അരൂർ-തുറവൂർ ഉയരപ്പാത; നിർമാണ ജോലികൾ തടഞ്ഞ് ജനകീയ കൂട്ടായ്മയുടെ പ്രതിഷേധം
text_fieldsഅരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം വരുത്തിവെക്കുന്ന ഗതാഗത സ്തംഭനവും അപകടങ്ങളും ദുരിതങ്ങളും അവസാനിപ്പിക്കണമെങ്കിൽ സർവിസ് റോഡിന്റെ പണി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് അരൂർ-തുറവൂർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഉയരപ്പാത നിർമാണം തടഞ്ഞു.
വെള്ളിയാഴ്ച രാവിലെ ചന്തിരൂർ സെന്റ് മേരീസ് പള്ളിക്ക് സമീപത്തുനിന്നാണ് ജാഥ സമരം ആരംഭിച്ചത്. അരൂർ, തുറവൂർ ജനകീയ സമിതി ചെയർമാൻ ജെ.ആർ. അജിത്, സനീഷ് പായിക്കാട്, ശിഹാബ്, പട്ടണക്കാട് ബ്ലോക്ക് മെംബർ മേരി ദാസൻ, മഹിള കോൺഗ്രസ് നേതാവ് ദിവ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പണിതടയൽ സമരം. ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിലെ വർക്ക് സൈറ്റുകളിലേക്ക് സമാധാനപരമായി എത്തിയ സമരക്കാർ പണി നിർത്തിവെക്കാൻ തൊഴിലാളികളോട് ആവശ്യപ്പെടുകയായിരുന്നു.
ചന്തിരൂരിൽനിന്ന് രാവിലെ ആരംഭിച്ച സമരക്കാരുടെ ജാഥ വടക്കോട്ട് നീങ്ങി ചന്തിരൂർ ഹൈസ്കൂളിനു മുന്നിലെ പണി തടസ്സപ്പെടുത്തി. തുടർന്ന് മേഴ്സി സ്കൂളിന്റെ മുന്നിൽ നടക്കുന്ന പണികൾ തടഞ്ഞു. അരൂർ പെട്രോൾ പമ്പ്, അരൂർ ക്ഷേത്രം എന്നിവിടങ്ങളിലെയും തടഞ്ഞു. മൂന്നു മണിക്കൂറോളം പണികൾ നിർത്തിവെപ്പിച്ചു. സമരം സൂചന മാത്രമാണെന്ന് നേതാക്കൾ പറഞ്ഞു. ഫലമുണ്ടായില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്ന് മുന്നറിയിപ്പ് നൽകി. നിർമാണം നടത്തുന്ന കരാർ കമ്പനിയുടെ പ്രതിനിധികളുമായി ജനകീയ സമിതി നേതാക്കൾ സംസാരിച്ചു.
ഉടൻ ദേശീയപാതയുടെ ഇരുവശത്തുമുള്ള സർവിസ് റോഡുകൾ മൂന്നു മീറ്റർ വീതിയിൽ നന്നാക്കി ഗതാഗതം സുഗമമാക്കുമെന്ന് കമ്പനി അധികൃതർ ഉറപ്പു നൽകിയിട്ടുണ്ടെന്ന് സമര നേതാക്കൾ പറഞ്ഞു. സമരക്കാർക്കെതിരെ കേസെടുക്കുമെന്ന് അരൂർ പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.