നെഹ്റു ട്രോഫി ആരവത്തിൽ അരൂർ ജലോത്സവം
text_fieldsഅരൂർ: നെഹ്റു ട്രോഫിയുടെ ആരവത്തോടൊപ്പം അരൂർ ജലോത്സവത്തിനും ഒരുക്കമായി. കൈതപ്പുഴ കായലിൽ ഈ മാസം 27നാണ് വള്ളംകളി മത്സരം. ഇക്കുറി ചുണ്ടൻ വള്ളങ്ങളും മത്സരിക്കുമെന്നതാണ് പ്രത്യേകത.കഴിഞ്ഞവർഷം ആഗസ്റ്റ് 21നാണ് ജലമേള സംഘടിപ്പിച്ചത്. അന്ന് ആയിരങ്ങൾ അരൂക്കുറ്റി പാലത്തിലും താഴെ തൂണുകളിലെ ഇരിപ്പിടങ്ങളിലും എത്തി മത്സരത്തിന് ആവേശം പകർന്നു.
ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തില്‍ ഫാ. ഫ്രാന്‍സിസ് താണിയത്ത് ക്യാപ്റ്റനായ പി.ബി.സി കൊച്ചിന് തുഴഞ്ഞ താണിയനാണ് കിരീടം ചൂടിയത്. ബി ഗ്രേഡിൽ ഋത്വിക് ക്യാപ്റ്റനായ ഗരുഡ ബോട്ട് ക്ലബ് തുഴഞ്ഞ മയില്‍പ്പീലി ഒന്നാമതെത്തി. 850 മീറ്റര്‍ വരുന്ന ട്രാക്കിലാണ് വള്ളംകളി നടത്തിയത്.
അരൂക്കുറ്റി യുവജന സമിതി അംഗവും പൊലീസുകാരനുമായിരുന്ന, വാഹനാപകടത്തിൽ മരിച്ച ശ്രീജേഷിന്റെ ഓർമക്കായി 2019ൽ കൈതപ്പുഴ കായലിൽ ചെറുവള്ളങ്ങളുടെ മത്സരം നടത്തിയതാണ് അരൂർ ജലോത്സവത്തിലേക്ക് വഴിതുറന്നത്. മത്സരത്തിൽ 10 ചെറുവള്ളങ്ങൾ മാറ്റുരച്ചു. 55,000 രൂപ ചെലവ് വന്നു. ആഘോഷങ്ങൾ അവസാനിച്ചപ്പോൾ 3000 രൂപയുടെ ബാധ്യത ബാക്കിയായി. ഈ ബാധ്യത പരിഹരിക്കാൻ ചേർന്ന യോഗത്തിലാണ് വലിയ വള്ളംകളിയെക്കുറിച്ചുള്ള ചർച്ച ഉയർന്നത്.
കാക്കനാട് പുത്തൻപറമ്പ് വീട്ടിൽ ഡോ. പി.ജെ. എബ്രഹാം എ ഗ്രേഡ് വള്ളങ്ങളുടെ ഒന്നാം സമ്മാനവും ഷെവലിയാർ ബി.എം. എഡ്വേർഡ് മെമ്മോറിയൽ ട്രോഫിയും കാഷ് പ്രൈസും സ്പോൺസർ ചെയ്തു. ഒരുലക്ഷവും ട്രോഫിയും നൽകാൻ ജോസും തയാറായി. മറ്റു സമ്മാനങ്ങളുടെ സ്പോൺസർമാരായി പനക്കത്തറ പ്രഭാകരനും ശ്രീജേഷിന്റെ കുടുംബാംഗങ്ങളും കെ.പി. രവീന്ദ്രന്റെ കുടുംബാംഗങ്ങളും രംഗത്തുവന്നതോടെ ജലോത്സവ നടത്തിപ്പ് ഉഷാറായി. നാട്ടുകാരോടൊപ്പം അരൂരിലെ വ്യവസായ പ്രമുഖരായ എം.എസ്. അനസ് ഹാജിയും ചെറുകാട്ട് ഇൻഡസ്ട്രിയും ഉദ്യമത്തെ പിന്തുണച്ചു. ഇതോടെയാണ് ജലോത്സവും യാഥാർഥ്യമായത്.
കഴിഞ്ഞവർഷത്തെക്കാൾ മികച്ച രീതിയിൽ ജലോത്സവം നടത്താനുള്ള പുറപ്പാടിലാണ് ഇക്കുറി അരൂക്കുറ്റി യുവജന സമിതി. കാണാനുള്ള സൗകര്യം, ഗതാഗത സംവിധാനം ഉൾപ്പെടെ കണക്കിലെടുത്താണ് ആഗസ്റ്റ് 27ന് വള്ളംകളി നിശ്ചയിച്ചതെന്ന് സമിതി ജനറൽ കൺവീനർ രതീഷ് ചന്ദ്രൻ പറഞ്ഞു. കഴിഞ്ഞവർഷം ബാക്കിവന്ന 25,000 രൂപ വൃക്കകൾ തകരാറിലായി ചികിത്സയിൽ കഴിയുന്ന അരൂർ കപ്പലുങ്കൽ നിമേഷിന്റെ കുടുംബത്തിന് സഹായമായി നൽകി.
പുന്നമടയിൽ ട്രാക് എൻട്രിയുമായി വീയപുരം ചുണ്ടൻ
ആലപ്പുഴ: പുന്നമടയിൽ ട്രാക്ക് എൻട്രിയുമായി വീയപുരം ചുണ്ടൻ. നെഹ്റു ട്രോഫി ജലമേളയിൽ ഹാട്രിക് വിജയത്തിൽ മുത്തമിട്ട പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കരുത്തിലാണ് ഇക്കുറി മത്സരത്തിന് എത്തുന്നത്.ഓളങ്ങളെ കീറിമുറിച്ച് പായുന്ന ചുണ്ടന്റെ വരവ് കാണാൻ നൂറുകണക്കിനാളുകളാണ് പുന്നമട ഫിനിഷിങ് പോയൻറിൽ എത്തിയത്.
പി.പി. ചിത്തരഞ്ജൻ എം.എൽ.എ ട്രാക് എൻട്രി ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ കൗൺസിലർ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എം.ആർ. പ്രേമും ഒപ്പമുണ്ടായിരുന്നു.ജലോത്സവ ഫൈനൽ ദിനത്തെ അനുസ്മരിപ്പിക്കുന്നവിധമാണ് വള്ളംകളി പ്രേമികൾ എത്തിയത്.
നിറച്ചാര്‍ത്ത് മത്സരങ്ങള്‍ അഞ്ചിന്
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി ആഗസ്റ്റ് അഞ്ചിന് രാവിലെ 9.30ന് ആലപ്പുഴ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ‘നിറച്ചാര്‍ത്ത്’ മത്സരങ്ങള്‍ സംഘടിപ്പിക്കും. എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കളറിങ്, യു.പി വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന (പെയിന്റിങ്) മത്സരം. ക്രയോണ്‍, പേസ്റ്റല്‍സ്, ജലച്ചായം, പോസ്റ്റര്‍ കളര്‍ ഉപയോഗിക്കാം. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കും. കളറിങ് മത്സരത്തില്‍ നിറം നല്‍കാനുള്ള രേഖാചിത്രം സംഘാടകര്‍ നല്‍കും. മറ്റ് സാമഗ്രികള്‍ മത്സരാര്‍ഥികള്‍ കൊണ്ടുവരണം. ഒന്നര മണിക്കൂറാണ് മത്സരസമയം. ചിത്രരചനക്ക് (പെയിന്റിങ്) വരക്കാനുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കും. മറ്റ് സാമഗ്രികള്‍ മത്സരാര്‍ഥികള്‍ കൊണ്ടുവരണം. രണ്ടു മണിക്കൂറാണ് മത്സരസമയം. ഫോണ്‍: 0477 2251349.
വള്ളംകളി കമന്ററി മത്സരം ഇന്ന്
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി കമന്ററി മത്സരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ജില്ല പഞ്ചായത്ത് മിനി ഹാളിൽ നടക്കും. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലാണ് മത്സരം. അഞ്ച് മിനിറ്റാണ് സമയപരിധി.കുട്ടനാട്, ആലപ്പുഴ, കളിവള്ളങ്ങള്‍ എന്നിവ പരാമര്‍ശിച്ച് കഴിഞ്ഞവർഷം (2022) നെഹ്റു ട്രോഫി ജലമേളയുടെ ഫൈനലിനെ ആസ്പദമാക്കി കമന്ററി അവതരിപ്പിക്കണം. വാചകഘടന, പദശുദ്ധി, ഉച്ചാരണ മികവ്, ശബ്ദമികവ് എന്നിവ വിജയിയെ നിശ്ചയിക്കാൻ മാനദണ്ഡമാകും. താൽപര്യമുള്ളവര് ഉച്ചക്ക് 1.30ന് രജിസ്ട്രേഷന് ജില്ല പഞ്ചായത്ത് ഹാളില്‍ എത്തണം. ഫോൺ: 0477 2251349.
നെഹ്റു ട്രോഫി ക്ഷണക്കത്തും ചുണ്ടൻവള്ള മാതൃകയും കുളവാഴയിൽ തീർത്ത് വിദ്യാർഥികൾ
ആലപ്പുഴ: 69ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ക്ഷണക്കത്തും വിശിഷ്ടാതിഥികൾക്കുള്ള ചുണ്ടൻവള്ള മാതൃകയും കുട്ടനാട്ടിൽ സുലഭമായ കുളവാഴയിൽ തീർത്ത് വിദ്യാർഥികൾ. ആലപ്പുഴ എസ്.ഡി കോളജ് വിദ്യാർഥികളുടെ സ്റ്റാർട്ടപ്പായ ഐകോടെക് ആണ് ഈ മാതൃക തീർത്തത്. മത്സരദിവസം എത്തുന്ന വിശിഷ്ട അതിഥികൾക്ക് കുളവാഴയുടെ ഉണങ്ങിയ തണ്ടിൽനിന്നും നിർമിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ മാതൃക സമ്മാനിക്കും.
കുളവാഴയിൽ നൂതന പരീക്ഷണങ്ങൾ നടത്തി മികച്ച ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന ഒരു കൂട്ടം വിദ്യാർഥികളുടെ സ്റ്റാർട്ടപ്പാണിത്. കുളവാഴയിൽനിന്ന് നിർമിച്ച ക്ഷണക്കത്ത് കൂടാതെ കുളവാഴയിൽനിന്നുള്ള പേന, റൈറ്റിങ് പാഡ് എന്നിവയും നൽകാൻ തയാറാക്കുന്നുണ്ട്. കോളജ് സുവോളജി വിഭാഗം മേധാവി ഡോ. ജി. നാഗേന്ദ്രപ്രഭു, അധ്യാപിക ഡോ. പി. ബിന്ദു എന്നിവരുടെ നേതൃത്വത്തിലുള്ള വിദ്യാർഥികളാണ് ഇതിന് പിന്നിൽ. ഗവേഷക വിദ്യാർഥി അനൂപ് കുമാറാണ് ഐകോടെക്കിന്റെ സി.ഇ.ഒ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.