അരൂർ-തുറവൂർ ദേശീയപാതയിൽ 18ാമത്തെ അപകട മരണം
text_fieldsഅരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം ആരംഭിച്ചശേഷം ഇതുവരെ അപകടത്തിൽപെട്ട് മരിച്ചവരുടെ എണ്ണം 18ആയി. ദേശീയപാത അതോറിറ്റി കാട്ടുന്ന അലംഭാവമാണ് മരണം പെരുകാൻ ഇടയാക്കുന്നത്. അരൂർ പൊലീസ് സ്റ്റേഷനു മുന്നിലെ ബാരിക്കേഡിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 44കാരനായ ഇസ്മയിൽ മരണമടഞ്ഞതാണ് 18ാമത്തേത്.
ബാരിക്കേഡ് തകർത്തുകൊണ്ടാണ് തണ്ണിമത്തനും വഹിച്ചുകൊണ്ട് കോയമ്പത്തൂരിൽനിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ലോറി അപകടത്തിൽപെട്ടത്. ഡ്രൈവർ പട്ടാമ്പി, ചെറുത്തുടി ഇസ്മയിലാണ് മരിച്ചത്. സഹായി ഉമറിനെ പരിക്കുകളോടെ ചേർത്തല ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകുമെന്നതിനാൽ അപകടങ്ങളും മരണങ്ങളും നിരന്തരം ഉണ്ടാകുമ്പോഴും ദേശീയ പാത അതോറിറ്റിയും കരാറുകാരും ഒന്നും അറിയാത്തമട്ടിൽ മുന്നോട്ടുപോകുകയാണ്. കലക്ടറുടെ നിർദേശംപോലും അവർ ചെവിക്കൊള്ളുന്നില്ല.
ഇതിനുമുമ്പുള്ള ദിവസങ്ങളിൽ നടന്ന 17 മരണവും അശാസ്ത്രീയമായ ഉയരപ്പാത നിർമാണത്തിന്റെ ഫലമായിട്ടായിരുന്നുവെന്ന് അധികൃതർക്ക് തന്നെ ബോധ്യമുണ്ട്. കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് കരാർ കമ്പനി അധികൃതരുമായി ഗതാഗത പരിഷ്കരണത്തെക്കുറിച്ചും വാഹന നിയന്ത്രണത്തെക്കുറിച്ചും ഗതാഗത നിയന്ത്രണത്തിന് സംവിധാനം ഒരുക്കുന്നതിനെക്കുറിച്ചും കൂടിയാലോചിച്ചതാണ്. തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചവരുത്തുമ്പോൾ ചോദ്യം ചെയ്യാൻ അധികൃതർ തയാറാകാത്തതാണ് അപകടങ്ങൾ ആവർത്തിക്കാൻ ഇടയാക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇരുട്ടിലായ അരൂർ-തുറവൂർ ദേശീയപാതയിൽ സമീപത്തുള്ള കടകളിൽനിന്നും വീടുകളിൽനിന്നും വെളിച്ചം വീഴ്ത്താൻ പഞ്ചായത്തുകൾ നിർദേശിക്കണമെന്ന ആവശ്യമുയരുന്നു. പകൽ ഏർപ്പെടുത്തിയിട്ടുള്ള കരാർ തൊഴിലാളികളെ രാത്രിയിലും നിയോഗിക്കണമെന്ന് കർശന നിർദേശവും ഉയരുന്നു.
പൊലീസിന്റെ മേൽനോട്ടം നിർമാണ കാര്യങ്ങളിലും കരാറുകാരുടെ പ്രവൃത്തികളിലും ഉണ്ടായിരുന്നെങ്കിൽ ഇത്രയും അലംഭാവം മനുഷ്യക്കുരുതിക്ക് ഇടയാക്കുകയില്ലായിരുന്നെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.