അരൂർ പൊലീസ് സ്റ്റേഷൻ പരിമിതികളുടെ നടുവിൽ
text_fieldsഅരൂർ: പൊലീസ് സ്റ്റേഷനിൽനിന്ന് കോടതിയിൽ ഹാജരാക്കാനുള്ള കഞ്ചാവ് കേസ് പ്രതി ഒഡിഷ സ്വദേശിയായ 22കാരൻ ശനിയാഴ്ച പുലർച്ച രക്ഷപ്പെടാൻ ശ്രമിച്ചത് പൊലീസിനെ അങ്കലാപ്പിലാക്കി. ആറുമണിക്കൂറിനുള്ളിൽ അരൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് പ്രതിയെ പിടികൂടിയത് ആശ്വാസമായെങ്കിലും സംഭവങ്ങൾ ആവർത്തിക്കുന്നത് പൊലീസുകeരെ ആശങ്കയിലാക്കുന്നു. മാസങ്ങൾക്കു മുമ്പ് ഒരു പ്രതി സ്റ്റേഷനിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. അഞ്ചുവർഷം മുമ്പും ഇതുപോലെ അനുഭവമുണ്ടായി. പ്രതികളെ തടങ്കലിൽവെക്കാൻ സൗകര്യം സ്റ്റേഷനിൽ ഇല്ലാത്തതാണ് പ്രധാന കാരണം. ജനലിലും മറ്റും ബന്ധിച്ചാണ് പ്രതികളെ സ്റ്റേഷനിൽ സൂക്ഷിക്കുന്നത്.
അരൂർ പൊലീസ് സ്റ്റേഷൻ നിർമിക്കുന്നതിന് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയിരിക്കെ ഒരു കോടി അനുവദിച്ചതാണ്. അരൂരിന്റെ വടക്കേ അറ്റത്ത് കൈതപ്പുഴ കായലോരത്ത് വ്യവസായ വകുപ്പിന്റെ കെട്ടിടത്തിൽ വാടകക്കായിരുന്നു അന്നു പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്. സ്റ്റേഷൻ പ്രവർത്തിക്കാനാകാത്ത വിധം തകർന്നപ്പോഴാണ് കെട്ടിടം ഉപേക്ഷിച്ച് ചന്തിരൂരിലെ സഹകരണ സംഘം കെട്ടിടത്തിലേക്ക് മാറിയത്. സ്ഥലം അനുവദിച്ചു തന്നാൽ കെട്ടിടം നിർമിച്ച് നൽകാമെന്ന് ആഭ്യന്തര വകുപ്പ് പറയുന്നു. അരൂരിൽ പൊലീസ് സ്റ്റേഷൻ നിർമിക്കുന്നതിന് മറ്റു വകുപ്പുകളുടെ അധീനതയിൽ കിടക്കുന്ന നിരവധി സ്ഥലങ്ങളുണ്ടെങ്കിലും കെട്ടിടം നിർമിക്കാൻ നടപടി ഉണ്ടായിട്ടില്ല.
39 പൊലീസുകാരും രണ്ട് സബ് ഇൻസ്പെക്ടർമാരും സർക്കിൾ ഇൻസ്പെക്ടറും ആറുവനിത പൊലീസുകാരും ഡ്യൂട്ടി ചെയ്യുന്ന സ്റ്റേഷനിൽ സ്ഥലപരിമിതി മൂലം തിങ്ങി ഞെരുങ്ങിയാണ് കഴിഞ്ഞുകൂടുന്നത്. കാലപ്പഴക്കത്താൽ രണ്ടുനില കെട്ടിടം തകർച്ചയിലാണ്. എഴുപുന്ന, അരൂർ പഞ്ചായത്ത് അതിർത്തിയിലെ ക്രമസമാധാന ചുമതല അരൂർ സ്റ്റേഷനാണ്. ജില്ലയിലെ ഏറ്റവുമധികം ക്രിമിനൽ കേസുകൾ ചാർജ് ചെയ്യുന്ന സ്റ്റേഷനുകളിൽ ഒന്നാണ് അരൂർ. ജില്ല അതിർത്തിയിൽ ദേശീയപാതക്കരികിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് സെക്യൂരിറ്റി ചുമതലകൾ മറ്റു സ്റ്റേഷനുകളെക്കാൾ അധികമാണ്. സ്വസ്ഥമായി ജോലി ചെയ്യാൻ സ്വന്തമായി സ്റ്റേഷൻ കെട്ടിടം ഡ്യൂട്ടിയിലുള്ള മുഴുവൻ പൊലീസ് സേനയുടെയും സ്വപ്നമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.