തൃക്കുന്നപ്പുഴ താൽക്കാലിക പാലം: രൂപരേഖയായി
text_fieldsആറാട്ടുപുഴ: നവീകരണത്തിനായി തൃക്കുന്നപ്പുഴ ചീപ്പുപാലം പൊളിക്കുമ്പോൾ ഇരുചക്ര വാഹനങ്ങൾക്കും കാൽനടക്കാർക്കും കടന്നുപോകാൻ നിർമിക്കുന്ന താൽക്കാലിക പാലത്തിന്റെ രൂപരേഖ തയാറായി. ഇറിഗേഷൻ വകുപ്പ് മെക്കാനിക്കൽ വിഭാഗമാണ് രൂപരേഖ തയാറാക്കിയത്. ഇത് ചീഫ് എൻജിനീയറുടെ അംഗീകാരത്തിന് സമർപ്പിച്ചിരിക്കുകയാണ്.
12 മീറ്റർ നീളത്തിലും രണ്ടു മീറ്റർ വീതിയിലുമാണ് ഇരുമ്പുപാലം നിർമിക്കുന്നത്. നേരത്തേ ഒമ്പത് മീറ്റർ നീളമാണ് പരിഗണിച്ചിരുന്നതെങ്കിലും സുരക്ഷ മുൻനിർത്തിയാണ് പാലത്തിന്റെ നീളം കൂട്ടിയത്. തൊട്ടടുത്ത ദിവസങ്ങളിൽതന്നെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനുശേഷം അഗ്നിരക്ഷാസേനയുടെ അനുമതിക്കു സമർപ്പിക്കും. അടുത്തയാഴ്ചയോടെ പണി ആരംഭിക്കാനാകുമെന്നാണ് ജലവിഭവ വകുപ്പ് അധികൃതർ പറയുന്നത്
നിലവിലെ പാലത്തിന്റെ വടക്കു ഭാഗത്താണ് താൽക്കാലിക പാലം നിർമിക്കുന്നത്. കഴിഞ്ഞ ഏഴിനാണ് തൃക്കുന്നപ്പുഴയിൽ താൽക്കാലിക പാലം നിർമിക്കാൻ തീരുമാനിച്ചത്. 10 ദിവസത്തിനകം പണി പൂർത്തിയാക്കാനാണ് എ.എം. ആരിഫ് എം.പി, രമേശ് ചെന്നിത്തല എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ധാരണയായത്.
പാലം പുതുക്കിപ്പണിയാൻ 38 കോടിയാണ് ചെലവ്. 2018ലാണ് നിർമാണം ആരംഭിച്ചത്. പാലം പൊളിക്കാനുള്ള നീക്കം ആരംഭിച്ചതോടെയാണ് ഗതാഗത പ്രശ്നമുണ്ടായത്. പിന്നീട് ഹകോടതി പാലം പൊളിക്കുന്നത് തടഞ്ഞ് ഉത്തരവിട്ടു. പ്രതിഷേധം ശക്തമായതോടെയാണ് താൽക്കാലിക പാലത്തിനുള്ള നടപടികൾ അധികാരികൾ കൈക്കൊണ്ടത്. 450 ദിവസമാണ് പണി പൂർത്തീകരിക്കാൻ എടുക്കുന്ന സമയം.
താൽക്കാലിക പാലം വരുന്നതോടെ ഇരുചക്ര വാഹനങ്ങൾക്കും കാൽനടക്കാർക്കും അത് ഉപകാരപ്രദമാകും. കാറടക്കം വാഹനങ്ങളും സ്കൂൾ വാഹനങ്ങളും ജങ്കാറിലൂടെ കടത്തിവിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.