കൊച്ചി ജലമെട്രോയിൽ അരൂരിനെ കൂടി ഉൾപ്പെടുത്തണം -ദലീമ എം.എൽ.എ
text_fieldsഅരൂർ: ജല മെട്രോയിൽ അരൂർ മണ്ഡലത്തെ കൂടി ഉൾപ്പെടുത്തണമെന്ന് ദലീമ എം.എൽ.എ. കായൽ-കടൽ സാന്നിധ്യമുള്ള അരൂർ മണ്ഡലത്തിലെ 10 പഞ്ചായത്തുകളും കൊച്ചിയുമായി നിരവധി കാര്യങ്ങളിൽ ദിവസേന ബന്ധപ്പെടുന്നവയാണ്. റോഡ് ഗതാഗതം ഇത്രയൊന്നും പുരോഗമിക്കുന്നതിനുമുമ്പ് പൂർണമായും ജലഗതാഗതത്തെ ആശ്രയിച്ചാണ് അരൂർ പ്രദേശത്തുനിന്നും യാത്രകളും കച്ചവടവും നടത്തിയിരുന്നത്.
കൊച്ചിയിൽ നിന്ന് ആരംഭിച്ച് കൊല്ലം വരെ എത്തുന്ന യാത്രാ ബോട്ടുകൾ പതിറ്റാണ്ടുകൾക്കുമുമ്പ് നിലനിന്നിരുന്നു. കൊല്ലം , ആലപ്പുഴ എന്നിവിടങ്ങളിൽ നിന്ന് സുഗന്ധദ്രവ്യങ്ങളും കൊപ്രയും മറ്റ് കാർഷിക വിഭവങ്ങളും കൊച്ചിയിലേക്ക് കൊണ്ടു വന്നിരുന്നതും വലിയ കേവുവള്ളങ്ങൾ വഴിയാണ്.
ജലമെട്രോയുടെ ആലോചന നടക്കുന്ന കാലം മുതൽ അരൂർ മണ്ഡലത്തിനെ കൂടി ഉൾപ്പെടുത്തണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ, വികസനത്തിന്‍റെ അടുത്തഘട്ടത്തിൽ അരൂരിനെ ഉൾപ്പെടുത്താം എന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞത്. കോവിഡ് രോഗവ്യാപനം വരുത്തിയ പ്രതിസന്ധികൾ മറ്റ് ഗതാഗത സംവിധാനങ്ങളെയെല്ലാം കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുമ്പോൾ ജലമെട്രോയുടെ സാധ്യത അരൂരിനെ രക്ഷപ്പെടുത്താൻ സഹായിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
സമുദ്രോൽപ്പന്ന കയറ്റുമതി വ്യവസായത്തിൽ മികവിന്‍റെ പട്ടണമായി അംഗീകരിക്കപ്പെട്ടിട്ടുള്ള അരൂരിൽ വേമ്പനാട്ടുകായലിന്‍റെയും കൈതപ്പുഴ കായലിന്‍റെയും അറബിക്കടലിന്‍റെയും സാന്നിധ്യം വേണ്ടവിധം ഉപയോഗിക്കപ്പെട്ടിട്ടില്ല. വർധിച്ചുവരുന്ന ഗതാഗത തടസ്സങ്ങളും വാഹന വർധനവും ഇന്ധന ചെലവും മറികടക്കാൻ ജലഗതാഗതത്തെ ആശ്രയിക്കുകയാണ് പുതിയ വഴി.
ഇപ്പോൾ വൈക്കത്തുനിന്നും എറണാകുളത്തേക്ക് സൂപ്പർഫാസ്റ്റ് ബോട്ട് സർവിസ് നടത്തുന്നുണ്ട്. ഇതിന് അരൂക്കുറ്റിയിൽ സ്റ്റോപ്പ് അനുവദിക്കുവാൻ ക്രമീകരണങ്ങൾ നടന്നു വരുന്നു. ഇത്തരത്തിൽ അരൂർ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ബോട്ട് ജെട്ടികൾക്കുള്ള ക്രമീകരണങ്ങൾ നടത്താവുന്നതാണ്. കൊച്ചി ജല മെട്രോയിൽ അരൂരിനെ ഉൾപ്പെടുത്താനുള്ള ആവശ്യം നിയമസഭയിൽ ഉന്നയിക്കുമെന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.