കടൽ ഇരച്ചുകയറുന്നു; ആറാട്ടുപുഴയിൽ ദുരിതം
text_fieldsആറാട്ടുപുഴ: കാലവർഷം കനക്കുന്നതിനു മുമ്പ് തന്നെ കടൽക്ഷോഭം ശക്തമായി. കരയിലേക്ക് ഇരച്ചുകയറുന്ന തിരകൾ ആറാട്ടുപുഴയുടെ വിവിധ ഭാഗങ്ങളിൽ ദുരിതം വിതച്ചു. വലിയഴീക്കൽ - തൃക്കുന്നപ്പുഴ തീരദേശ റോഡ് കടൽക്ഷോഭ ഭീഷണിയിലാണ്. നിരവധി വീടുകളും കടകളും ഏതു നിമിഷവും കടൽ എടുക്കാവുന്ന അവസ്ഥയിലാണ്. കടൽഭിത്തി ദുർബല പ്രദേശങ്ങളിലാണ് കടൽക്ഷോഭം നാശം വിതക്കുന്നത്.
വലിയഴീക്കൽ, പെരുമ്പള്ളി, എം.ഇ.എസ് ജങ്ഷന്, കാർത്തിക ജങ്ഷൻ എന്നിവിടങ്ങളിലാണ് കടൽക്ഷോഭം കൂടുതൽ ദുരിതം വിതച്ചത്. ഇവിടെ 200 മീറ്ററോളം ഭാഗത്ത് റോഡിൽ മണ്ണ് കയറി. നിരവധി വാഹനങ്ങൾ മണ്ണിൽ പുതഞ്ഞു. ഗതാഗതം തടസ്സപ്പെട്ടിട്ടില്ല. റോഡിന് തൊട്ടടുത്തുവരെ കടൽ എത്തിക്കഴിഞ്ഞു. തീദേശ റോഡ് കവിഞ്ഞ് കടൽവെള്ളം ഗ്രാമീണ റോഡുകളിലൂടെയും വീടുകളുടെ മുന്നിലൂടെയും കിഴക്കോട്ടൊഴുകി.
തീരദേശ റോഡിന് കിഴക്ക് അകലെയുള്ള വീടുകളിൽവരെ കടൽ വെള്ളം ഒഴുകിയെത്തി. പെരുമ്പള്ളി ഭാഗത്ത് റോഡ് ഏതു സമയത്തും കടൽ എടുക്കാവുന്ന അവസ്ഥയിലാണ്. ബസ്സ്റ്റാൻഡ് ഭാഗത്തെ കച്ചവടസ്ഥാപനങ്ങൾ അപകട ഭീഷണിയിലാണ്.
ആറാട്ടുപുഴ ബസ് സ്റ്റാൻഡ് മുതൽ തെക്കോട്ട് എ.കെ.ജി നഗർ വരെയുള്ള ഭാഗത്ത് ഇക്കുറി കടൽക്ഷോഭം കാര്യമായി ബാധിച്ചിട്ടില്ല. സമീപകാലത്ത് ടെട്രാപോഡ് ഉപയോഗിച്ചുള്ള പുലിമുട്ടുകൾ സ്ഥാപിച്ചതും പുലിമുട്ടിന് സ്ഥാപിക്കേണ്ട ടെട്രാപോഡുകൾ തീരത്ത് റോഡിന് സമാന്തരമായി അടുക്കിവെച്ചതുമാണ് ദുരിതം കുറയാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.