ഉയരപ്പാത നിർമാണം; ദേശീയപാതയിൽ വീണ്ടും അപകടം
text_fieldsദേശീയപാതയിൽ അരൂരിൽ ഒരാൾ മരിക്കാനിടയാക്കി അപകടമുണ്ടാക്കിയ കണ്ടെയ്നർ ലോറി
അരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ വീണ്ടും അപകടം. കണ്ടെയ്നർ ലോറിയിടിച്ച് ഒരാളുടെ കൂടി ജീവൻ പൊലിഞ്ഞതാണ് ഏറ്റവും ഒടുവിലത്തേത്. നിരന്തരം അപകടങ്ങൾ വർധിച്ചതിന് പിന്നാലെ ജനകീയ സമരങ്ങൾ അരങ്ങേറിയ ശേഷമാണ് ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥയാവുന്നത്. അരൂർ കിഴക്കേവേലിക്കകത്ത് സന്തോഷാണ് (59) മരിച്ചത്. തിങ്കളാഴ്ച രാത്രി 11നായിരുന്നു അപകടം. എറണാകുളം ഭാഗത്തേക്ക് പോയ കണ്ടെയ്നർ ലോറിയാണ് അപകടമുണ്ടാക്കിയത്. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കണ്ടെയ്നർ ലോറികൾ പോലെയുള്ള ഭാരവാഹനങ്ങൾ നിർമാണം നടക്കുന്ന ദേശീയപാതയിലൂടെ സഞ്ചരിക്കരുതെന്നാണ് നിബന്ധന. ഇക്കാര്യം ഉറപ്പാക്കാൻ എറണാകുളം, ആലപ്പുഴ ജില്ല കലക്ടർമാരുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും റവന്യൂ അധികൃതരുടെയും സംയുക്തയോഗം എറണാകുളം കലക്ടറേറ്റിൽ കഴിഞ്ഞദിവസം നടന്നിരുന്നു. ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ-തുറവൂർ ദേശീയപാതയിൽ അരൂർ ക്ഷേത്രം ജങ്ഷനിൽനിന്ന് എത്തുന്ന വടക്കുനിന്നുള്ള വാഹനങ്ങൾ അരൂക്കുറ്റി റോഡിലൂടെ മാക്കേക്കടവ് കവലയിലെത്തി തുറവൂർ ജങ്ഷനിൽ എത്തണമെന്നും തെക്ക് നിന്നുള്ള വാഹനങ്ങൾ നിർബന്ധമായും തുറവൂർ ജങ്ഷനിൽനിന്ന് കുമ്പളങ്ങി-എഴുപുന്ന റോഡിലൂടെ സഞ്ചരിച്ച് എറണാകുളം ഭാഗത്തേക്ക് എത്തണമെന്നും തീരുമാനിച്ചിരുന്നു. ഇതിനുമുമ്പുള്ള പല തീരുമാനങ്ങളും നടക്കാതെ വന്നപ്പോഴാണ് കലക്ടറുടെ സംയുക്തയോഗത്തിൽ പിന്നെയും തീരുമാനിച്ചത്.
പൊലീസ് പലസ്ഥലങ്ങളിലും ദിശാ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. ഭാരവാഹനങ്ങൾ നിർബന്ധമായും കുമ്പളത്തെ ടോൾ പ്ലാസയിൽ തടയാനും തീരുമാനിച്ചു. ആലപ്പുഴയിൽനിന്ന് കോട്ടയം വഴി വലിയ വാഹനങ്ങളെ തിരിച്ചുവിടാനും തീരുമാനിച്ചു. തീരുമാനങ്ങൾ കടലാസിൽ മാത്രമായി. അപകടങ്ങളും ഗതാഗത സ്തംഭനവും നിർമാണ സാമഗ്രികൾ വാഹനങ്ങളുടെ മുകളിലേക്ക് വീഴലും തുടർന്നുകൊണ്ടിരുന്നു. ചൊവ്വാഴ്ചയും ലോറി സ്കൂട്ടർ യാത്രികരെ ഇടിച്ച് പരിക്കേൽപിച്ചു. ഇതിനിടെ, റോഡിന്റെ അപര്യാപ്തതയാണ് ഗതാഗതം തിരിച്ചുവിടുന്നതിന് തടസ്സമെന്ന് പ്രചരിച്ചിരുന്നു.
അരൂക്കുറ്റി മുതലുള്ള റോഡിന്റെയും തുറവൂർ മുതൽ കുമ്പളങ്ങി വരെയുള്ള റോഡിന്റെയും നിർമാണത്തിനായി എട്ടരക്കോടി രൂപ കേരള സർക്കാർ അനുവദിച്ചതായി ദലീമ ജോജോ എം.എൽ.എ അറിയിച്ചു. രണ്ട് റോഡുകളുടെയും നിർമാണ കാര്യങ്ങളും നടത്തിയശേഷം എന്നാണ് ഗതാഗതം തിരിച്ചുവിട്ട് അപകടങ്ങൾ ഒഴിവാക്കുന്നതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.