തൃക്കുന്നപ്പുഴയിൽ റോഡിൽ അടിഞ്ഞ മണൽ നീക്കാനായില്ല
text_fieldsആറാട്ടുപുഴ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടൽകയറ്റത്തിൽ ആറാട്ടുപുഴ ഭാഗത്ത് റോഡിലടിഞ്ഞ മണൽ നീക്കം ചെയ്തെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് തൃക്കുന്നപ്പുഴ ഭാഗത്തേത് നീക്കം ചെയ്യാൻ കഴിഞ്ഞില്ല. ആറാട്ടുപുഴ എ.സി പള്ളി മുതൽ കാർത്തിക ജങ്ഷൻ വരെയുള്ള ഭാഗത്താണ് വൻതോതിൽ റോഡിൽ മണ്ണടിഞ്ഞത്. ചൊവ്വാഴ്ച അർധരാത്രിയാണ് കടൽകയറ്റം ഉണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് മണൽ നീക്കാൻ തുടങ്ങിയത്. ഇതുമൂലം രണ്ടു ദിവസത്തോളം യാത്രക്കാർ കടുത്ത ദുരിതമാണ് അനുഭവിച്ചത്.
റോഡിലടിഞ്ഞ മണൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോഡിനിരുവശങ്ങളിലേക്കും കൂട്ടിയാണ് ഗതാഗത തടസ്സം നീക്കിയത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ തൃക്കുന്നപ്പുഴ ഗസ്റ്റ് ഹൗസ് ജങ്ഷൻ ഭാഗത്ത് മണ്ണ് നീക്കാൻ തുടങ്ങിയെങ്കിലും പ്രദേശവാസികൾ തടഞ്ഞു. കടലാക്രമണ ദുരന്തത്തിന് പരിഹാരം കാണാതെ മണ്ണ് നീക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു അവർ. 10 മീറ്ററോളം ഭാഗത്താണ് മണ്ണ് കൂടിക്കിടക്കുന്നത്. ഏറെ സാഹസപ്പെട്ടാണ് യാത്രക്കാർ റോഡ് കടക്കുന്നത്. പല വാഹനങ്ങളും മണ്ണിൽ താഴ്ന്നു പോകുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നു. ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാരാണ് ഏറെ പ്രയാസപ്പെടുന്നത്.
മണ്ണിൽ കയറി വാഹനങ്ങൾ നിയന്ത്രണം തെറ്റുന്നത് അപകടത്തിനിടയാക്കുന്നു. ഗസ്റ്റ് ഹൗസ് ജങ്ഷൻ ഭാഗത്ത് കഴിഞ്ഞ കടലാക്രമത്തെ തുടർന്ന് ജിയോ ബാഗ് സ്ഥാപിക്കാൻ നടപടിയായെങ്കിലും മണലിന്റെ ക്ഷാമ മൂലം പണി ആരംഭ ഘട്ടത്തിൽ തന്നെ മുടങ്ങി. തോട്ടപ്പള്ളിയിൽ നിന്ന് മണലെത്തിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പുനൽകിയെങ്കിലും അതിനും നടപടിയായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.