പ്ലാറ്റിനം ജൂബിലി നിറവിലും പരാധീനതകൾ ഒഴിയാതെ വലിയഴീക്കൽ സ്കൂൾ
text_fieldsആറാട്ടുപുഴ: പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നിൽക്കുമ്പോഴും ശോചനീയാവസ്ഥ മാറാതെ തീരദേശത്തെ പ്രധാന വിദ്യാലയമായ വലിയഴീക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂൾ.
കെട്ടിടങ്ങളുടെ ശോച്യാവസ്ഥയും യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും അടക്കം ഗുരുതര പ്രതിസന്ധികൾ എങ്ങനെ അതിജീവിക്കുമെന്നറിയാതെ ആശങ്കയിലാണ് സ്കൂൾ അധികൃതർ. മത്സ്യ-കയർ തൊഴിലാളികളുടേയും സാധാരണക്കാരുടേയും കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിപക്ഷവും. പരാധീനതകൾ ഏറെയുണ്ടെങ്കിലും ഓരോ വർഷവും പഠന കാര്യത്തിൽ മെച്ചപ്പെട്ട നില കൈവരിക്കാൻ കഴിയുന്നുണ്ട്.
കഴിഞ്ഞ എസ്.എസ്.എൽ.സി.പരീക്ഷയിൽ 100 ശതമാനം വിജയം കരസ്ഥമാക്കിയിരുന്നു. 15 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
ക്ലാസ് മുറികളുടെ അപര്യാപ്തതക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ സുനാമി ഫണ്ട് ഉപയോഗിച്ച് 2012-13 കാലത്ത് നിർമിച്ച കെട്ടിടം അഴിമതിയുടെയും കെടുകാര്യസ്ഥതയുടേയും സാക്ഷ്യമായി പാതിവഴിയിൽ നിലച്ച് കിടക്കുന്നു.
അരക്കോടിയോളം രൂപ ചെലവഴിച്ചിട്ടും പ്രയോജനം ലഭിക്കാതെ പോയ കെട്ടിടം സ്കൂളിന് ശാപമായി മാറി.
ഇത് പൊളിച്ച് നീക്കി പുതിയ കെട്ടിടം നിർമിക്കാനുള്ള പദ്ധതി സർക്കാരിന് സമർപ്പിച്ച് കാത്തിരിക്കുകയാണ് അധികൃതർ. നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന സ്കൂളിൽ കളിസ്ഥലമില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പുതിയ കളിസ്ഥലം കണ്ടെത്താനുള്ള നടപടികൾ വൈകുകയാണ്. സർക്കാർ - സ്വകാര്യ ബസുകൾ കോവിഡ് കാലത്ത് നിർത്തിവെച്ച സർവീസുകൾ അധികവും ഇനിയും ഓടിത്തുടങ്ങിയിട്ടില്ല.
ഇതുമൂലം യാത്രദുരിതം ഏറെയാണ്. രമേശ് ചെന്നിത്തലയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ആറുവർഷം മുമ്പ് അനുവദിച്ച സ്കൂൾ ബസ് തുരുമ്പെടുത്ത് നശിച്ച് സ്കൂൾ വളപ്പിൽ കിടപ്പുണ്ട്. വലിയ ബസ് ആയതിനാൽ ചെറിയ റോഡുകൾ വഴി കൊണ്ടുപോകാനുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് ഉപയോഗശൂന്യമാകാൻ കാരണം.
വണ്ടി തിരിച്ചെടുക്കണമെന്ന ആവശ്യം ബന്ധപ്പെട്ട അധികാരികൾ പരിഗണിക്കാതെ വന്നതോടെ ബസ് കട്ടപ്പുറത്തായി. എന്നാൽ, പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ടും സ്കൂളിന്റെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് അധ്യാപകരും-രക്ഷകർത്താക്കളും വലിയ പരിശ്രമമാണ് നടത്തുന്നത്. മെച്ചപ്പെട്ട സൗകര്യമൊരുക്കിയാൽ വലിയ നേട്ടം കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷ സ്കൂൾ അധികൃതർക്കുണ്ട്.
സ്കൂളിന്റെ പുരോഗതിക്കായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇതൊക്കെ യാഥാർഥ്യമാകുന്ന പ്രതീക്ഷയിലാണ് രക്ഷകർത്താക്കളും അധ്യാപകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.