അർജുന് ആശ്വാസം; കുടുങ്ങിയവരെ ഓർത്ത് ആശങ്കയും
text_fieldsചെങ്ങന്നൂർ: യുക്രെയ്നിൽനിന്ന് രക്ഷപ്പെട്ട് സുരക്ഷിതമായി നാട്ടിലെത്തിയെങ്കിലും അവിടെ കുടുങ്ങിയ സുഹൃത്തുക്കളടക്കം ആയിരക്കണക്കിന് വിദ്യാർഥികളുടെ ദുരിതങ്ങളോർത്ത് സമാധാനം തകർന്ന നിലയിലാണ് 19കാരനായ അർജുൻ ഹരി. മാന്നാർ കുരട്ടിക്കാട് ശ്രീപതിയിൽ എം.പി. ഹരികുമാർ-സുവർണകുമാരി ദമ്പതികളുടെ മകനായ അർജുൻ, വി.എൻ. കരാസിൻ ഖർകിവ് നാഷനൽ യൂനിവേഴ്സിറ്റിയിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ്. കുറഞ്ഞ ചെലവിൽ വിദേശപഠനം ലക്ഷ്യമാക്കിയാണ് ഏജൻസി മുഖേന എം.ബി.ബി.എസിന് ചേർന്നത്.
കൊല്ലം സ്വദേശികളായ അബു താഹിർ, ഫൈറൂസ് നിസാം, മാലിക്, ഹരിപ്പാട് സ്വദേശി ഫൈസൽ എന്നിവർക്കൊപ്പമാണ് യുക്രെയ്ൻ വിമാനത്തിന്റെ അവസാന യാത്രയിൽ ഒഴിവുണ്ടായ അഞ്ച് സീറ്റ് റിസർവ് ചെയ്തത്. ഡൽഹി ഇന്ദിരഗാന്ധി വിമാനത്താവളത്തിലിറങ്ങിയ നാലുപേരെയും തിരഞ്ഞുപിടിച്ച് ഒരുവശത്തേക്ക് മാറ്റി നിർത്തിയശേഷം 300 രൂപ അടച്ച് ആർ.ടി പി.സി.ആർ എടുക്കണമെന്നാവശ്യപ്പെട്ടു. യുദ്ധ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട് ജീവനുംകൊണ്ട് എത്തിയവരാണെന്ന് അറിയിച്ചിട്ടുപോലും വഴങ്ങിയില്ല. പരിശോധന നടത്താതെ പോകാൻ 3000 രൂപ ഫൈൻ വേണമെന്ന് പറഞ്ഞതോടെ 300 അടച്ചു.
പിന്നീട് നെടുമ്പാശ്ശേരി വഴി വീടുകളിലെത്തി കുടുംബാംഗങ്ങളോടൊപ്പം ഒത്തുകൂടാനായി. മറ്റൊരു ഇന്ത്യൻ വിമാനത്തിൽ രണ്ടു മലയാളി പെൺകുട്ടികളും നാട്ടിലെത്തിയിരുന്നു. ഒരുമാസം മുമ്പ് ഡു ഹാൻസി, ഡൊണാക് സ്ഥലങ്ങളിൽ റഷ്യ ബോംബ് വർഷിച്ചപ്പോൾ ഇന്ത്യൻ എംബസി യുദ്ധമുന്നറിയിപ്പ് നോട്ടീസ് നൽകി താൽക്കാലികമായി മാറി നിൽക്കാൻ ആവശ്യപ്പെട്ടു. കഴിഞ്ഞ 16ന് യുദ്ധമുണ്ടാകില്ലെന്നുള്ള ധാരണ പടർന്നു. നാട്ടിൽ പോകണ്ടവർക്കു പരീക്ഷ എഴുതാൻ മടങ്ങിയെത്തണമെന്നുള്ള സർവകലാശാലയുടെ അറിയിപ്പ് ഭാരിച്ച പണച്ചെലവുവരുന്ന യാത്രയിൽനിന്ന് എല്ലാവരെയും പിന്തിരിപ്പിച്ചു. അവിടുത്തെ സംഭവവികാസങ്ങൾ വിളിച്ചുപറഞ്ഞ് കരയുകയാണ് എല്ലാവരും.
ഇനിയും പഠനം തുടരാൻ സാധിക്കുമോയെന്ന് ഉറപ്പില്ലാത്ത സ്ഥിതിയാണ്. 23ന് ഖർകിവ് എയർപോർട്ടിൽനിന്ന് അവസാനവിമാനം ഇന്ത്യയിലേക്ക് പറന്നുയർന്നതിന് പിന്നാലെയാണ് ബോംബ് വർഷമുണ്ടായത്. യുദ്ധത്തിന് തൊട്ടുമുമ്പ് രക്ഷപ്പെടാനുള്ള ഭാഗ്യം തങ്ങൾക്കനുകൂലമായിരുന്നെന്നും അർജുൻ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.