ഉമ്മർമുക്ക്-ചക്കിലിക്കടവ് റോഡിൽ ദുരിതയാത്ര; നടുവൊടിയും
text_fieldsആറാട്ടുപുഴ: മുതുകുളം ഉമ്മർമുക്ക്-ചക്കിലിക്കടവ് റോഡിൽ ദുരിതയാത്ര. നടുവൊടിയുന്ന ജനങ്ങളുടെ സങ്കടം കേൾക്കാൻ ആരുമില്ല. റോഡൊന്ന് ശരിയാക്കാൻ ഇനിയും എത്രനാൾ കാത്തിരിക്കണമെന്നാണ് നാട്ടുകാരുടെ ചോദ്യം. കായംകുളം-കാർത്തികപ്പള്ളി റോഡിൽനിന്ന് തീരദേശത്തേക്കുള്ള പ്രധാന പാതകളിലൊന്നാണിത്.
ഉമ്മർമുക്കിന് പടിഞ്ഞാറ്, ഞവരക്കൽ, വഴിയമ്പലം, കറുത്തേരിമുക്ക് ഭാഗങ്ങളിലെല്ലാം റോഡ് തകർന്നു. ഉമ്മർമുക്ക് മുതൽ പടിഞ്ഞാറോട്ട് 200 മീറ്ററോളം നീളത്തിലും ഞവരക്കൽ ഭാഗത്തും റോഡ് നാമാവശേഷമായ നിലയിലാണ്. നാലുവർഷം മുമ്പാണ് റോഡ് പുനർനിർമിച്ചത്. നിർമാണത്തിലെ പിഴവുമൂലം റോഡിന്റെ തകർച്ച വേഗത്തിലായി. നിർമാണത്തിലെ ക്രമക്കേട് ബന്ധപ്പെട്ട അധികാരികളോട് ചൂണ്ടിക്കാട്ടിയിട്ടും കേട്ടഭാവം നടിച്ചില്ല. ശാസ്ത്രീയമായി ഓട നിർമിക്കാതെയാണ് റോഡ് പുനർനിർമിച്ചതെന്ന പരാതി അന്ന് ഉയർന്നിരുന്നു. കുരുംബക യു.പി സ്കൂളിലെ വിദ്യാർഥികളും ഉമ്മർമുക്കിലേക്കും ക്ഷേത്രത്തിലേക്കും വരുന്നവർ ഉൾപ്പെടെ നൂറുകണക്കിനുപേർ ദിവസവും ഇതുവഴി സഞ്ചരിക്കുന്നുണ്ട്. ഇവർ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. മഴയായാൽ കുഴികളിൽ വെള്ളം നിറഞ്ഞ് ദുരിതം ഇരട്ടിയാകും. ഉമ്മർമുക്കിൽ കായംകുളം-കാർത്തികപ്പള്ളി റോഡിലേക്ക് കയറുന്നിടത്തും വലിയ കുഴി രൂപപ്പെട്ടിട്ട് നാളേറെയായി. ഇതുകാരണം പ്രധാന പാതയിലേക്കു കയറുന്നവരും പടിഞ്ഞാറോട്ട് തിരിയുന്നവരുമെല്ലാം വളരെയധികം ബുദ്ധിമുട്ടുകയാണ്. പടിഞ്ഞാറുനിന്ന് വരുന്നവർക്ക് കുഴി അപകട ഭീഷണി ഉയർത്തുന്നു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ എത്രയും വേഗം നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.