കാത്തിരിപ്പിന് വിരാമം; വലിയഴീക്കൽ പാലം ഉദ്ഘാടനം മാർച്ച് 10ന്
text_fieldsആറാട്ടുപുഴ: ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കായംകുളം പൊഴിക്ക് കുറുകെ നിർമിച്ച വലിയഴീക്കൽ പാലം മാർച്ച് 10ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
യാത്രദുരിതത്തിന് ആശ്വാസമാകുന്നതോടൊപ്പം തീരദേശത്തിന്റെ വികസനത്തിനും വിനോദസഞ്ചാരത്തിന്റെ കുതിച്ചുചാട്ടത്തിനും പാലം വഴിയൊരുക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, രമേശ് ചെന്നിത്തല എം.എൽ.എ, സി.ആർ. മഹേഷ് എം.എൽ.എ തുടങ്ങിയവർ സംബന്ധിക്കും.
146.50 കോടി രൂപ മുതല്‍മുടക്കിലാണ് പാലം നിർമിച്ചത്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായ രമേശ് ചെന്നിത്തലയാണ് രണ്ട് ജില്ലയെ ബന്ധിപ്പിക്കുന്ന വലിയഴീക്കല്‍ പാലമെന്ന ആശയം മുന്നോട്ടുവെച്ചത്. ഡിസ്ട്രിക്ട് ഫ്ലാഗ്ഷിപ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പിന്റെ കേരള റോഡ് ഫണ്ട് ബോര്‍ഡ് മുഖാന്തരമാണ് പദ്ധതി പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിക്കായിരുന്നു നിർമാണ ചുമതല. 2015 ലാണ് പാലത്തിന് ഭരണാനുമതി ലഭിച്ചത്. 981 മീറ്റര്‍ നീളമുള്ള പാലത്തിന് 29 സ്പാനുണ്ട്. വലിയഴീക്കല്‍ ഭാഗത്തേക്കുള്ള അപ്രോച്ച് റോഡിന് 145 മീറ്ററും അഴീക്കല്‍ ഭാഗത്തെ അപ്രോച്ച് റോഡിന് 90 മീറ്ററുമാണ് നീളം. പാലവും അപ്രോച്ച് റോഡുമുള്‍പ്പെടെ ആകെ നീളം 1216 മീറ്ററാണ്.
ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും നീളം കൂടിയ ബോ സ്ട്രിങ് ആര്‍ച്ച് പാലം വലിയഴീക്കലില്‍ നാടിന് തുറന്നുനല്‍കുന്നതോടെ അനന്തമായ ടൂറിസം സാധ്യതയാണ് ഇവിടേക്ക് വരുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് പാലത്തിൽ പ്രത്യേക വെളിച്ച സംവിധാനം ഏർപ്പെടുത്താനും സർക്കാർ ലക്ഷ്യമിടുന്നു. ഇതിന് ടൂറിസം വകുപ്പ് മൂന്ന് കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി. കേരളത്തിലെതന്നെ ഏറ്റവും മികച്ച ടൂറിസം സര്‍ക്യൂട്ടാക്കി വലിയഴീക്കലിനെ മാറ്റാനുള്ള പദ്ധതി ആവിഷ്കരിച്ചുവരുകയാണെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.