തെരുവുനായ് ആക്രമണം: കടിയേറ്റ് എട്ടുപേർ ആശുപത്രിയിൽ, പലരുടെയും പരിക്ക് മാരകം
text_fieldsആറാട്ടുപുഴ: തൃക്കുന്നപ്പുഴ ആറാട്ടുപുഴ പഞ്ചായത്തുകളിൽ തെരുവുനായുടെ കടിയേറ്റ് കുട്ടികളും സ്ത്രീകളും വൃദ്ധരും അടക്കം എട്ടുപേർക്ക് പരിക്കേറ്റു. തൃക്കുന്നപ്പുഴ പഞ്ചായത്ത് 12ാം വാർഡിൽ ചേലക്കാടും പരിസര പ്രദേശങ്ങളിലുമാണ് തെരുവുനായ് ഓടിനടന്ന് ആളുകളെ കടിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. തൃക്കുന്നപ്പുഴ പാനൂർ പടിഞ്ഞാറേ തൈവെപ്പിൽ ഹൈറുന്നിസ (38), ശരവണ പൊയ്കയിൽ ചന്ദ്രൻ സ്വാമി (75), കാട്ടിൽ വാലയിൽ പുരുഷൻ (75), മൂത്താംപറമ്പിൽ ശിവപ്രസാദ് (15), കുറ്റുവുഴുത്തിൽ അജയൻ ആശാരി (50), കൂടത്തിങ്കൽ പടീറ്റതിൽ മനാഫ് (23), എന്നിവർക്കാണ് പരിക്കേറ്റത്. ഒരു നായാണ് ഇവരെ എല്ലാവരെയും കടിച്ചത്.
വ്യാഴാഴ്ച അഞ്ചരയോടെയാണ് ആറാട്ടുപുഴ രാമഞ്ചേരി ഭാഗത്ത് നായുടെ ആക്രമണമുണ്ടായത്. വീടിനു സമീപത്തുള്ള റോഡരികിൽ നിൽക്കുമ്പോൾ രാമഞ്ചേരി പൊരിയന്റെ പറമ്പിൽ ധനപാലനാണ് (49) ആദ്യം കടിയേറ്റത്. പിന്നീട് അവിടെനിന്ന് ഓടിയ നായ് ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന ശിവപ്രിയയെ (7) ആക്രമിക്കുകയായിരുന്നു. വീട്ടിലും സമീപ പ്രദേശങ്ങളിലും നിന്നവരാണ് കടിയേറ്റവരെല്ലാം. പരിക്കേറ്റവർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പലരുടെയും പരിക്ക് മാരകമാണ്. പുരുഷന്റെയും ശിവപ്രിയയുടെയും മുഖം നായ് കടിച്ചുകീറി. ചന്ദ്രൻ സ്വാമിയുടെ കണ്ണിന് സമീപത്താണ് കടിയേറ്റത്. തെരുവുനായുടെ ആക്രമണം പ്രദേശത്ത് വർധിക്കുകയാണ്.
തുടർച്ചയായുള്ള തെരുവുനായ് ആക്രമണംമൂലം ഇവിടങ്ങളിലെ താമസക്കാർ ഭീതിയിലാണ്. കഴിഞ്ഞ ഡിസംബർ 27ന് ആറാട്ടുപുഴ വട്ടച്ചാൽ പ്രദേശത്തെ എട്ടുപേർക്കും ഒരുപോത്തിനും പശുവിനും തെരുവുനായുടെ കടിയേറ്റിരുന്നു.
മാസങ്ങൾക്കുമുമ്പ് സമാനമായ സംഭവം പനൂർ, തൃക്കുന്നപ്പുഴ, ചേലക്കാട്, പള്ളിപ്പാട്ടുമുറി പുത്തൻപുര ജങ്ഷൻ എന്നിവിടങ്ങളിലുമുണ്ടായി. സംഭവത്തിൽ ഏഴുപേർക്ക് കടിയേറ്റിരുന്നു. കൂട്ടത്തോടെ എത്തുന്ന നായ്ക്കളെ പേടിച്ച് മുറ്റത്തേക്കിറങ്ങാൻപോലും കഴിയാത്ത സ്ഥിതിയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇരുചക്ര വാഹന യാത്രക്കാർക്കും നായ് വലിയ ഭീഷണിയാണ്. പ്രശ്നപരിഹാരത്തിന് പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.