കടൽക്ഷോഭത്തിന് നേരിയ ശമനം; ദുരിതം അടങ്ങാതെ തീരം
text_fieldsആറാട്ടുപുഴ: കടൽക്ഷോഭത്തിന് നേരിയ ശമനമുണ്ടായെങ്കിലും ദുരിതങ്ങൾക്ക് കുറവില്ല. ബുധനാഴ്ചയുണ്ടായ കള്ളക്കടൽ പ്രതിഭാസം ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരങ്ങളിൽ കടുത്ത ദുരിതമാണ് വരുത്തിവെച്ചത്.
തീരദേശ റോഡ് മണ്ണിനടിയിലായത് ഗതാഗതത്തെ സാരമായി ബാധിച്ചു. സ്കൂൾ കുട്ടികളടക്കമുള്ള യാത്രക്കാർ വലഞ്ഞു. റോഡിലെ മണൽ നീക്കാനുള്ള നടപടി വൈകീട്ടോടെ പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചു. വീടുകളുടെ പരിസരങ്ങളിൽ വെള്ളക്കെട്ട് മാറിയിട്ടില്ല.
ആറാട്ടുപുഴ എ.സി പള്ളി ജങ്ഷഷൻ മുതൽ വടക്കോട്ട് കാർത്തിക ജങ്ഷൻ വരെയുള്ള ഏറിയ ഭാഗത്തും വലിയഴീക്കൽ-തൃക്കുന്നപ്പുഴ തീരദേശ റോഡ് മണ്ണിനടിയിലാണ്. പലയിടത്തും അഞ്ചടിയിലധികം ഉയരത്തിൽ മണ്ണ് വീണിട്ടുണ്ട്. തൃക്കുന്നപ്പുഴ ഗെസ്റ്റ് ഹൗസ് ജങ്ഷന് സമീപവും റോഡ് മണ്ണിനടിയിലാണ്. ഇരുചക്ര വാഹനങ്ങൾക്കുപോലും പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇതുമൂലം ബസുകൾ അധികവും മണ്ണ് കയറിയ ഭാഗത്തിന് തൊട്ടടുത്ത് സർവിസ് അവസാനിപ്പിച്ചു. സാഹസികമായി വാഹനം ഓടിച്ചാണ് പലരും റോഡ് കടന്നത്.
എ.സി പള്ളി ജങ്ഷന് വടക്കുഭാഗത്ത് ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് മണ്ണിൽ താഴ്ന്നുപോയത്. ഇതുമൂലം മണിക്കൂറുകളോളം തീരദേശ റോഡിൽ പൂർണമായി ഗതാഗതം സ്തംഭിച്ചു.
ഏറെ പണിപ്പെട്ടാണ് വാഹനങ്ങൾ ഇവിടെ നിന്നും നീക്കിയത്. സമാന്തര റോഡുകൾ ഇടുങ്ങിയതായതിനാൽ ഇരുവശങ്ങളിലും വാഹനങ്ങൾ വന്നതോടെ അവിടെയും ഗതാഗതക്കുരുക്കുണ്ടായി. വിദ്യാർഥികളടക്കമുള്ള യാത്രക്കാർ ഏറെ പ്രയാസപ്പെട്ടു. ഗെസ്റ്റ് ഹൗസ് ജങ്ഷൻ ഭാഗത്തും സമാനമായ അവസ്ഥയായിരുന്നു.
കടൽക്ഷോഭം ഉണ്ടായി പിറ്റേദിവസം റോഡിലെ മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാറാണ് പതിവ്. ഏറെ തിരക്കുള്ള റോഡായിട്ടും മണ്ണ് നീക്കുന്ന കാര്യത്തിൽ താമസം നേരിട്ടത് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ അനാസ്ഥയാണെന്ന് ആക്ഷേപമുണ്ട്. വിഷയത്തിന്റെ ഗൗരവം ബന്ധപ്പെട്ട അധികാരികൾ മനസ്സിലാക്കിയിട്ടില്ലെന്ന് ആരോപണമുണ്ട്.
തൃക്കുന്നപ്പുഴ പാനൂർ ഭാഗത്ത് നിരവധി വീടുകൾ ഏതു നിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. തീരസുരക്ഷക്ക് അടിയന്തര നടപടി കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ബുധനാഴ്ച മൂന്നു മണിക്കൂറിലേറെ തീരദേശ റോഡ് നാട്ടുകാർ ഉപരോധിച്ചിരുന്നു.
തീരസംരക്ഷണകാര്യ അധികാരികൾ തുടരുന്ന അലംഭാവത്തിനെതിരെ തീരദേശത്ത് പ്രതിഷേധം കനക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.