ദേവസ്വത്തിന്റെ സ്ഥലത്ത് അരൂർ പൊലീസ് സ്റ്റേഷൻ നിർമിക്കും
text_fieldsഅരൂർ : തിരുവിതാംകൂർ ദേവസ്വത്തിന്റെ സ്ഥലത്ത് അരൂർ പോലീസ് സ്റ്റേഷൻ നിർമ്മിക്കുവാൻ നടപടി തുടങ്ങി. ദേശീയപാതയ്ക്കരികിൽ സെൻറ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം 70 സെന്റോളമുള്ള സ്ഥലമാണ് പോലീസ് സ്റ്റേഷനിൽ നിർമ്മിക്കുവാൻ നടപടി ആരംഭിച്ചത്.
മാസങ്ങൾക്കു മുൻപ് സ്ഥലം ദേവസ്വം വകുപ്പിൽ നിന്ന് ആഭ്യന്തര വകുപ്പിന് വിട്ടുകൊടുത്തുകൊണ്ടുള്ള നടപടികൾ പൂർത്തീകരിച്ചു. കഴിഞ്ഞ ദിവസം ചേർത്തലയിൽ നിന്നെത്തിയ റവന്യൂഅധികൃതർ സ്ഥലം അളന്ന് തിട്ടപ്പെടുത്തി. അരൂർ പോലീസും സ്ഥലത്തെത്തിയിരുന്നു. അരൂർ - ഇടക്കൊച്ചി പാലത്തിന് സമീപം ഉണ്ടായിരുന്ന വ്യവസായ വകുപ്പിന്റെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പോലീസ് സ്റ്റേഷൻ കെട്ടിടം തകർന്നതിനെ തുടർന്ന് ചന്തിരൂരിലെ സർവീസ് സഹകരണ സംഘത്തിൻറെ കെട്ടിടത്തിലേക്ക് മാറുകയായിരുന്നു.
അരൂർ ക്ഷേത്രത്തിനു സമീപം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഏരിയകുളം നികത്തി സ്റ്റേഷൻ പണിയുവാനായിരുന്നു തീരുമാനം. എന്നാൽ നാട്ടുകാരുടെ എതിർപ്പും ഹൈക്കോടതി വിധിയും എതിരായതിനെ തുടർന്ന് കുളം നികത്താനുള്ള തീരുമാനത്തിൽ നിന്ന് പഞ്ചായത്ത് പിന്മാറുകയായിരുന്നു.
പോലീസ് സ്റ്റേഷൻ നിർമിക്കുവാൻ എം.എൽ.എ ഫണ്ടിൽ തുക അനുവദിച്ചിട്ടുണ്ടെങ്കിലും സ്ഥലം കണ്ടെത്താതിനെത്തുടർന്ന് നിർമ്മാണം വൈകുകയായിരുന്നു. നിലവിൽ സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടം ജീർണാവസ്ഥയിലാണ്. സ്ഥലപരിമിതി സ്റ്റേഷന്റെ പ്രവർത്തനങ്ങളെ അവതാളത്തിലാക്കുന്നുണ്ട്. നിന്ന് തിരിയാൻ സ്ഥലമില്ലാത്ത കെട്ടിടത്തിൽ പ്രതികളെ സൂക്ഷിക്കുവാനും ടോയ്‌ലറ്റ് സൗകര്യത്തിനും ഏറെ കഷ്ടപ്പെടുന്നുണ്ട്.
വനിതാ പോലീസിന്റെ സേവനത്തിന് സ്റ്റേഷന്റെ സ്ഥലപരിമിതി വലിയ വെല്ലുവിളിയാണ്. സ്ഥലം കണ്ടെത്തിയാൽ സ്റ്റേഷന് കെട്ടിടം നിർമ്മിച്ചു നൽകാമെന്ന് ആഭ്യന്തരവകുപ്പ് ആവർത്തിക്കുന്നുണ്ടെങ്കിലും അരൂര് സ്ഥലം കണ്ടെത്തുവാൻ ആഭ്യന്തരവകുപ്പിന്റെ ഏറെനാളത്തെ അന്വേഷണത്തിനൊടുവിലാണ് ദേവസ്വത്തിന്റെ സ്ഥലം കണ്ടെത്തിയത്.
ദേശീയപാതയോരത്ത് അരൂർ പള്ളി ബസ്റ്റോപ്പിന് സമീപമുള്ള ഈ സ്ഥലം പോലീസ് സ്റ്റേഷന് വളരെ യോജിച്ചതാണെന്ന് അധികൃതർ വിലയിരുത്തി.സമീപത്തുള്ള താമസക്കാർക്ക് ദേശീയപാതയിലെത്താൻ ദേവസ്വത്തിന്റെസ്ഥലത്തിൻറെ അരികിൽ കൂടി റോഡിനുള്ള സ്ഥലം അനുവദിക്കാൻ നിയമനടപടികളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.