തമിഴ് യുവാവിനെ കണ്ടെത്താനായില്ല; പരാതിയുമായി കുടുംബം
text_fieldsആറാട്ടുപുഴ: കെട്ടിട നിർമാണത്തിന് വന്ന തമിഴ്നാട് സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. കന്യാകുമാരി കുമാരപുരം മുട്ടക്കാട് വലിയപറമ്പിൽ ടി. സേവ്യറിനെയാണ് (34) ഒക്ടോബർ 14 മുതൽ കാണാതായത്.
കന്യാകുമാരി സ്വദേശിയായ ലോറൻസ് എന്ന കോൺട്രാക്ടറുടെ ജീവനക്കാരനായിരുന്നു സേവ്യർ. കാർത്തികപ്പള്ളി മഹാദേവികാട് വലിയകുളങ്ങര ക്ഷേത്രത്തിൽ വടക്ക് ലോറൻസ് ഒരു വീടിെൻറ നിർമാണം നടത്തുന്നുണ്ട്. സേവ്യർ ഇവിടെ താമസിച്ചു ജോലി ചെയ്തുവരികയായിരുന്നു. സംഭവദിവസം വൈകുന്നേരം മറ്റൊരു തൊഴിലാളിയായ സജിത്തിനോടൊപ്പം രാത്രി പുറത്തുപോയി ഭക്ഷണം കഴിച്ച് മടങ്ങിവന്നതാണ്. പിന്നീട് സജിത്ത് നിർമാണത്തിലിരിക്കുന്ന വീടിെൻറ മുകളിലത്തെ നിലയിൽ ഉറങ്ങാൻ പോയി. താഴത്തെ ഷെഡിൽ ഉറങ്ങാൻ പോയ സേവ്യറെ രാവിലെ കാണാതാകുകയായിരുന്നു. തുടർന്ന് തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി.
സംഭവദിവസം രാത്രി എട്ടരയോടെ ഭാര്യയെ ഫോണിൽ വിളിച്ച് സംസാരിച്ചപ്പോഴും സംശയകരമായി ഒന്നും തോന്നിയിരുന്നില്ലെന്ന് കുടുംബം പറയുന്നു. എന്നാൽ പിറ്റേന്ന് രാവിലെ ഭാര്യ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
ലോറൻസിനെ ഫോൺ ചെയ്തപ്പോഴാണ് സേവ്യർ തലേന്ന് രാത്രി മുതൽ കാണാതായ വിവരം വീട്ടുകാർ അറിയുന്നത്.
34 ദിവസം കഴിഞ്ഞിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് സേവ്യറിെൻറ ഭാര്യ സുജ, മക്കളായ ശാലിനി, സജിൻ സേവ്യർ, മാതാവ് ലീല എന്നിവർ കഴിഞ്ഞ ദിവസം വീണ്ടും സ്റ്റേഷനിൽ എത്തിയത്. ഫോൺ ഓഫായതിനാൽ മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനായിട്ടില്ല. കായംകുളം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും തൃക്കുന്നപ്പുഴ പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.