അരൂർ റെയിൽവേ സ്റ്റേഷനിൽ; യാത്രക്കാർക്ക് ശരണം പാസഞ്ചറുകൾ മാത്രം
text_fieldsഅരൂർ: തീരദേശ റെയിൽവേയിൽ ഏറ്റവും പ്രാധാന്യമുള്ള റെയിൽവേ സ്റ്റേഷനായി ഉയരേണ്ട അരൂരിനോടുള്ള അധികൃതരുടെ അവഗണന തുടരുന്നു.
സ്ഥാപിതമായി 34ാം വർഷത്തിലും ഇവിടെയെത്തുന്ന യാത്രക്കാർക്ക് പാസഞ്ചർ ട്രെയിനുകളിൽ മാത്രമാണ് കയറാൻ കഴിയുക. മറ്റുള്ള വണ്ടികൾ ചീറിപ്പായുന്നത് കണ്ടുനിൽക്കാനേ അവർക്ക് യോഗമുള്ളൂ. രാവിലെയും വൈകീട്ടും ഇതുവഴി കടന്നുപോകുന്ന എറണാകുളത്തേക്കും ആലപ്പുഴയിലേക്കുമുള്ള നാല് പാസഞ്ചർ ട്രെയിന് മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്.
1989ലാണ് എറണാകുളം-കായംകുളം തീരദേശ റെയിൽപാത നിലവിൽ വന്നത്. റെയിൽവേ സ്ഥലമെടുപ്പ് നടപടികളുമായി നീങ്ങിയപ്പോൾ ബി ക്ലാസ് സ്റ്റേഷനായി ഉയർത്താനുള്ള ഭൂമി റെയിൽവേ അധികൃതർ അരൂരിൽ ഏറ്റെടുത്തിരുന്നു. റെയിൽവേ ക്വാർട്ടേഴ്സും ഹാൾട്ടിങ് സ്റ്റേഷനും വിപുലമായ സൗകര്യങ്ങളും റെയിൽവേയുടെ ലക്ഷ്യമായിരുന്നു.
എന്നാൽ, നിർമാണവേളയിലുണ്ടായ തൊഴിൽ തർക്കങ്ങൾമൂലം ഡി ക്ലാസ് സ്റ്റേഷനായി പരിമിതപ്പെടുത്തുകയാണുണ്ടായത്. സമീപത്തെ സ്റ്റേഷനുകളിലെ വികസനങ്ങൾപോലും അരൂരിൽ ഉണ്ടായില്ല. വ്യവസായ കേന്ദ്രം, കെൽട്രോൺ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ സാന്നിധ്യം, പെരുമ്പളം പാണാവള്ളി, കുമ്പളങ്ങി തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് അരൂർ റെയിൽവേ സ്റ്റേഷനിൽ എത്താനുള്ള എളുപ്പമാർഗം എന്നിവയൊന്നും റെയിൽവേ പരിഗണിച്ചില്ല.
കോവിഡ് വ്യാപനത്തെ തുടർന്ന് പാസഞ്ചർ ട്രെയിൻ സർവിസ് നിർത്തലാക്കിയതോടെ സ്റ്റേഷന്റെ കഷ്ടകാലം തുടങ്ങി. നിലവിൽ റെയിൽവേ ജീവനക്കാർ ആരുമില്ല. ലാഭകരമല്ലാത്ത സ്റ്റേഷനാണെന്ന പേരിൽ ഇവിടെയുള്ള ടിക്കറ്റ് കൗണ്ടർ വരെ ഇല്ലാതാക്കി.
സ്റ്റേഷനിലേക്ക് ആരും കയറാതിരിക്കാൻ വേലികെട്ടി തടസ്സപ്പെടുത്തി. ടിക്കറ്റ് വിതരണത്തിന് ഹാൾട്ട് ഏജന്റുമാരെ നിയമിക്കാൻ റെയിൽവേ ടെൻഡർ വിളിച്ചു. ആദായകരമല്ലാത്ത ചെറുകിട റെയിൽവേ സ്റ്റേഷനുകളുടെ പ്രവർത്തനം നിർത്തുന്നതിന് മുന്നോടിയായാണ് ടിക്കറ്റ് വിതരണം കരാറുകാർക്ക് കൈമാറുന്നതെന്ന് ആശങ്കയുണ്ട്.
സ്റ്റേഷന്റെ പ്രവർത്തനം പൂർണമായി നിർത്തലാക്കുന്നതിന്റെ ആദ്യഘട്ടമായാണ് ഇത്തരം നിയമനങ്ങൾ നടത്തുന്നതെന്ന് റെയിൽവേ ജീവനക്കാർ പറയുന്നു. യാത്രക്കാർ കൂടുതലായി ഓൺലൈൻ ടിക്കറ്റുകളെ ആശ്രയിക്കുന്നതും സീസൺ ടിക്കറ്റുകൾ ഉൾപ്പെടെയുള്ളവക്ക് റെയിൽവേയുടെ ആപ് ഉപയോഗിക്കുന്നതുംമൂലം അരൂർ സ്റ്റേഷനിൽ വരുമാനം തീരെ കുറഞ്ഞെന്നാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.