അരൂർ ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫ് സ്ഥാനാർഥി അനന്തു രമേശന് ഉജ്വല വിജയം
text_fieldsഅരൂർ: ജില്ല പഞ്ചായത്ത് അരൂർ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.എമ്മിലെ അനന്തു രമേശന് ഉജ്വല വിജയം. ഡിവിഷന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് അനന്തു ജയിച്ചു കയറിയത്. 10,063 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫിലെ കെ. ഉമേശനെ പരാജയപ്പെടുത്തിയത്.
ആകെ പോൾ ചെയ്ത 40,837 വോട്ടിൽ അനന്തുവിന് 23751 വോട്ട് ലഭിച്ചപ്പോൾ, കെ ഉമേശന് കിട്ടിയത് 13,688 വോട്ട് മാത്രം. എൻ.ഡി.എ സ്ഥാനാർഥി കെ.എം. മണിലാലിന് 2762 വോട്ട് ലഭിച്ചു. സ്വതന്ത്രനായി മത്സരിച്ച കൃഷ്ണകുമാർ 277 വോട്ട് നേടി. ആദ്യം മുതലേ വ്യക്തമായ മേൽക്കൈ നേടിയായിരുന്നു അനന്തുവിൻ്റെ മുന്നേറ്റം. തപാൽ വോട്ടുകളായിരുന്നു ആദ്യം എണ്ണിയത്. 73 വോട്ടുകളിൽ ഒരെണ്ണം അസാധുവായി. എൽ.ഡി.എഫ് -49, യു.ഡി.എഫ് -14, എൻ.ഡി.എ -9 എന്നിങ്ങനെയായിരുന്നു വോട്ടിങ് നില.
35 വോട്ട് ലീഡോടെ തുടക്കം. ഒന്നാം റൗണ്ടിൽ 1254 വോട്ടു നേടി ഭൂരിപക്ഷം 1289 ആയി ഉയർത്തി. രണ്ടാം റൗണ്ടിൽ ഭൂരിപക്ഷം 2186 ആയി ഉയർന്നു. മൂന്നാം റൗണ്ട് കഴിഞ്ഞപ്പോൾ 2998, നാലാം റൗണ്ട് 4228, അഞ്ചാം റൗണ്ട് 5404, ആറാം റൗണ്ട് 6301, ഏഴ് 7162, എട്ട് 8159, ഒമ്പത് 9058, പത്ത് 9828, പതിനൊന്ന് 10,063 എന്നിങ്ങനെ ഭൂരിപക്ഷം ഉയർന്നു. കഴിഞ്ഞ ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി ദലീമ ജോജോ 3,495 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ ടി.എച്ച്. സലാമിനെ പരാജയപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.