തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും പുലിമുട്ട് നിർമാണത്തിന് വേഗം കൂടി
text_fieldsആറാട്ടുപുഴ: കടൽക്ഷോഭ പ്രതിരോധം ലക്ഷ്യമിട്ട് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകൾ നിർമിക്കുന്ന പുലിമുട്ടുകൾ മാർച്ചിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷ. വേഗത്തിലും മുടങ്ങിയും ഇഴഞ്ഞും മുന്നോട്ട് പോയ പുലിമുട്ട് നിർമാണം കഴിഞ്ഞ കുറെ ആഴ്ചകളായി ദ്രുതഗതിയിലാണ് മുന്നേറുന്നത്. തീരവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ഉടൻ വിരാമമാകും. പുലിമുട്ട് നിർമാണത്തിലെ പുരോഗതി തീരവാസികൾക്ക് വലിയ പ്രതീക്ഷയും ആശ്വാസവുമാണ് പകർന്ന് നൽകുന്നത്.
ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ മൂന്നുവർഷം മുമ്പാണ് കിഫ്ബി പദ്ധതിയിൽപെടുത്തി പുലിമുട്ട് നിർമാണം ആരംഭിച്ചത്. 2021 മാർച്ചിൽ ആരംഭിച്ച പണികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ വൈകുകയായിരുന്നു. കരിങ്കല്ല് ക്ഷാമമായിരുന്നു പ്രധാന കാരണം. തമിഴ്നാട്ടിൽനിന്നാണ് നിർമാണത്തിന് പ്രധാനമായും കരിങ്കല്ല് എത്തിയിരുന്നത്. പിന്നീടും വിവിധ കാരണങ്ങൾമൂലം പണികൾ പാതിവഴിയിൽ നിലച്ചു. ടെട്രാ പോഡുകളുടെ നിർമാണം തടസ്സം കൂടാതെ നടന്നെങ്കിലും കടലിലേക്ക് കരിങ്കൽച്ചിറ കെട്ടുന്ന പണികളാണ് പൂർണമായും നിലച്ചത്.
തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പതിയാങ്കരയില്‍ 17.33 കോടി ചെലവിട്ട് 1.5 കിലോമീറ്ററിൽ 13 പുലിമുട്ടും ആറാട്ടുപുഴ ബസ്സ്റ്റാൻഡ് ഭാഗം കേന്ദ്രീകരിച്ച് 22.29 കോടി ചെലവിട്ട് 1.4 കിലോമീറ്ററില്‍ 21 പുലിമുട്ടുകളും വട്ടച്ചാലില്‍ 25 കോടി ചെലവിട്ട് 1.8 കിലോമീറ്റര്‍ നീളത്തില്‍ 16 പുലിമുട്ടുകളുമാണ് നിര്‍മാണത്തിലുള്ളത്. കള്ളിക്കാട് എ.കെ.ജി നഗർ മുതൽ ആറാട്ടുപുഴ ബസ്സ്റ്റാൻഡ് വരെ 21 പുലിമുട്ടിന്റെ നിർമാണമായിരുന്നു വേഗത്തിൽ പുരോഗമിച്ചത്. എന്നാൽ, പകുതിയിലേറെ പൂർത്തിയായപ്പോൾ വിവിധ കാരണങ്ങളാൽ നിലച്ചു. ഇപ്പോൾ നിർമാണം അവസാന ഘട്ടത്തിലാണ്.
തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പതിയാങ്കരയിൽ പുലിമുട്ട് നിര്‍മാണം രണ്ടര വര്‍ഷംമുമ്പ് ആരംഭിച്ചെങ്കിലും തുടക്കഘട്ടത്തിൽതന്നെ നിലച്ചു. സമാന അവസ്ഥയായിരുന്നു വട്ടച്ചാൽ ഭാഗത്തും. ആവശ്യമായ ടെട്രാപോഡുകളുടെ നിർമാണം ഏറെക്കുറെ പൂർത്തീകരിച്ചിട്ടുണ്ട്. തൃക്കുന്നപ്പുഴ പതിയാങ്കര ഭാഗത്താണ് രൂപകൽപനയിലുണ്ടായ അപാകതമൂലം പുലിമുട്ട് നിർമാണം തുടക്കത്തിൽതന്നെ നിലച്ചത്. ഏതാനും കരിങ്കൽച്ചിറയുടെ നിർമാണം മാത്രമായിരുന്നു പൂർത്തിയായത്. പ്രശ്നങ്ങളെല്ലാം മാറി നിർമാണം പുനരാരംഭിച്ചതോടെ നാട്ടുകാർ സന്തോഷത്തിലാണ്. മംഗലത്തും പതിയാങ്കരയിലും ആറാട്ടുപുഴയിലും കള്ളിക്കാടും വട്ടച്ചാൽ ഭാഗത്തും പുലിമുട്ട് നിർമാണം ഒരേ തരത്തിൽ പുരോഗമിക്കുകയാണ്. മാർച്ച് 31നകം മുഴുവൻ പുലിമുട്ടുകളുടെ നിർമാണം പൂർത്തീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകുന്നു.
അടിക്കടിയുണ്ടാകുന്ന കടൽക്ഷോഭത്തിന്റെ ദുരിതം പേറുന്ന തീരവാസികള്‍ പ്രതീക്ഷയോടെയാണ് ടെട്രാപോഡ് ഉപയോഗപ്പെടുത്തിയുള്ള പുലിമുട്ട് നിർമാണത്തെ കാണുന്നത്. പുലിമുട്ട് നിര്‍മാണം നടന്ന പ്രദേശങ്ങളിൽ പിന്നീടുണ്ടായ കടൽക്ഷോഭം കാര്യമായി ബാധിച്ചിട്ടില്ല. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ നിവാസികൾ പുലിമുട്ട് തങ്ങളുടെ തീരം സംരക്ഷിക്കുമെന്ന പ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.