അരൂക്കുറ്റി: ഇല്ലാതായ ചരിത്രഭൂമി
text_fieldsഅരൂർ: രാജപ്രതാപത്തിന്റെ ശേഷിപ്പുകൾ ഇന്നും അരൂക്കുറ്റിക്ക് അഴക്. വേമ്പനാട്ടുകായലും കൈതപ്പുഴക്കായലും സംഗമിക്കുന്നയിടം. വൃക്ഷമുത്തച്ഛന്മാർ തണലേകുന്ന ചരിത്രഭൂമി. രാജഭരണ സ്മൃതികൾ ഉണർത്തുന്ന പഴയ കെട്ടിടങ്ങൾ എന്നിങ്ങനെ ഇന്നും അരൂക്കുറ്റിയുടെ പ്രതാപകാല സ്മൃതികൾ നാടുനീങ്ങുന്നില്ല. നൂറ്റാണ്ടുകൾക്ക് മുമ്പ് അരൂക്കുറ്റി കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു.
1750ൽ മാർത്തണ്ഡവർമ മഹാരാജാവിന്റെ ദളവയായിരുന്ന രാമയ്യൻ ദളവയാണ് കരപ്പുറത്തെ തിരുവിതാംകൂറിന്റെ ഭാഗമാക്കിയത്. അങ്ങനെ തന്ത്രപ്രധാനമായ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും അതിർത്തിയായി അതിരുകുറ്റി നാട്ടി. അതിരുകുറ്റിയുടെ പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലം അരൂക്കുറ്റിയായി ലോപിച്ചു.
തിരുവിതാംകൂറിൽനിന്നും പുറത്തേക്കും പുറത്തുനിന്നും അകത്തേക്കും വരുന്ന ചരക്കുകൾ പരിശോധിക്കാനും ചുങ്കം ഈടാക്കാനും അരൂക്കുറ്റിയിൽ ചൗക്ക സ്ഥാപിക്കപ്പെട്ടു. അരൂക്കുറ്റിയുടെ പ്രതാപം ചൗക്കയുടെ സ്ഥാപനത്തോടെ ആരംഭിച്ചു. സർക്കാർ ജോലിക്കാർ, കച്ചവട സ്ഥാപനങ്ങൾ എന്നിവ അരൂക്കുറ്റിയെ തിരക്കേറിയ വാണിജ്യനഗരമാക്കി.
രാജാവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും വരുമ്പോൾ താമസിക്കാൻ എട്ട് കെട്ടോടെയുള്ള കൊട്ടാരവും സ്ഥാപിച്ചിരുന്നു. എക്സൈസ് ഓഫിസ്, പൊലീസ് സ്റ്റേഷൻ, ഖജനാവ് തുടങ്ങിയവയും ജലയാനങ്ങൾ യാത്രക്കാർ ചരക്ക് കൈമാറ്റങ്ങൾ എല്ലാം അരൂക്കുറ്റിയെ പ്രതാപത്തിൽ എത്തിച്ചു. ഇതെല്ലാം മണ്ണടിഞ്ഞ് ചരിത്രാവശിഷ്ടം പേറുന്ന ശവപ്പറമ്പായി.
അധികാരികളുടെ കടുത്ത അവഗണനയിൽ പല വിശേഷ കെട്ടിടങ്ങളും പൊളിച്ചുവിൽക്കുകയും തകർന്നുവീഴുകയും ദ്രവിച്ച് തീരുകയും ചെയ്തിട്ടും തീർത്തും മാഞ്ഞുപോകുന്നില്ല ഈ ചരിത്രഭൂമിയിലെ ശേഷിപ്പുകൾ. പല കാലങ്ങളിൽ പല വേഷങ്ങളും കെട്ടിയാടിയിട്ടുണ്ട് അരൂക്കുറ്റി.
ജനായത്ത് ഭരണകാലത്ത് ബസ്സ്റ്റാൻഡായും ബോട്ട് ജെട്ടിയായും മാറിയിട്ടുണ്ട്. അരൂക്കുറ്റി അരൂർ പാലം വരുന്നതിനു മുമ്പ് ജങ്കാർ കടത്തിന്റെ തിരക്കുകളും അനുഭവിച്ചിട്ടുണ്ട്. ഇത് ജലയാത്രകളുടെ കാലമാണ് അരൂക്കുറ്റിക്ക് അഴകോടെ നിന്ന് നാട്ടാരെയും വിരുന്നുകാരെയും അനുഭവിപ്പിക്കാൻ കായൽരുചികളും കായൽക്കാഴ്ചകളും അനവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.