‘ആരോഗ്യം ആനന്ദം’ അർബുദ പ്രതിരോധ കാമ്പയിന്
text_fieldsആലപ്പുഴ: ‘ആരോഗ്യം ആനന്ദം’ അർബുദ പ്രതിരോധ ജനകീയ കാമ്പയിന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ സ്തനാർബുദത്തിന് 36,436 പേരെ സ്ക്രീനിങ്ങിന് വിധേയമാക്കിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇവരിൽ 881 പേരെ തുടർപരിശോധനകൾക്കായി റഫർ ചെയ്തു. 26,667 പേരെ ഗർഭാശയ കാൻസർ സ്ക്രീനിങ്ങിന് വിധേയമാക്കി. 963 പേരെ തുടർപരിശോധനകൾക്ക് റഫർ ചെയ്തു. സ്വയം പരിശോധന പ്രോത്സാഹിപ്പിച്ച് സംശയമുള്ളവരെ ആരോഗ്യകേന്ദ്രങ്ങളിൽ സ്ക്രീനിങ്ങിന് വിധേയരാക്കി ആവശ്യമുള്ളവരെ സർജന്റെ സേവനം ലഭ്യമാകുന്ന ആശുപത്രികളിലേക്ക് അയക്കും.
30 വയസ്സ് കഴിഞ്ഞ സ്ത്രീകൾ ഡോക്ടറുടെ നിർദേശാനുസരണം പാപ്സ്മിയർ പരിശോധനക്ക് വിധേയരാകണം. രോഗലക്ഷണങ്ങൾ സംശയിക്കുന്നവർക്ക് ഗൈനക്കോളജിസ്റ്റുകളുടെ പരിശോധനക്ക് സൗകര്യമൊരുക്കും. 30 വയസ്സ് കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും സ്ക്രീനിങ് കാമ്പയിൻ ഉറപ്പാക്കും. മമോഗ്രാം, അൾട്രാ സൗണ്ട് സ്കാനിങ് പോലെയുള്ള പരിശോധനകൾ മിതമായ നിരക്കിൽ സ്വകാര്യ പരിശോധന കേന്ദ്രങ്ങളിൽ നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
ജില്ല കലക്ടറുടെ സി.എസ്.ആർ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് കുറഞ്ഞ നിരക്കിൽ പരിശോധനകൾ സാധ്യമാക്കുന്നത്. സ്തനാർബുദ പ്രാഥമിക പരിശോധനക്ക് ജനകീയ ആരോഗ്യകേന്ദ്രങ്ങൾ ഉൾപ്പെടെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. പരിശോധനയിൽ എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ അവരെ മാമോഗ്രാം പരിശോധനക്ക് വിധേയരാക്കി രോഗനിർണയം നടത്തും. ഗർഭാശയഗള കാൻസർ സംശയം തോന്നിയാൽ പ്രധാന ആശുപത്രികളിൽ കോൾപോസ്കോപ്പി പരിശോധനക്ക് വിധേയരാക്കും. രോഗം സ്ഥിരീകരിക്കുന്നവർക്ക് മെഡിക്കൽ കോളേജുകൾ, ജില്ല, ജനറൽ ആശുപത്രികൾ, റീജിയനൽ കാൻസർ സെന്റർ, മലബാർ കാൻസർ സെന്റർ തുടങ്ങി ചികിത്സാകേന്ദ്രങ്ങളിൽ മാനദണ്ഡങ്ങൾക്ക് വിധേയമായി ചികിത്സയൊരുക്കും. മാർച്ച് എട്ട് വരെയാണ് കാമ്പയിൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.