ഉള്ള് പിടയുമ്പോഴും ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ തൊഴിലാളികൾ
text_fieldsആറാട്ടുപുഴ: വള്ളത്തിൽ കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർ മരണപ്പെട്ടതിെൻറ സങ്കടത്തിൽ ഉള്ള് പിടയുമ്പോഴും ഭാഗ്യം കൊണ്ട് ജീവൻ തിരിച്ചുകിട്ടിയതിെൻറ ആശ്വാസത്തിലാണ് ഓംകാരം വള്ളത്തിലെ തൊഴിലാളികൾ. ദുരന്തത്തിെൻറ ഞെട്ടലിൽനിന്ന് തൊഴിലാളികൾ മുക്തരായിട്ടില്ല. തറയിൽകടവ് കാട്ടിൽ സജീവൻ (50) കായംകുളം താലൂക്ക് ആശുപത്രി കിടക്കയിൽ കിടന്ന് രക്ഷപ്പെട്ട സംഭവം വിറയാർന്ന ശബ്ദത്തിലാണ് വിവരിച്ചത്.
'പുലർച്ച നാലിനാണ് പണിക്ക് പോയത്. വീഞ്ച് വള്ളത്തിൽ 13 പേരും കരിയർ വള്ളത്തിൽ മൂന്നുപേരുമാണ് ഉണ്ടായിരുന്നത്. തീരത്തോട് അടുത്താണ് വല വിരിച്ചത്. വല വള്ളത്തിലേക്ക് വലിച്ച് കയറ്റുന്തോറും വള്ളം കിഴക്കോട്ട് നീങ്ങിക്കൊണ്ടിരുന്നു. ചുഴിയിൽപെട്ടാണ് വള്ളം നീങ്ങിയത്. പെട്ടെന്നാണ് കൂറ്റൻ തിരമാല വള്ളത്തിന് മുകളിൽ പതിച്ചത്. തിരമാല വരുന്നതുകണ്ട് ചിലർ കടലിലേക്ക് ചാടിയിരുന്നു.
വള്ളം തലകീഴായി മറിഞ്ഞു. തൊഴിലാളികളെല്ലാം പല സ്ഥലത്തേക്ക് ചിതറിത്തെറിച്ചു. ഞാൻ വള്ളത്തിെൻറ അടിയിലാണ് പെട്ടത്. മുകളിലേക്ക് ഉയർന്നപ്പോൾ വള്ളത്തിൽ തട്ടി വീണ്ടും താഴേക്ക് പോയി. ധൈര്യം സംഭരിച്ച് വെള്ളത്തിെൻറ അടിയിലൂടെ കുറച്ചുദൂരം ഊളിയിട്ടശേഷം പൊങ്ങിയപ്പോൾ സഹപ്രവർത്തകർ ജീവനുവേണ്ടി നിലവിളിക്കുന്നതാണ് കണ്ടത്. പെട്ടെന്ന് അഴീക്കലിലെ 'യോഗീശ്വരൻ' വള്ളമെത്തി എന്നെയും മറ്റ് മൂന്നുപേരെയും അതിലേക്ക് കയറ്റി. തുടർന്ന് മഹാലക്ഷ്മി, ശ്രീകാശി, സൗഹൃദം, സൂര്യദേവൻ വള്ളങ്ങളെത്തി മറ്റുള്ളവെരയും രക്ഷപ്പെടുത്തി. തുടർന്ന് കരക്കെത്തിച്ച് വാഹനത്തിൽ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റെങ്കിലും ജീവൻ തിരിച്ച് കിട്ടിയത് ദൈവത്തിെൻറ കരുണയെന്ന് സജീവൻ പറയുന്നു. സജീവനെ കൂടാതെ ബിജു (40), അക്ഷയ് കുമാർ (58), രമണൻ (60), ബൈജു (40) എന്നിവരും കായംകുളം താലൂക്ക് ആശുപത്രിയിൽ ചികത്സയിലാണ്.
കടലിൽ മറഞ്ഞത് കുടുംബത്തിെൻറ അത്താണി; ആറാട്ടുപുഴയുടെ പ്രിയങ്കരൻ
ആറാട്ടുപുഴ: അഴീക്കലിൽ കടൽദുരന്തം തട്ടിയെടുത്തത് നിർധന കുടുംബത്തിെൻറ അത്താണിയായ യുവാവിനെ. അഴീക്കലിൽ വള്ളം മറിഞ്ഞുണ്ടായ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ തറയിൽക്കടവ് പറത്തറയിൽ സുനിൽദത്തിെൻറ (24) വിയോഗമാണ് കുടുംബത്തിെൻറ ചിറകൊടിച്ചത്.
സുനിൽ ദത്തിെൻറ വിയോഗത്തോടെ കുടുംബഭാരം മുഴുവൻ ഹൃദ്രോഗിയായ പിതാവ് സുനിൽകുമാറിെൻറ ചുമലിലായി. ഏക സഹോദരി സുനിയുടെ വിവാഹം കഴിഞ്ഞിട്ട് ഒരുവർഷമായി. സഹോദരിയുടെ വിവാഹത്തെതുടർന്നുണ്ടായ ബാധ്യതകളും കുടുംബഭാരവും ചെറുപ്പത്തിലേ ഏറ്റെടുക്കേണ്ടിവന്നതിനെത്തുടർന്നാണ് സുനിൽ ദത്ത് പ്ലസ് ടു കഴിഞ്ഞയുടൻ കടലിൽ അയൽവാസിയുടെ വള്ളത്തിൽ ജോലിക്കു പോയിത്തുടങ്ങിയത്. മകെൻറ അകാല വേർപാട് സഹിക്കാനാകാതെ വിങ്ങിപ്പൊട്ടുകയാണ് പിതാവ് സുനിൽകുമാറും മാതാവ് ഓമനയും. നാട്ടുകാർക്കെല്ലാം പ്രിയങ്കരനായ സുനിൽ ദത്തിെൻറ മരണം നാടിനെയും കണ്ണീരിലാഴ്ത്തി.
മരിച്ചവരുടെ കുടുംബങ്ങള്ക്ക്എല്ലാ സഹായവുമെന്ന് മന്ത്രിമാര്‍
ആലപ്പുഴ: അഴീക്കലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ എല്ലാവിധ സഹായവും ലഭ്യമാക്കുമെന്ന് മന്ത്രിമാരായ സജി ചെറിയാനും പി. പ്രസാദും. മരിച്ച മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയൊരുക്കും. മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ മറ്റ് നഷ്ടങ്ങളും പരിശോധിച്ച് ഉചിതമായ നടപടിയെടുക്കും.
മരിച്ചവരുടെ കുടുംബത്തിനും അപകടത്തില്‍ പരിക്കേറ്റവര്‍ക്കും മന്ത്രിമാർ അടിയന്തര ധനസഹായം കൈമാറി. മത്സ്യഫെഡ് മരിച്ചവരുടെ കുടുംബത്തിന് 10,000 രൂപയും പരിക്കേറ്റവര്‍ക്ക് 5000 രൂപയുമാണ് കൈമാറിയത്. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായ മരിച്ചയാളുടെ കുടുംബത്തിന് മത്സ്യബോര്‍ഡ് 10,000 രൂപയും മരിച്ച മറ്റ് മൂന്ന് പേരുടെ കുടുംബത്തിന് 5000 വീതവും കൈമാറി.
അഡ്വ.എ.എം. ആരിഫ് എം.പി., പി.പി. ചിത്തരഞ്ജന് എം.എല്‍.എ, ജില്ല കലക്ടര്‍ എ. അലക്സാണ്ടര്‍, ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എന്‍. സജീവന് എന്നിവര്‍ മന്ത്രിമാര്‍ക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.