കായംകുളം താപനിലയത്തിൽ സൗരവൈദ്യുതി ഉൽപാദനം തുടങ്ങി
text_fieldsആറാട്ടുപുഴ: കായംകുളം താപനിലയത്തിലെ സൗരോർജ പ്ലാന്‍റിൽ വൈദ്യുതി ഉൽപാദിപ്പിച്ച് തുടങ്ങി. എൻ.ടി.പി.സിക്കുവേണ്ടി ബി.എച്ച്.ഇ.എൽ (ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്) ആണ് 22 മെഗാവാട്ട് വൈദ്യുതി ആദ്യഘട്ടത്തിൽ ഉൽപാദിപ്പിക്കുന്നത്. 3.16 രൂപക്കാണ് കെ.എസ്.ഇ.ബിക്ക് നൽകുന്നത്. 25 വർഷത്തേക്കാണ് കരാർ. 92 മെഗാവാട്ട് വൈദ്യുതി സോളാർ പ്ലാന്‍റിൽനിന്ന് ഉൽപാദിപ്പിക്കുകയാണ് എൻ.ടി.പി.സി ലക്ഷ്യം. 70 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ടാറ്റയാണ് നേതൃത്വം നൽകുന്നത്. ജൂണിൽ ടാറ്റ വൈദ്യുതി ഉൽപാദിപ്പിച്ചു തുടങ്ങും. താപനിലയം പ്ലാന്‍റിന് സമീപത്തെ ജലാശയത്തിൽ ഫ്ലോട്ടിങ് സോളാർ പാനൽ നിരത്തി വൈദ്യുതി ഉൽപാദിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ പ്ലാന്‍റാണിത്. 465 കോടി രൂപയാണ് മുതൽമുടക്ക്.
നാഫ്ത അസംസ്കൃത വസ്തുവാക്കിയ വൈദ്യുതി ഉൽപാദനമാണ് താപനിലയത്തിൽ നേരത്തെ നടന്നിരുന്നത്. നാഫ്തക്ക് വില വർധിച്ചതോടെ താപനിലയത്തിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്കും വില കൂട്ടി. ഇത് സംസ്ഥാനത്തിന് താങ്ങാനാകാത്ത സ്ഥിതിയായിരുന്നു. ഇതോടെ താപനിലയത്തിൽ വൈദ്യുതി ഉൽപാദനം നിർത്തി. തുടർന്നാണ് ബി.എച്ച്.ഇ.എൽ, ടാറ്റ എന്നിവരുമായി സഹകരിച്ച് സൗരവൈദ്യുതി പദ്ധതിക്ക് രൂപംനൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.