എലിപ്പനിക്ക് പിന്നാലെ അരൂർ മേഖലയെ വിറപ്പിച്ച് വൈറൽ പനിയും
text_fieldsതുറവൂർ : എലിപ്പനിക്കു പിന്നാലെ അരൂര്‍ മേഖലയെ വിറപ്പിച്ച് പകർച്ചപ്പനിയും വ്യാപിക്കുന്നു. കഴിഞ്ഞദിവസം അരൂര്‍ പഞ്ചായത്ത് മൂന്നാംവാര്‍ഡ് ഹൃദ്യാലയം വീട്ടില്‍ ഷാജിമോള്‍ (48) എലിപ്പനി ബാധിച്ച് മരിച്ചിരുന്നു.
തൊഴിലുറപ്പ് ജോലിക്കാരിയാണിവര്. കാലിന് പൊട്ടലുണ്ടായിരുന്നു. അതുവഴിയാകാം എലിപ്പനി രോഗാണുക്കള്‍ പ്രവേശിച്ചതെന്നാണ് കരുതുന്നത്. മറ്റൊരാളും അരൂര്‍ മേഖലയില്‍ അടുത്തിടെ എലിപ്പനി ബാധിച്ചുമരിച്ചിരുന്നെങ്കിലും ആരോഗ്യവകുപ്പ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ദിനേന ഒട്ടേറെപ്പേരാണ് പനിബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്നത്.
ഇവരില്‍ എലിപ്പനി രോഗലക്ഷണമുള്ളവരുമേറെ. ഷാജിമോള്‍ക്ക് ഡെങ്കിപ്പനിയാണെന്നാണ് തുറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ പരിശോധനയില്‍ ആദ്യം സ്ഥിരീകരിച്ചത്. ഡെങ്കിപ്പനിക്കുള്ള ചികിത്സയാണ് അവിടെ നിന്നും നല്കിയതും. ആരോഗ്യസ്ഥിതി വഷളായതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടത്തെ പരിശോധനയില്‍ എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഡയാലിസിസ് ചെയ്തെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തുറവൂര്‍ ആശുപത്രി അധികൃതര്‍ക്ക് ചികിത്സാപ്പിഴവുണ്ടായെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എലിപ്പനി, ഡെങ്കിപ്പനി, എച്ച് 1 എന്‍1 തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം ലക്ഷണങ്ങള്‍ ഏറെക്കുറെ ഒരുപോലെയാണ്. അതുകൊണ്ടുതന്നെ രോഗനിര്‍ണയവും സങ്കീർണമാണ്. വ്യക്തമായ ലാബ് പരിശോധനയിലൂടെ രോഗമേതെന്ന് തിരിച്ചറിഞ്ഞ് ചികിത്സിച്ചിരുന്നെങ്കില്‍ മരണം ഒഴിവാക്കാനായേനേ.
അഴുക്കുവെള്ളത്തിലും മറ്റും ജോലിക്കിറങ്ങുന്നവര്‍ എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിന്‍ കഴിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കാറുണ്ട്. പക്ഷേ, പലരും അതൊന്നും കാര്യമായെടുക്കാറില്ല. അടുത്തിടെയുണ്ടായ എലിപ്പനി മരണങ്ങളെല്ലാം പ്രതിരോധമരുന്ന് കഴിക്കാതെ അഴുക്കുവെള്ളത്തിലും മറ്റും ഇറങ്ങിയതുമൂലമാണുണ്ടായിട്ടുള്ളത്. കാലിലോ കൈയ്യിലോ മുറിവുണ്ടെങ്കില്‍ ഒരുകാരണവശാലും അഴുക്കുവെള്ളത്തിലിറങ്ങരുത്. തൊഴിലുറപ്പുതൊഴിലാളികള്‍ക്ക് ഡോക്സി സൈക്ലിന്‍ ഗുളിക നല്‍കാറുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും അവ കിട്ടുന്നത് അപൂര്‍വമായി മാത്രമാണ്.
നായ, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രത്തിലൂടെ രോഗാണുക്കള്‍ മണ്ണിലും വെള്ളത്തിലും കലരാനിടയുണ്ട്. ഇത് എലിപ്പനി പാടരാൻ ഇടയാക്കും. കര്‍ഷകര്‍, തൊഴിലുറപ്പ് ജോലിക്കാര്‍ തുടങ്ങി മണ്ണും വെള്ളവുമായി ഇടപെടുന്നവര്‍ക്കും മലിനമായ വെള്ളത്തിലോ മണ്ണിലോ ഇറങ്ങുന്നവര്‍ക്കും എലിപ്പനി ബാധിക്കാൻ സാധ്യത കൂടുതലാണ്. കന്നുകാലി പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, കൃഷിപ്പണിക്കാര്‍, ശുചീകരണ തൊഴിലാളികള്‍, തൊഴിലുറപ്പ് ജോലിക്കാര്‍, മലിനമായ മണ്ണുമായും വെള്ളവുമായും സമ്പര്‍ക്കത്തില്‍ വരുന്ന തൊഴിലാളികള്‍ തുടങ്ങിയവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ആഴ്ചയില്‍ ഒരിക്കല്‍ ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കണം. ജോലി ചെയ്യുമ്പോള്‍ കട്ടി കൂടിയ റബ്ബര്‍ കാലുറകളും കയ്യുറകളും ധരിക്കണം.
മലിനജലം കണ്ണിലും മുറിവുകളിലും വീഴാതെ സൂക്ഷിക്കണം. മലിനജലം കൊണ്ട് മുഖമോ വായോ കഴുകരുത്. സ്വയംചികിത്സ പാടില്ല, കഠിനമായ പേശി വേദന, ക്ഷീണം, തലവേദന, പനി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികിത്സിക്കാതെ സമീപത്തെ ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടണം. യഥാസമയം ചികിത്സ തേടുന്നത് രോഗനിര്‍ണയത്തിന് സഹായിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.