ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിനുള്ളിൽ യുവതി പ്രസവിച്ചു; കുഞ്ഞിന് ആവശ്യമായ യാത്ര ഇനി സൗജന്യം
text_fieldsആറാട്ടുപുഴ: പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ യുവതി വഴിമധ്യേ ആംബുലൻസിൽ പ്രസവിച്ചു. തൃക്കുന്നപ്പുഴ പതിയാങ്കര വേലംപറമ്പിൽ ശ്രീജിത്തിന്‍റെ ഭാര്യ രേഷ്മയാണ് (24) പെൺകുഞ്ഞിന് ആംബുലൻസിൽ ജന്മം നൽകിയത്.
വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. പ്രസവവേദനയെ തുടർന്ന് ഓട്ടോറിക്ഷയിലാണ് വീട്ടിൽനിന്നും കായംകുളത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. വേദന കലശലായതിനെ തുടർന്ന് ആറാട്ടുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന സേഫ് കെയർ ആംബുലൻസിന്‍റെ സേവനം തേടി.
കൊച്ചീടെ ജെട്ടി പാലത്തിന് സമീപം എത്തിയപ്പോൾ ആംബുലൻസ് എത്തുകയും പിന്നീട് അതിലേക്ക് യുവതിയെ മാറ്റുകയുമായിരുന്നു. പുല്ലു കുളങ്ങര ജങ്ഷൻ എത്തിയപ്പോഴാണ് യുവതി പ്രസവിച്ചത്.
രേഷ്മയുടെ മാതാവ് ലതയും ബന്ധു ശ്രീജയുമായിരുന്നു ഈ സമയം ആംബുലൻസിൽ ഉണ്ടായിരുന്നത്. ആംബുലൻസ് ഉടമ സൈഫുദ്ദീൻ അവർക്ക് വേണ്ട അടിയന്തര സഹായങ്ങൾ ചെയ്ത് കൊടുത്തശേഷം പെട്ടെന്ന് തന്നെ കായംകുളത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. രേഷ്മയുടെ രണ്ടാമത്തെ പ്രസവമാണ്. ഭാവിയിൽ കുഞ്ഞിന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട ആംബുലൻസ് സേവനങ്ങൾ സൗജന്യമായി നൽകുമെന്ന് സൈഫുദ്ദീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.