേശ റോഡ് വഴി കരുനാഗപ്പള്ളിക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിനാണ് നാശമുണ്ടായത്. രണ്ട് ബസുകൾക്കും ഒരേ സമയമാണ് അനുവദിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ മുന്നിലും പിറകിലായുമാണ് ഇരു വണ്ടികളും തോട്ടപ്പള്ളി മുതൽ ഓടിയത്.
മുന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് കെ.എസ്.ആർ.ടി. ബസ്സിനെ കടത്തിവിട്ടില്ല എന്ന ആക്ഷേപം ഉണ്ട്. ഇതിനെ ചൊല്ലി പെരുമ്പള്ളിയിൽ വെച്ച് ഇരു കൂട്ടരും തമ്മിൽ തർക്കം ഉണ്ടായി. ഇതിനിടെ സ്വകാര്യ ബസിനെ മറികടന്ന് പോകുമ്പോൾ കെ.എസ്.ആർ.ടി.സി ബസ് തട്ടി കുമ്പളത്ത് ബസിൻ്റെ സൈഡ് ഗ്ലാസ് പൊട്ടിയതായി ജീവനക്കാർ പറയുന്നു. തുടർന്ന് നിർത്താതെ പോയ ബസിനെ പിന്തുടരുകയും വലിയഴീക്കൽ പാലത്തിൽ വെച്ച് മറികടന്ന് എത്തിയശേഷം ബസ് തടഞ്ഞിട്ട് ഡ്രൈവറും കണ്ടക്ടറും ചേർന്ന് ജാക്കി ലിവർ ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി. ബസിന്റെ മുൻവശത്തെ ഗ്ലാസും, വലതു ഭാഗത്തെ കണ്ണാടിയും അടിച്ചു തകർക്കുകയായിരുന്നു.
കെ.എസ്.ആർ.ടി.സി ബസിനുണ്ടായ കേടുപാടും യാത്ര മുടങ്ങിയതിലുള്ള നഷ്ടവും ചേർത്ത് 16,500 രൂപയുടെ നാശ നഷ്ടം ഉണ്ടായതായി ബസ് ജീവനക്കാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.