അന്ധകാരനഴിയിൽ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം
text_fieldsഅരൂർ : അന്ധകാരനഴി ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ ശല്യം ഏറിയതോടെ വള്ളങ്ങളിൽ നിന്നും മൽസ്യബന്ധന ഉപകരണങ്ങൾ മോഷണം പോകുന്നതായി പരാതി. രാത്രിയുടെ മറവിൽ മോഷണത്തിനോപ്പം വള്ളങ്ങൾ അടുപ്പിക്കുന്ന ബോട്ട്ജെട്ടിയുടെ ഷീറ്റുകളും നടപ്പാതകളും മോഷ്ടാക്കൾ കഴിഞ്ഞ ദിവസം തകർത്തു. ഇതു മൂലം മൽസ്യബന്ധനത്തിനായി പോകുന്ന വള്ളത്തിലേക്ക് കയറാൻ പറ്റത്ത സ്ഥിതിയാണ് ഉള്ളതെന്നു മൽസ്യത്തൊഴിലാളികൾ പറഞ്ഞു.
മൽസ്യബന്ധനത്തിനു ശേഷം തൊഴിലാളികൾ വള്ളങ്ങൾ അന്ധകാരനഴിയിലാണ് കയറ്റിയിടുന്നത്. വലയും മറ്റു തൊഴിലുപകരണങ്ങളും വൃത്തിയാക്കിയ ശേഷം തൊഴിലാളികൾ പലപ്പോഴും വള്ളത്തിൽ തന്നെയാണ് സൂക്ഷിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ചെറിയ ചെറിയ മോഷണങ്ങൾ നടന്നതായി തൊഴിലാളികൾ പറഞ്ഞു. എന്നാൽ പൊലീസിന്റെ ശ്രദ്ധകുറഞ്ഞതോടെയാണ് സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുന്നതെന്നു നാട്ടുകാർ പറഞ്ഞു.
ഈ പ്രദേശങ്ങളിൽ സി സി റ്റി വി ക്യാമറ പോലും ഇല്ല. സൂനാമി ഫണ്ടിൽ ഉൾപ്പെടുത്തി വർഷങ്ങൾക്കു മുൻപ് നിർമിച്ച തകർന്നു കിടക്കുന്ന കെട്ടിടത്തിലാണ് രാതിക്കാലങ്ങളിൽ സാമൂഹ്യ വിരുദ്ധർ സ്ഥിരം താവളമാക്കിയിരിക്കുന്നത്. ബീച്ചിൽ ആക്രമണവും മോഷണവും നടത്തിയവരെ കണ്ടെത്തി നിയമപരമായി ശിക്ഷിക്കണമെന്നും രാത്രികാലങ്ങളിൽ പൊലീസിന്റെ സേവനം ബീച്ചിൽ ഊർജിതമാക്കണമെന്നും കേരള സ്വതന്ത്ര മൽസ്യത്തൊഴിലാളി ഫെഡറേഷൻ ആലപ്പുഴ ജില്ല സെക്രട്ടറി ആന്റണി കുരിശിങ്കൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.