വിനോദസഞ്ചാരികളെ വരവേൽക്കാൻ വലിയഴീക്കൽ തീരം ഒരുങ്ങുന്നു
text_fieldsആറാട്ടുപുഴ: മാനം മുട്ടെ ഉയർന്നുനിൽക്കുന്ന ലൈറ്റ് ഹൗസും കടലിന് തൊട്ടരിെക കായംകുളം പൊഴിക്ക് കുറുകെ രണ്ട് ചില്ലകളെ കൂട്ടിമുട്ടിക്കുന്ന ആർച്ച് പാലവുമൊക്കെയായി വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറാനൊരുങ്ങുകയാണ് വലിയഴീക്കൽ തീരം.
കടലിലേക്കിറങ്ങി നിൽക്കുന്ന പുലിമുട്ടുകളും വിശാലമായ കടൽ തീരവും തുടങ്ങി, കണ്ണിനും മനസ്സിനും സുഖം പകരുന്ന കാഴ്ചകൾകൊണ്ട് പ്രകൃതി രമണീയമായ വലിയഴീക്കൽ തീരത്തിെൻറ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ലൈറ്റ് ഹൗസിെൻറയും പാലത്തിെൻറയും നിർമാണം അവസാന ഘട്ടത്തിലാണ്.
ജില്ലയുടെ തെക്കേ അറ്റത്തെ തീരദേശ പഞ്ചായത്തായ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിെൻറ തെക്കേ അറ്റത്തെ വലിയഴീക്കൽ പ്രദേശം കടലും കായലും സംഗമിക്കുന്ന കായംകുളം പൊഴിമുഖത്തിെൻറ മനോഹാരിതയാണ് സഞ്ചാരികളെ ആകർഷിക്കുന്ന മുഖ്യഘടകം. ഇവിടെ കായംകുളം മത്സ്യബന്ധന തുറമുഖത്തിനായി അരകിലോമീറ്ററോളം നീളത്തിൽ കടലിലേക്ക് നിർമിച്ചിട്ടുള്ള പുലിമുട്ട് ഈ പ്രദേശത്തെ സഞ്ചാരികൾക്ക് കൂടൂതൽ പ്രിയപ്പെട്ടതാക്കുന്നു. കടലിെൻറ ഉപരിതലത്തിൽ നിന്നുകൊണ്ട് കടലിെൻറ ഭംഗി ആസ്വദിക്കാൻ കഴിയുന്നതാണ് കാഴ്ചക്കാർക്ക് സന്തോഷം നൽകുന്നത്. നൂറുകണക്കിന് പേരാണ് വിവിധ സ്ഥലങ്ങളിൽനിന്ന് ഇവിടെ ദിനം പ്രതി ഇപ്പോൾതന്നെ എത്തുന്നത്. പുലിമുട്ടിനോട് ചേർന്ന പ്രദേശമായതിനാൽ വിശാലമായ തീരവും ശാന്തമായ കടലും സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. പൊഴിക്ക് കുറുകെ കൊല്ലം, ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് 140 കോടി മുടക്കി 976 മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലം ഈ പ്രദേശത്തിെൻറ മുഖഛായ തന്നെ മാറ്റുമെന്ന പ്രതീക്ഷയാണുള്ളത്.
ടൂറിസം സാധ്യതകൾകൂടി മുന്നിൽക്കണ്ട് മനോഹരമായ രൂപകൽപനയോടെ നിർമിക്കുന്ന പാലം ജൂണിൽ പൂർത്തിയാകും. 110 മീറ്റർ നീളത്തിൽ മൂന്ന് ആർച്ചുകളാണ് പാലത്തിനുള്ളത്. അവസാനത്തെ ആർച്ചിെൻറ നിർമാണം അവസാന ഘട്ടത്തിലാണ്.
അപ്രോച് റോഡിെൻറ സംരക്ഷണ ഭിത്തി നിർമിക്കുന്ന പണിയും അവസാനിക്കാറായി. അപ്രോച് റോഡ് ഉൾെപ്പടെ 1100 മീറ്ററാണ് പാലത്തിെൻറ നീളം. ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് കടലിെൻറയും കായലിെൻറയും സൗന്ദര്യവും അസ്തമയഭംഗിയും പ്രദേശത്തിെൻറ മനോഹാരിതയും പാലത്തിൽനിന്നുകൊണ്ട് ആസ്വദിക്കാൻ കഴിയുമെന്നതിനാൽ സഞ്ചാരികൾ ഒഴുകിയെത്തും. കടലും കായലും സംഗമിക്കുന്ന കായംകുളം പൊഴിമുഖത്തിെൻറ അക്കരെ കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമമാണ്.
ലൈറ്റ് ഹൗസ് വലിയഴീക്കൽ തീരത്തിെൻറ മുഖഛായ തന്നെ മാറ്റി. നിർമാണം പൂർണമായെന്ന് പറയാം. ലൈറ്റ് ഘടിപ്പിക്കുന്ന പണിമാത്രമാണ് ശേഷിക്കുന്നത്. 2012ൽ യു.പി.എ സർക്കാറിെൻറ കാലത്ത് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് ലൈറ്റ് ഹൗസസാണ് വലിയഴീക്കലിൽ ലൈറ്റ് ഹൗസ് നിർമിക്കാനുള്ള തീരുമാനമെടുത്തത്.
മത്സ്യത്തൊഴിലാളികൾക്കും നാവികർക്കും സുരക്ഷിത കടൽ യാത്ര ഉറപ്പുവരുത്തുകയായിരുന്നു ഉദ്ദേശ്യം. 9.18 കോടിയാണ് നിർമാണച്ചെലവ്. അഞ്ച് വശങ്ങളോടെ (പെൻറഗൺ) രാജ്യത്ത് നിർമിക്കുന്ന ആദ്യലൈറ്റ് ഹൗസാണിത്. 41.26 മീറ്ററാണ് ഉയരം. ഉയരത്തിെൻറ കാര്യത്തിൽ കേരളത്തിൽ രണ്ടാമത്തേത്. ആധുനിക രീതിയിലാണ് ലൈറ്റ് ഹൗസ് നിർമാണം.
38 മീറ്റർ ഉയരത്തിൽവരെ സഞ്ചരിക്കാൻ ലിഫ്റ്റ് സൗകര്യത്തോടെയാണ് ലൈറ്റ് ഹൗസ് ടവർ നിർമിച്ചിട്ടുള്ളത്.
ലൈറ്റ് ഹൗസ് മ്യൂസിയം, സാങ്കേതിക ക്രമീകരണം, വിനോദ സഞ്ചാരികൾക്കായുള്ള അടിസ്ഥാന സൗകര്യം എന്നിവയും ഇവിടെയുണ്ടാകും. ഇതിനു മുകളിൽനിന്നുള്ള കാഴ്ച വിനോദ സഞ്ചാരികൾക്ക് ഏറെ ആനന്ദം പകരുന്നതാകും.
ഇവിടെ തന്നെയുള്ള കായംകുളം ഹാർബറിെൻറ ഭാഗമായുള്ള ലേലഹാളും വള്ളത്തിലുള്ള സഞ്ചാരവുമെല്ലാം സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. സംസ്ഥാനത്തെ ടൂറിസം ഭൂപടത്തിൽ നിർണായക സ്ഥാനം വലിയഴീക്കൽ അടയാളപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.