തെക്കനോടി വള്ളങ്ങൾ തീരദേശ ജനതയുടെ ജലരാജാക്കന്മാർ
text_fieldsആറാട്ടുപുഴ: കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും ചുണ്ടൻ വള്ളങ്ങൾ ആവേശം തീർക്കുന്ന കാലത്ത് അതിൽ കാര്യമായി പങ്കുകൊള്ളാൻ കഴിയാതിരുന്ന കാർത്തികപ്പള്ളി താലൂക്കിലെ മത്സ്യ കയർ തൊഴിലാളികളുടെ കളിയാവേശത്തിൽ പിറന്നതാണ് തെക്കനോടി വള്ളങ്ങൾ. വള്ളവും വെള്ളവുമായി അഭേദ്യബന്ധം ബന്ധമുള്ള തീരവാസികൾക്ക് ആവേശം നെഞ്ചിലേറ്റാൻ സ്വന്തമായി കളിവള്ളവും ജലമേളയും വേണമെന്ന അതിയായ ആഗ്രഹത്തിലാണ് ചെല്ലിക്കാടനും കാട്ടിൽ തെക്കതിലും കമ്പനി വള്ളവും പിറവിയെടുക്കുന്നത്. ആവേശം നിറക്കാൻ ഒരുപാട് ജലമേളകളും.
ഒരുകുല പഴമായിരുന്നു തീരദേശത്ത് സംഘടിപ്പിച്ചിരുന്ന ജലമേളകളിൽ സമ്മാനമായി നൽകിയിരുന്നത്. കളിവള്ളങ്ങൾ ആയിരുന്നില്ല അന്ന് മത്സരങ്ങളിൽ പങ്കെടുത്തിരുന്നത്. തെക്കനോടി വള്ളങ്ങൾ രംഗപ്രവേശനം ചെയ്തതോടെയാണ് ഇവിടുത്തെ ജലമേളകളുടെ മുഖച്ഛായ മാറുന്നത്. കാർത്തികപ്പള്ളി താലൂക്കിലെ തീരദേശ പഞ്ചായത്തുകളായ ആറാട്ടുപുഴയും തൃക്കുന്നപ്പുഴയും ഉൾപ്പെടുന്ന തെക്കുപടിഞ്ഞാറ് പ്രദേശങ്ങളിലെ ജനതക്ക് ചുണ്ടൻ വള്ളങ്ങളെക്കാൾ ആവേശം പകർന്നിരുന്നത് തെക്കനോടി വള്ളങ്ങളായിരുന്നു. ഈ നാട്ടുകാരോട് വള്ളംകളിയെക്കുറിച്ച് ചോദിച്ചാൽ ചെല്ലിക്കാടന്റെയും കാട്ടിൽ തെക്കതിലിെൻറയും കമ്പനി വള്ളത്തിന്റെയും ഇഞ്ചോടിഞ്ച് പോരാട്ടം സമ്മാനിച്ച ത്രസിപ്പിക്കുന്ന മത്സരങ്ങളെക്കുറിച്ചുള്ള അനുഭവങ്ങളാവും അവർ ആദ്യം പങ്കുവെക്കുക. ഇപ്പോഴും തെക്കനോടി വള്ളങ്ങളുടെ മത്സരങ്ങളാണ് തീരദേശത്ത് നടക്കുന്ന ജലോത്സവങ്ങളിൽ ആവേശം തീർക്കുന്നത്.
നെഹ്റു ട്രോഫി മത്സരത്തിൽ വനിതകളാണ് തെക്കനോടി തുഴയുന്നത്. ഒരുകാലത്ത് ചുണ്ടൻ വള്ളങ്ങളെപ്പോലെ തന്നെ ആരാധകർ ഈ വള്ളങ്ങൾക്കും ഉണ്ടായിരുന്നു. പല്ലനയാറ്റിലും പുളിക്കീഴും തൃക്കുന്നപ്പുഴയിലും പടിയിൽ കടവിലും മംഗലത്തും നാക്കോല ആറ്റിലും ഓണനാളുകളിൽ നടന്നിരുന്ന ജലോത്സവങ്ങളിൽ ആരാധകരുടെ വലിയ ആരവങ്ങൾക്ക് ഇടയിലൂടെയാണ് ഈ വള്ളങ്ങൾ കുതിച്ചു പാഞ്ഞിരുന്നത്. ഒരു നൂറ്റാണ്ടിെൻറ ചരിത്രം ഈ വള്ളങ്ങൾക്കുണ്ട്.
കാട്ടിൽ തെക്കതിലും ചെല്ലിക്കാടനുമാണ് തെക്കനോടി വള്ളങ്ങളിലെ കാരണവർ. യാത്ര ആവശ്യങ്ങൾക്കാണ് ഇത് ആദ്യം നിർമിക്കുന്നത്. തുഴകൾ വള്ളങ്ങളിൽ ഘടിപ്പിച്ച് തണ്ട് തുഴയുന്ന കണക്കേ പിന്നിലോട്ടായിരുന്നു തുഴഞ്ഞിരുന്നത്. ജലോത്സവങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയതോടെയാണ് ഈ രീതിക്ക് മാറ്റമുണ്ടായത്. ഇരുപത്തഞ്ചേകാൽ കോൽ നീളവും 52 അംഗുലം വണ്ണവുമാണ് ഈ വള്ളത്തിനുള്ളത്. 35 തുഴക്കാരും മൂന്ന് അമരക്കാരും മൂന്ന് നിലക്കാരും ഉണ്ടാകും. അണിയം ചുരുണ്ടും അമരം ചുണ്ടൻ വള്ളങ്ങളുടേതിന് സമാനമായതാണ്. പരമനാശാരിയും കുഞ്ഞിക്കിട്ടൻ ആശാരിയുമാണ് ഈ വള്ളങ്ങൾ നിർമിച്ചത്. പല്ലന കൃഷ്ണനാശാരിയാണ് വള്ളങ്ങളുടെ ലോഹപ്പണികൾ നടത്തിയത്. ചെല്ലിക്കാടനായിരുന്നു ഏറെ മത്സരങ്ങളിലും ജലരാജാവായത്. അതുകൊണ്ടുതന്നെ ആരാധകരും കൂടുതലായിരുന്നു. കാട്ടിൽതെക്കേ വള്ളമാണ് ചെല്ലിക്കാടെൻറ പ്രധാന എതിരാളി. ഈ വെള്ളത്തിെൻറ ചരിഞ്ഞുള്ള വരവും ഫിനിഷിങ്ങും പ്രസിദ്ധമാണ്.
തൃക്കുന്നപ്പുഴ, കാർത്തികപ്പള്ളി പഞ്ചായത്തിലെ കയർ തൊഴിലാളികളുടെ കൂട്ടായ്മയിൽ പിറവിയെടുത്ത വള്ളമാണ് കമ്പനി. പിന്നീട് 2009ൽ കാർത്തികപ്പള്ളി മഹാദേവികാടുനിന്നും ദേവസും 2014ൽ മഹാദേവികാടുനിന്നും കാട്ടിൽ തെക്കതിലും പല്ലന പ്രദേശത്തുനിന്നും പിറവിയെടുത്ത സാരഥിയുമാണ് പുതുതലമുറ തെക്കനോടി വള്ളങ്ങൾ. താഴ്ഭാഗം കെട്ടുന്നതിനു പകരം ആധുനിക രീതിയിൽ നിർമിച്ച അടുത്ത ഈ വള്ളങ്ങൾക്ക് പരമ്പരാഗത തെക്കനോടി വള്ളങ്ങളെ അപേക്ഷിച്ച് വേഗം കൂടുതലായതിനാൽ തെക്കനോടി തറ വള്ളങ്ങൾ എന്ന വിഭാഗമാക്കി മാറ്റി. പഴയ വള്ളങ്ങളെ തെക്കനോടി കെട്ട് എന്ന പേരിലാണ് അറിയപ്പെടുന്നത്. കഴിഞ്ഞ രണ്ടിന് നീരണിഞ്ഞ പടിഞ്ഞാറേപ്പറമ്പനാണ് കെട്ട് വിഭാഗത്തിലെ പുതുമുഖം. രണ്ട് വിഭാഗങ്ങൾക്കും പ്രത്യേകം മത്സരങ്ങളാണ് നടക്കുന്നത്. ഇത്തവണത്തെ നെഹ്റുട്രോഫി മത്സരത്തിൽ ഈ വള്ളങ്ങൾ എല്ലാം പോരാട്ടത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.