അപ്രതീക്ഷിത കടൽക്ഷോഭം നാശം വിതച്ചു; ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ ജനജീവിതം ദുരിതത്തിൽ
text_fieldsആറാട്ടുപുഴ: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ അപ്രതീക്ഷിതമായി ഉണ്ടായ കടൽക്ഷോഭം നാശം വിതച്ചു. നിരവധി വീടുകളിൽ വെള്ളം കയറി, തീരദേശ റോഡിൽ ഗതാഗതം താറുമാറായി. പീലിങ് ഷെഡ് തകർന്നു.
ആറാട്ടുപുഴ പഞ്ചായത്തിൽ പെരുമ്പള്ളി മുതൽ മംഗലം വരെയും തൃക്കുന്നപ്പുഴ പഞ്ചായത്തിൽ മൂത്തേരി ജങ്ഷൻ മുതൽ പാനൂർ വരെയുമാണ് ശക്തമായ കടൽക്ഷോഭം ജനജീവിതം ദുരിതത്തിലാക്കിയത്. ഞായറാഴ്ച ഉച്ചക്ക് ഒന്നോടെയാണ് കടൽ പ്രക്ഷുബ്ധമായത്.
തീരത്തേക്ക് അടിച്ചുകയറിയ തിരമാലകൾ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. കടൽത്തീരങ്ങളിലും വീടിനു സമീപവും സൂക്ഷിച്ചിരുന്ന സാധനസാമഗ്രികൾ ഒഴുകിപ്പോയി. വലകൾ മണ്ണിൽ മൂടി. തീരദേശ റോഡ് കവിഞ്ഞ് കടൽവെള്ളം ഏറെ ദൂരം കിഴക്കോട്ടൊഴുകി.
എം.ഇ.എസ് ജങ്ഷൻ, കാർത്തിക ജങ്ഷൻ, തൃക്കുന്നപ്പുഴ ഗെസ്റ്റ് ഹൗസ് ജങ്ഷൻ എന്നിവിടങ്ങളിൽ റോഡ് മണ്ണിനടിയിലായി. തടികളും കല്ലുകളും റോഡിൽ നിരന്നു. ഇതുമൂലം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വാഹനങ്ങൾ മണ്ണിൽ പുതഞ്ഞു. പതിയാങ്കര വെള്ളരിശ്ശേരിൽ മുകുന്ദന്റെ ഉടമസ്ഥതയിലുള്ള മൂത്തേരി ജങ്ഷൻ ഭാഗത്തെ ഫീലിങ് ഷെഡ് പൂർണമായും തകർന്നു.
ജോലി കഴിഞ്ഞു തൊഴിലാളികൾ പുറത്തുപോയ ഉടനാണ് തിരമാല ഷെഡിലേക്ക് അടിച്ചുകയറിയത്. തലനാരിഴക്കാണ് അമ്പതോളം തൊഴിലാളികൾ രക്ഷപ്പെട്ടത്. കടൽക്ഷോഭ ദുർബല പ്രദേശങ്ങളിലാണ് ദുരിതം ഏറെ ഉണ്ടായത്. റോഡരികിലും വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുകയാണ്.
ബസ് സർവിസുകൾ പലതും പാതിവഴിയിൽ അവസാനിപ്പിച്ചു. ഇതുമൂലം യാത്രക്കാർ ദുരിതത്തിലായി. റോഡിൽ അടിഞ്ഞ മണ്ണ് യുദ്ധകാലാടിസ്ഥാനത്തിൽ നീക്കംചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കണമെന്നും കടൽക്ഷോഭ ഭീഷണി നേരിടുന്ന കുടുംബങ്ങളെ താൽക്കാലികമായി പുനരധിവസിപ്പിക്കണമെന്നും രമേശ് ചെന്നിത്തല എം.എൽ.എ കലക്ടറോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.