വേണം, അരൂക്കുറ്റി സി.എച്ച്.സിക്ക് ബൂസ്റ്റർ ഡോസ്
text_fieldsഅരൂക്കുറ്റി: 1878ൽ രാജഭരണ കാലത്ത് തുടക്കംകുറിച്ച ആതുരാലയമാണ് ഇപ്പോൾ കമ്യൂണിറ്റി ഹെൽത്ത് സെൻററായി ഉയർന്ന അരൂക്കുറ്റി ആശുപത്രി. നെട്ടൂർ പെട്ടി മാതൃകയിലുള്ള നാല് കെട്ടിടങ്ങളാണ് ആദ്യം ആശുപത്രിക്കുണ്ടായിരുന്നത്. രണ്ടെണ്ണം നിലംപൊത്തി. ഒരെണ്ണം കാടും മരവും പടർന്നുകയറി നിലംപൊത്താവുന്ന നിലയിലാണ്. ഒരെണ്ണം പുതുക്കി ഡ്രസിങ്, ശീട്ട് എഴുതൽ, പരിശോധനമുറി എന്നീ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നു.
ആവശ്യത്തിന് ഭൂമി സ്വന്തമായുണ്ടെങ്കിലും വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താതെ അന്യാധീനപ്പെടുകയാണ്. ആറര ഏക്കറോളം ഭൂമിയാണ് ആശുപത്രിക്കുള്ളത്. ആതുരാലയം തുടങ്ങിയതുമുതൽ കിടത്തിച്ചികിത്സയും ഉണ്ടായിരുന്നു. ആദ്യകാലത്ത് കൂടുതൽ പ്രസവം നടക്കുന്നതുകൊണ്ട് പ്രസവാശുപത്രിയെന്നും വിളിച്ചിരുന്നു. മോർച്ചറിയും ആദ്യകാലം മുതൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഉപയോഗിക്കുന്നില്ല. പോസ്റ്റ്മോർട്ടം നടത്താനുള്ള കെട്ടിടവുമില്ല. വക്കം പുരുഷോത്തമൻ ആരോഗ്യമന്ത്രിയായ സമയത്ത് അനുവദിച്ച മോർച്ചറിക്കെട്ടിടം നോക്കുകുത്തിയാണ്.
സാമൂഹികാരോഗ്യകേന്ദ്രമായി ഉയർത്തി 15 വർഷം പൂർത്തിയാകാറായിട്ടും പ്രാഥമികാരോഗ്യ കേന്ദ്രെത്തക്കാൾ അധികമായി ഒരുസൗകര്യവും വന്നിട്ടില്ലെന്ന് പരാതിയുണ്ട്. വ്യത്യസ്ത ഭാഗങ്ങളിലായി ഏഴു കെട്ടിടങ്ങളാണ് ആശുപത്രിക്കുള്ളത്. അത്രയുംതന്നെ കെട്ടിടങ്ങൾ ഉപയോഗിക്കാൻ കഴിയാതെ നശിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. അരൂക്കുറ്റി വില്ലേജ് ഓഫിസിനോട് ചേർന്ന ക്വാർേട്ടഴ്സുകളെല്ലാം നശിച്ചുകൊണ്ടിരിക്കുന്നു. അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്രദമാക്കാൻ പറ്റുമായിരുന്ന കെട്ടിടങ്ങളാണ് അലംഭാവം മൂലം നശിക്കുന്നത്. പാദുവാപുരം പള്ളിക്ക് സമീപം പത്ത് സെേൻറാളം വെറുതെ കിടക്കുകയാണ്. ആദ്യകാലത്ത് അജ്ഞാത ജഡങ്ങൾ ഇവിടെയാണ് സംസ്കരിച്ചിരുന്നത്. ഏതുസമയവും തകർന്നുവീഴാവുന്ന ഓട് മേഞ്ഞ ചോർന്നൊലിക്കുന്ന പഴയ കെട്ടിടത്തിലാണ് ലാബ്. മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരിക്കുകയാണ്. പരിസരമാകെ കാടുപിടിച്ച് കിടക്കുന്നതുകൊണ്ട് വിഷപ്പാമ്പ് ശല്യവും ഉണ്ട്. ലാബിൽനിന്നുവരെ പാമ്പിനെ പിടികൂടിയിട്ടുണ്ട്.
എക്സ്റേ യൂനിറ്റുപോലും ഇല്ലെന്നതും വലിയ പോരായ്മ. എക്സ്റേ എടുക്കേണ്ടിവരുന്ന ഇരുപതോളം കേസുകൾ നിത്യേന റിപ്പോർട്ട് ചെയ്യപ്പെടുേമ്പാഴാണിത്. സിവിൽ സർജൻ, മൂന്ന് അസി. സർജൻ, മെഡിക്കൽ ഓഫിസർ ഉൾെപ്പടെ അഞ്ച് ഡോക്ടർമാരും സായാഹ്ന ഒ.പിക്ക് ബ്ലോക്ക് പഞ്ചായത്ത് എൻ.എച്ച്.എം വഴി നിയമിച്ച ഒരു ഡോക്ടറുമാണുള്ളത്. കിടത്തിച്ചികിത്സക്ക് ഏഴ് ഡോക്ടർമാരുണ്ടാകണം.
എന്നാൽ, 28 കിടക്കകളുമായി കിടത്തിച്ചികിത്സ നടക്കുന്നുമുണ്ട്. വികസന സാധ്യതകൾ ധാരാളമുള്ള ഈ ആതുരാലയത്തിന് വികസനമില്ലാത്തത് ജനപ്രതിനിധികൾ അധികം താൽപര്യമെടുക്കാത്തതുകൊണ്ടുതന്നെ.
കക്ഷിരാഷ്ട്രീയ അതിപ്രസരം തടസ്സമാകുന്നു-പി.എ. ഷംസുദ്ദീൻ പുത്തൻവീട്, വടുതല
സ്ഥലസൗകര്യത്തിെൻറ കാര്യത്തിൽ ചേർത്തല താലൂക്കിൽ പ്രഥമസ്ഥാനമാണ് അരൂക്കുറ്റി ആശുപത്രിക്കുള്ളത്. കൈതപ്പുഴ കായലിനോട് ചേർന്ന ആറര ഏക്കർ സ്ഥലം ആരോഗ്യ വകുപ്പിനു കീഴിലുള്ളതാണ്. പ്രകൃതിരമണീയമായ ഈ സ്ഥലത്ത് ഏറെ വികസന സാധ്യതയുള്ള അരൂക്കുറ്റി ആശുപത്രിയിൽ പ്രതിമാസം ആറായിരത്തിനും ഏഴായിരത്തിനും ഇടയിൽ രോഗികൾ വരുന്നുണ്ട്.
കക്ഷിരാഷ്ട്രീയ താൽപര്യങ്ങളുടെ അതിപ്രസരവും ജനപ്രതിനിധികളുടെ വേണ്ടത്ര ഇടപെടലുകൾ ഉണ്ടാവാത്തതും ആശുപത്രി വികസനത്തിന് വിലങ്ങുതടിയാണ്. ഒ.പി, ഐ.പി ചികിത്സകൾക്കുള്ള കെട്ടിട സൗകര്യങ്ങൾ, ആധുനിക ലബോറട്ടറി കെട്ടിടം, എക്സ്-റേ ഇ.സി.ജി, സ്കാനിങ് സൗകര്യങ്ങൾ, ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കുമുള്ള താമസ സൗകര്യങ്ങൾ എന്നിവ അടിയന്തരമായി ഉണ്ടാക്കേണ്ടതുണ്ട്. ഡോക്ടർമാരുടെ എണ്ണം ഏഴാക്കിയെങ്കിലും വർധിപ്പിച്ച് അതിന് ആനുപാതികമായി മറ്റു ജീവനക്കാരെയും നിയമിക്കണം. കായൽതീരത്ത് നീണ്ടുപരന്നുകിടക്കുന്ന ഏക്കറുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാൽ ജില്ലയിലെ മറ്റേതൊരു ആശുപത്രിയെക്കാളും വികസനസാധ്യത നിലനിൽക്കുന്നു. പക്ഷേ അതിന് ജനപ്രതിനിധികളുടെയും സർക്കാറുകളുടെയും രാഷ്ട്രീയത്തിനതീതമായ അടിയന്തര ഇടപെടലുകളാണ് വേണ്ടത്.
താലൂക്ക് ആശുപത്രി നിലവാരത്തിൽ ഉയർത്തണം-വിനു ബാബു മുറിയഞ്ചേരിൽ, വടുതല
ഡോക്ടർമാരുടെ അപര്യാപ്തതയിൽ ദുഷ്പേര് കേട്ടിരുന്ന അരൂക്കുറ്റി ആശുപത്രിക്ക് പുതുജീവൻ ലഭിച്ചത് വിവിധ സമരങ്ങളുടെ ഭാഗമായിട്ടാണ്. ഇതേതുടർന്ന് ആറോളം ഡോക്ടർമാരുടെ സേവനവും സായാഹ്ന ഒ.പിയും കിടത്തിച്ചികിത്സയും ലഭ്യമായി. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കമ്യൂണിറ്റി ഹെൽത്ത് സെൻററായി ഉയർത്തപ്പെട്ടെങ്കിലും അതിനനുസരിച്ചുള്ള സ്റ്റാഫ് പാറ്റേൺ ഇനിയും ലഭ്യമായിട്ടില്ല. ഇ.സി.ജി മെഷീെൻറ സേവനവും കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സ്വന്തമായി ലാബും ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ആധുനിക ആശുപത്രിയുടെ സംവിധാനത്തിലല്ല ഈ സേവനങ്ങൾ ലഭ്യമാകുന്നത്. അത്യാഹിത വിഭാഗം ഉൾപ്പെടെ ലഭ്യമാക്കുന്ന തരത്തിൽ താലൂക്ക് ആശുപത്രിയായി ഉയർത്തുകയും പുതുതായി എക്സ്-റേ യൂനിറ്റും ഡയാലിസിസ് യൂനിറ്റും ഒരുക്കുകയും ചെയ്താൽ ചേർത്തല താലൂക്കിലെതന്നെ ഒന്നാംകിട ആശുപത്രിയാക്കി മാറ്റാൻ കഴിയും. സ്വന്തമായുള്ള വിശാലമായ സ്ഥലം പരമാവധി ഉപയോഗപ്പെടുത്തി, ഈ മേഖലയിലെ വിദഗ്ധരെ ഉൾക്കൊള്ളിച്ച് സമഗ്ര മാസ്റ്റർ പ്ലാനിന് തുടക്കംകുറിക്കണം. കോർപറേറ്റ് കമ്പനികളുടെ സി.എസ്.ആർ ഫണ്ട് അടക്കം ഇതിനായി ഉപയോഗിക്കണം.
ഒന്നിച്ച് പോരാടണം-അഡ്വ. ഷബീർ അഹമ്മദ്, അൽഹംദ്, വടുതല
കച്ചവടവത്കരിക്കപ്പെടുകയും ചൂഷണങ്ങൾക്ക് വിധേയമാക്കപ്പെടുകയും ചെയ്യപ്പെടുന്ന ആതുരശുശ്രൂഷ രംഗത്ത് സർക്കാർ ആതുരാലയങ്ങളാണ് സാമാന്യ ജനങ്ങൾക്ക് ഏറെ ആശ്വാസകരമാകേണ്ടത്. നിരവധി സർക്കാർ ആശുപത്രികൾ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. എന്നാൽ പൊതുജനത്തിന് ധൈര്യമായി ആശ്രയിക്കാവുന്ന ചികിത്സാ കേന്ദ്രമായി അരൂക്കുറ്റി ആശുപത്രി ഇനിയും വളർന്നിട്ടില്ല. വർഷങ്ങളായി നിരവധി സമരങ്ങളും അവകാശവാദങ്ങളും പ്രചാരണങ്ങളും ആശുപത്രി വിഷയത്തിൽ നാം കണ്ടതാണ്. പക്ഷെ, എടുത്തുപറയത്തക്ക മാറ്റം ഉണ്ടായിട്ടില്ല. കമ്യൂണിറ്റി ഹെൽത്ത് സെൻററായി കടലാസിൽ ഉയർത്തിയതല്ലാതെ ചികിത്സ സംവിധാനങ്ങളിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. രാത്രി ചികിത്സ ഇപ്പോഴും അപ്രാപ്യമായതിനാൽ സമ്പൂർണ ആശുപത്രി എന്ന വിളിപ്പേരിനെക്കാൾ ക്ലിനിക്കേ എന്നേ ഇതിനെ വിശേഷിപ്പിക്കാനാവൂ. അടിസ്ഥാന സൗകര്യങ്ങൾ കൃത്യമായി ഒരുക്കി, മിനിമം രണ്ട് ഡോക്ടർമാരെയെങ്കിലും അധികമായി നിയമിച്ച്, മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തി ജനങ്ങൾക്ക് ധൈര്യമായി ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യാവുന്ന രീതിയിൽ ആശുപത്രിയായി വികസിപ്പിക്കേണ്ടത് അനിവാര്യമാണ്.
പി.എച്ച്.സിയുടെ സൗകര്യം മാത്രം-കെ.ബി. കൃഷ്ണകുമാർ ചിലമ്പശ്ശേരി, വടുതല ജെട്ടി
അരൂക്കുറ്റി ആശുപത്രിയിൽ 50വർഷം മുമ്പ് ഉണ്ടായിരുന്ന സൗകര്യങ്ങൾപോലും ഇന്നില്ല. സാമൂഹികാരോഗ്യകേന്ദ്രം ആയിട്ടും പ്രാഥമികാരോഗ്യകേന്ദ്രം ആയിരുന്ന സമയെത്ത സൗകര്യമേയുള്ളൂ. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം വേണ്ടതാണ്. എട്ട് ഡോക്ടർമാരും വേണം. ഈ സൗകര്യങ്ങൾ സ്വപ്നമായി അവശേഷിക്കുകയാണ്. വി. ശിവകുമാർ ആരോഗ്യമന്ത്രി ആയിരുന്ന സമയത്ത് നടന്ന ആരോഗ്യ അദാലത്തിൽ പ്രതിഷേധം നടത്തിയതിനെത്തുടർന്ന് 24 മണിക്കൂറും ഡോക്ടർമാരുടെ ഓൺകാൾ ഡ്യൂട്ടി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പായില്ല. കിടത്തിച്ചികിത്സയുള്ള ആശുപത്രികളിൽ ഡോക്ടർമാർ വിളിപ്പുറത്തുതന്നെ ഉണ്ടാകണമെന്നാണ് വ്യവസ്ഥ. അതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല. ജനപ്രതിനിധികൾ തികഞ്ഞ അവഗണനയാണ് ആശുപത്രിയോട് കാണിക്കുന്നത്. ഏക്കറുകണക്കിന് ഭൂമി ഉണ്ടായിട്ടും ഇത് പ്രയോജനപ്പെടുത്താൻ എ.കെ. ആൻറണി മുതൽ എ.എം. ആരിഫ് വരെയുള്ള ജനപ്രതിനിധികൾക്ക് കഴിഞ്ഞില്ല.
വേണ്ടത് ശാസ്ത്രീയ സമീപനം-ടി.എം. അജയകുമാർ, പുല്ലൂരിക്കൽ, അരൂക്കുറ്റി
സി.എച്ച്.സിയുടെ വികസന കാര്യത്തിൽ ജനപ്രതിനിധികൾ പലപ്പോഴും അലംഭാവ സമീപനമാണ് വെച്ചുപുലർത്തുന്നത്. മണ്ഡലത്തിലെതന്നെ മറ്റ് ആശുപത്രികളോട് കാണിക്കുന്ന സമീപനം ഈ ആതുരാലയത്തോട് ഉണ്ടായില്ല. ചില നന്മ മനസ്സുകളാണ് ആശുപത്രിയെ സഹായിച്ചുകൊണ്ടിരിക്കുന്നത്. ചുറ്റുമതിൽ കെട്ടി ആശുപത്രി ഭൂമി അടിയന്തരമായി സംരക്ഷിക്കപ്പെടുന്നതോടൊപ്പം നായ്, പാമ്പ്, സാമൂഹികവിരുദ്ധ ശല്യം എന്നിവയിൽനിന്നുള്ള മോചനവും ഉണ്ടാകണം. ആശുപത്രിക്കെട്ടിടങ്ങൾ പല ഭാഗത്തായി കിടക്കുന്നതും സമയാസമയങ്ങളിൽ അറ്റകുറ്റപ്പണി ചെയ്യാത്തതും പ്രശ്നമാണ്. എല്ലാ സംവിധാനങ്ങളുമുള്ള ഒറ്റക്കെട്ടിടം വേണം. കായലിനോട് ചേർന്ന സ്ഥലം വൃത്തിയാക്കി രോഗികൾക്ക് വിശ്രമ സൗകര്യമൊരുക്കണം. കാട് കയറിയ ഭാഗങ്ങൾ വൃത്തിയാക്കി കൃഷിചെയ്യണം. ക്വാർട്ടേഴ്സുകൾ പുനർ നിർമാണം നടത്തി ഉപയോഗയോഗ്യമാക്കണം. ആശുപത്രിയുടെ മധ്യത്തിലൂടെ പോകുന്ന ൈവദ്യുതി ലൈൻ മാറ്റണം. കൊച്ചി നേവി ആശുപത്രിയുെടയോ പോർട്ട് ട്രസ്റ്റിനെയോ ഉപകേന്ദ്രമാക്കി സ്ഥലസൗകര്യം പ്രയോജനപ്പെടുത്തി വികസിപ്പിച്ചെടുക്കാനുള്ള ശ്രമം സർക്കാറുകളുടെ ഭാഗത്തുനിന്നുണ്ടാകണം.
വികസനം അനിവാര്യം-സത്താർ അരൂക്കുറ്റി
അരൂക്കുറ്റി ആശുപത്രിയിൽ നിലവിൽ ഇ.സി.ജി എടുത്തുകൊണ്ടിരിക്കുന്നത് രോഗികളെ പ്രദർശന വസ്തുവാക്കുന്ന തരത്തിലാണ്. ഇത് അടിയന്തരമായി അവസാനിപ്പിച്ച് പുതിയ കെട്ടിടം നിർമിച്ച് ഇ.സി.ജി സൗകര്യം അതിലേക്ക് മാറ്റണം. എക്സ്-റേ യൂനിറ്റ് തുടങ്ങുകയും അത്യാവശ്യമായി ലാബ് സൗകര്യം വർധിപ്പിക്കുകയും വേണം. അന്യാധീനപ്പെട്ടുകൊണ്ടിരിക്കുന്ന ആസ്തികൾ സംരക്ഷിക്കപ്പെടണം. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബഹുനില കെട്ടിടം അത്യാവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.