പതിവുപോലെ അന്ധകാരനഴി പൊഴി അടഞ്ഞു; തുറക്കാൻ നടപടിയില്ല
text_fieldsഅരൂർ: ലക്ഷങ്ങൾ മുടക്കി മുറിച്ച അന്ധകാരനഴി പൊഴിമുഖം കനത്ത മഴയെ തുടര്‍ന്ന് ഭാഗികമായി അടഞ്ഞു. മഴ കുറഞ്ഞതോടെ കടലിലേക്കുള്ള നീരൊഴുക്ക് ഇല്ലാതാകുകയും തിരയിൽ മണ്ണടിയുകയും ചെയ്തതോടയാണിത്.
ഇത് മത്സ്യത്തൊഴിലാളികളെയും അനുബന്ധ തൊഴിലാളികളെയും വീണ്ടും ദുരിതത്തിലാഴ്ത്തി. എല്ലാ വര്‍ഷവും മഴ കനക്കുമ്പോൾ നടത്തുന്ന പൊഴിമുറിക്കൽ പ്രക്രിയ ഒഴിവാക്കാൻ പുലിമുട്ടും കടൽഭിത്തിയും നിർമിക്കണമെന്ന തൊഴിലാളികളുടെ ആവശ്യം കാലങ്ങളായി ആരും ചെവിക്കൊള്ളുന്നുമില്ല. പൊഴി തുറന്നുകിടന്നാൽ മത്സ്യബന്ധന വള്ളങ്ങൾ പൊഴിച്ചാലിൽ ഇടാൻ കഴിയും മാത്രമല്ല ഇവിടെനിന്ന് മത്സ്യ ബന്ധനത്തിന് പോകാനും കഴിയും.
എന്നാൽ, പൊഴി അടഞ്ഞാൽ ഇതേ വള്ളങ്ങൾ ഫോര്‍ട്ട്കൊച്ചി ഹാർബറിനെയാണ് ആശ്രയിക്കുക. പൊഴി മുറിക്കുമ്പോഴത്തെ മണൽ നേരത്തേ വെള്ളക്കെട്ട് ഇല്ലാതാക്കുന്നതിനടക്കം തീരദേശവാസികള്‍ക്ക് നൽകിയിരുന്നു. എന്നാൽ, ഇന്ന് ഇതനുവദിക്കുന്നില്ല. യന്ത്രം ഉപയോഗിച്ച് ഇരുഭാഗത്തേക്കും കോരിവെക്കുന്ന മൺകൂന അധികം താമസിയാതെ വീണ്ടും ഇടിഞ്ഞ് പൊഴി അടയുന്ന സ്ഥിതിയിലേക്ക് എത്തുകയാണ്. വർഷാവർഷം പൊഴിമുറിക്കാൻ വലിയ തുകയാണ് ചെലവിടുന്നത്. എന്നാൽ, അതിന് കാര്യമായ പ്രയോജനവും ലഭിക്കുന്നില്ല. ആവർത്തിച്ചുള്ള ചെലവിനു വേണ്ടിയാണ് പുലിമുട്ട് നിർമിക്കാത്തതെന്നും വിമർശനമുണ്ട്. അന്ധകാരനഴിയിൽ പുലിമുട്ട് നിർമിച്ചാൽ പൊഴി വർഷം മുഴുവൻ തുറന്നിടാനാകും. ഇത് അര്‍ത്തുങ്കൽ മുതൽ പള്ളിത്തോട് വരെയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണകരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.