അരൂരിൽ; തണ്ണീർത്തടങ്ങളും നെൽപാടങ്ങളും നികത്തുന്നു
text_fieldsഅരൂർ: അരൂർ മേഖലയിലെ നിരവധി നെൽപാടങ്ങളും തണ്ണീർത്തടങ്ങളും വ്യാപകമായി നികത്തുന്നു. ഉയരപ്പാതക്കു വേണ്ടി തൂണുകൾ താഴ്ത്തുമ്പോൾ പുറന്തള്ളുന്ന മണ്ണും ചളിയും ലോറിയിൽ കൊണ്ടുവന്നാണ് വയലുകളിലും തണ്ണീർത്തടങ്ങളിലും തട്ടുന്നത്.
അരൂർ പഞ്ചായത്ത് 13ാം വാർഡിൽ ചന്തിരൂർ പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് 80 സെന്റോളമുള്ള നെൽപാടം ദേശീയപാതയുടെ മേൽപാലത്തിന്റെ പണിയുമായി ബന്ധപ്പെട്ട് മാറ്റുന്ന ചളിയും മണ്ണും ഉപയോഗിച്ച് നികത്തുന്നത് പൊതുപ്രവർത്തകർ ഇടപെട്ട് തടഞ്ഞു.
മേൽപാല നിർമാണത്തിന്റെ മറവിൽ ഇടനിലക്കാർ ഇവിടെ നിന്നും മാറ്റുന്ന മണ്ണ് ഉപയോഗിച്ച് അരൂരിലെ തണ്ണീർത്തടങ്ങളും നിലവും നികത്തി ലക്ഷങ്ങൾ കൈക്കലാക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ ഒഴിവുള്ള ദിവസങ്ങളിൽ നിലം നികത്തൽ അരൂർ മേഖലയിൽ വ്യാപകമാകും. ഒഴിവു ദിവസങ്ങളിൽ പഞ്ചായത്തിലും വില്ലേജ് ഓഫിസിലും പരാതി കൊടുക്കാൻ സാധിക്കില്ല. ഈ അവസരം നോക്കി ഇടനിലക്കാർ നിലം നികത്തൽ ഊർജിതമാക്കും.
ഇടനിലക്കാർ ഉദ്യോഗസ്ഥരുമായി ചേർന്ന് ലക്ഷങ്ങളുടെ അഴിമതിയാണ് നടത്തുന്നതെന്നും അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വേലിയേറ്റ സമയത്ത് തീരദേശവാസികളും മത്സ്യത്തൊഴിലാളികളും വീടുകളിൽ വെള്ളം കയറി കഷ്ടപ്പെടുമ്പോൾ ഇവിടന്ന് മാറ്റുന്ന മണ്ണും മറ്റും തീരമേഖലയിലെ കുടുംബങ്ങൾക്ക് നൽകാൻ പഞ്ചായത്ത് മുൻകൈ എടുക്കുകയാണെങ്കിൽ ഒരു പരിധിവരെ വേലിയേറ്റം അതിജീവിക്കാൻ തീരദേശ വാസികൾക്ക് കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.