അരൂർ-തുറവൂർ ഉയരപ്പാത: ഗതാഗത തടസം ഒഴിവാക്കി നിർമാണം
text_fieldsആലപ്പുഴ: അരൂർ മുതൽ തുറവൂർ വരെയുള്ള ഉയരപ്പാത നിർമാണം ഗതാഗത തടസ്സം പരമാവധി ഒഴിവാക്കി നടപ്പാക്കാൻ തീരുമാനം. മന്ത്രി പി. പ്രസാദ് കലക്ടറേറ്റിൽ വിളിച്ച യോഗത്തിലാണ് തീരുമാനം.
ലൈറ്റ് മോട്ടോർ വെഹിക്കിളുകളും നിശ്ചിത ഉയരപരിധിയിൽ വരുന്ന വാഹനങ്ങളും നിലവിലെ വഴിയിലൂടെതന്നെ സഞ്ചരിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. നിശ്ചിത ഉയരപരിധിയിൽ കൂടുതലുള്ള വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന സാഹചര്യത്തിൽ ദേശീയ പാതക്കിരുവശവുമുള്ള സമാന്തര റോഡുകളിലൂടെ കണ്ടെയ്നറുകളും ട്രെയിലറുകളും കടന്നു പോകുമോയെന്ന് പരിശോധിക്കാൻ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും. തുടർച്ചയായ രണ്ടുദിവസം പരിശോധനയുണ്ടാകും. രാവിലെ 11ന് ചൊവ്വാഴ്ച അരൂർ ഭാഗത്തുനിന്ന് തുറവൂരിലേക്കും ബുധനാഴ്ച തിരിച്ചുമാണ് പരിശോധന. നിർമാണം നടക്കുന്ന അരൂർ മുതൽ തുറവൂർ വരെയുള്ള ഭാഗത്ത് 5.5 മീറ്ററിൽ ഇരുഭാഗങ്ങളിലും കൂടി പൊതുഗതാഗതം അനുവദിക്കുമെന്ന് നിർമാണ കമ്പനി അറിയിച്ചു. വഴിതിരിച്ചുവിടാൻ ഉദ്ദേശിക്കുന്ന പി.ഡബ്ല്യു.ഡി. റോഡുകളുടെയും ഇരുവശങ്ങളിലെ അനധികൃത കൈയേറ്റങ്ങളും പാർക്കിങ്ങും അടിയന്തരമായി നീക്കും. പി.ഡബ്ല്യു.ഡി റോഡുകളിൽ ബാക്കിയുള്ള ടാറിങും മറ്റ് അറ്റകുറ്റപ്പണികളും കരാർ കമ്പനിയും സൈഡ് ഫില്ലിങ് പി.ഡബ്ല്യു.ഡിയും (റോഡ്സ്) ചേർന്ന് ഒരാഴ്ചക്കുള്ളിൽ തീർക്കണം.
ഗതാഗതം തിരിച്ചുവിടുന്ന ഭാഗങ്ങളിലും നിർമാണം നടക്കുന്ന ഭാഗങ്ങളിലും ആവശ്യത്തിന് വഴിവിളക്കുകൾ, റിഫ്ലക്ടറുകൾ, കോൺവെക്സ് ലെൻസുകൾ, ബ്ലിംഗർ ലൈറ്റുകൾ, സൂചന ബോർഡുകൾ എന്നിവ സ്ഥാപിക്കും.
നിർമാണ പുരോഗതി സംബന്ധിച്ച ഒരു വർഷത്തേക്കുള്ള ബാർ ചാർട്ട് തയാറാക്കാൻ കലക്ടർ നിർദേശിച്ചു. വഴി തിരിച്ചുവിടുന്ന റോഡുകളിൽ വിദ്യാർഥികൾ നിരത്തിലുള്ള തിരക്കേറിയ സമയത്ത് കണ്ടെയ്നറുകളും ട്രെയിലറുകളും നിയന്ത്രിക്കുന്നതിന് പൊലീസ് നടപടി സ്വീകരിക്കും. ബസ് ബേകൾക്ക് അനുയോജ്യമായ സ്ഥലം പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവർ ചേർന്ന് കണ്ടെത്തും.
ജില്ല കലക്ടർ ഹരിത വി. കുമാർ, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.ആർ. രജിത, കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡൻറ് വി.ജി. ജയകുമാർ, അരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ബിജു, തുറവൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ഒ. ജോർജ്, അരൂർ എം.എൽ.എ ദലീമ ജോജോയുടെ പ്രതിനിധി എച്ച്. മുഹമ്മദ് ഷാ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഗതാഗതക്രമീകരണം ഇങ്ങനെ
വാഹന ഗതാഗതം തിരിച്ചുവിടുമ്പോൾ വടക്കുനിന്ന് (അരൂർ ഭാഗത്തുനിന്ന്) ആലപ്പുഴക്ക് പോകേണ്ട വലിയ വാഹനങ്ങൾ അരൂരിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ശ്രീമാത്താനം ഭഗവതി ക്ഷേത്രത്തിന് മുൻവശം കൂടി അരൂക്കുറ്റി-ചേർത്തല റോഡിലൂടെ വടുതല, തൃച്ചാറ്റുകുളം, പെരുമ്പളം കവല, വീരമംഗലം, പാണാവള്ളി, പൂച്ചാക്കൽ വഴി മാക്കേകടവിലെത്തി ചേർത്തലക്കും തുറവൂരിലേക്കും പോകണം. തെക്കുനിന്ന് ( ചേർത്തല ഭാഗത്തുനിന്നും) അരൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തുറവൂരിലെത്തി ഇടത്തോട്ട് തിരിഞ്ഞ് തുറവൂർ - കുമ്പളങ്ങി റോഡിലൂടെ സഞ്ചരിച്ച് ചാവടി-എഴുപുന്ന വഴി എറണാകുളം ജില്ലയിൽ എൻ.എച്ച്.66ലേക്ക് പ്രവേശിക്കാം.
ദേശീയപായ 66ൽ അരൂർ മുതൽ തുറവൂർ വരെ ഉയരപ്പാത നിർമാണ ജോലികൾ നടക്കുന്ന ഭാഗത്ത് നാലുവരിപ്പാതയിൽ ഇരുവശങ്ങളിലും 5.5 മീറ്റർ റോഡ് (4.5 മീറ്റർ ഉയരത്തിൽ) ഗതാഗതത്തിനായി നൽകാമെന്ന് കമ്പനി അധികൃതർ അറിയിച്ച സ്ഥലത്തു കൂടി എൽ.എം.വി, ബസുകൾ, 4.5 മീറ്ററിനുള്ളിൽ ഉയരം വരുന്ന മറ്റ് ഭാരം കുറഞ്ഞ വാഹനങ്ങൾ തുടങ്ങിയ അവശ്യസർവിസുകൾ നടത്താം.
വടക്കുനിന്ന് (എറണാകുളം ഭാഗത്തുനിന്ന്) തെക്കോട്ട് വരുന്ന വലിയ വാഹനങ്ങൾ അങ്കമാലി, കളമശ്ശേരി, വൈറ്റില, കുണ്ടന്നൂർ ഭാഗത്തുവെച്ച് കിഴക്കോട്ട് തിരിഞ്ഞ് എം.സി. റോഡിലൂടെയും മറ്റും തിരിച്ച് വിടുന്നതിന് മാർഗനിർദേശ ബോർഡുകളും അറിയിപ്പുകളും മുൻകൂട്ടി സ്ഥാപിച്ച് ഗതാഗതം തിരിച്ചുവിടുന്നതിന് നടപടി സ്വീകരിക്കും. ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യത്തിലെത്തുന്ന കണ്ടെയ്നറുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ആലപ്പുഴയിലേക്ക് വരുമ്പോൾ അരൂക്കുറ്റി റോഡിലൂടെ കിഴക്കോട്ട് തിരിച്ചുവിട്ട് പൂച്ചാക്കൽ മാക്കേക്കടവ് വഴി ചേർത്തലയിലേക്കും തുറവൂരിലേക്കും എത്തുന്ന തരത്തിൽ ഗതാഗതം നിയന്ത്രിക്കും.
ചേർത്തല ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തുറവൂർ ജങ്ഷനിൽനിന്ന് പടിഞ്ഞാറേക്ക് തിരിഞ്ഞ് ചാവടി-എഴുപുന്ന വഴി കുമ്പളങ്ങിയിലെത്തി എറണാകുളത്തേക്ക് എൻ.എച്ച് 66ൽ പ്രവേശിക്കണം. തിരുവനന്തപുരം, കൊല്ലം ഭാഗത്തുനിന്നും വരുന്ന കണ്ടെയ്നർ ലോറികളും ഭാരം ഏറിയതും വലുപ്പമുള്ളതുമായ മറ്റ് വാഹനങ്ങളും എം.സി റോഡ് വഴി തിരിഞ്ഞ് പോകുന്നതിന് മുന്നറിയിപ്പ് ബോർഡുകൾ കായംകുളം, ഹരിപ്പാട് അമ്പലപ്പുഴ, കളർകോട്, ചേർത്തല ഭാഗങ്ങളിൽ സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.