ദുരിതക്കൂടാരമായി അരൂർ ഗവ. ആശുപത്രി; അഞ്ചുകോടി അനുവദിച്ചിട്ടും പുതിയ കെട്ടിടമില്ല?
text_fieldsഅരൂര്‍: അരൂർ ഗവ. ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കാൻ സംസ്ഥാനസര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ച മൂന്ന് കോടി രൂപയും ദലീമ ജോജോ എം.എല്‍.എയുടെ വികസന ഫണ്ടില്‍ നിന്നും അരൂര്‍ പഞ്ചായത്തില്‍ നിന്നുമുള്ള ഓരോ കോടിയും ചേര്‍ത്ത് അഞ്ച് കോടി രൂപ അനുവദിച്ചിട്ട് വർഷങ്ങൾ ഏറെയായി. പുതിയ കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം കെ.കെ ഷൈലജ ആരോഗ്യവകുപ്പ് മന്ത്രിയായിരിക്കെ നടന്നതാണ്.
കിടത്തി ചികിത്സാസൗകര്യം ഉള്‍പ്പടെയുള്ള ആധുനിക സംവിധാനങ്ങളോടെയാണ് കെട്ടിടം നിർമിക്കാൻ ഉദ്ദേശിക്കുന്നത്. പ്രവൃത്തികള്‍ തുടങ്ങണമെങ്കില്‍ ആരോഗ്യവകുപ്പിന്റെ പേരില്‍ സ്ഥലം നല്‍കണം. എന്നാല്‍ ഇതിന്റെ രേഖകള്‍ ഇല്ലാത്തതാണ് തടസ്സം. ആവശ്യമായ അപേക്ഷ കലക്ടര്‍ക്കടക്കം നല്‍കിയിട്ടുണ്ടെന്നും പ്രശ്നം രണ്ട് മാസത്തിനകം പരിഹരിക്കുമെന്നും ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് നൗഷാദ് കുന്നേല്‍ പറയുന്നു.
നിലവിലുള്ള ആശുപത്രി കെട്ടിടമാകട്ടെ ചോർന്നൊലിക്കുകയാണ്. കെട്ടിടത്തിന്റെ അകത്ത് മുകളില്‍ നിന്ന് സിമന്റ്പാളികൾ അടര്‍ന്ന് വീഴുന്നതാണ് പ്രധാന കാരണം. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ആശുപത്രി കെട്ടിടം ദ്രവിക്കുകയാണ്. രോഗികളെത്തുന്ന കെട്ടിടത്തോട് ചേര്‍ന്ന് വടക്കുഭാഗത്തുള്ള കെട്ടിടത്തില്‍ നിന്നാണ് കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുന്നത്.
പഴയ കെട്ടിടത്തിന്റെ ശോച്യാവസ്ഥ കണ്ട് മുകളില്‍ ട്രസ് വര്‍ക്ക് ചെയ്യണമെന്ന നിര്‍ദ്ദേശം ഉയർന്നെങ്കിലും തൊട്ടടുത്ത കെട്ടിടത്തിന് മുകളിലാണ് ട്രസ് വർക്ക് ചെയ്യാൻ തീരുമാനിച്ചത്. എസ്റ്റിമേറ്റെടുത്ത് ട്രസ് വര്‍ക്ക് ജോലികൾ പൂർത്തിയാക്കിയത് തെക്കേ കെട്ടിടത്തിലും സിമന്റ് പാളികൾ അടര്‍ന്ന് വീഴുന്നത് വടക്കേ കെട്ടിടത്തിലുമാണ്.
കെട്ടിടം തെരഞ്ഞെടുത്തതിലെ അപാകതയാണ് ഇതിന് കാരണമെന്നാണ് അധികാരികള്‍ നല്കുന്ന സൂചന. ഉയരപ്പാത നിർമാണവും ആശുപത്രിയെ ദുരിതത്തിലാക്കുന്നുണ്ട്. ഉയരപ്പാത ജോലികള്‍ ആരംഭിച്ചതോടെ ദേശീയപാതയിലെ ചളിവെള്ളം മുഴുവന്‍ ആശുപത്രി വളപ്പിലേക്കാണ് ഒഴുകുന്നത്.
ആളുകള്‍ കടന്നുവരുന്ന കവാടത്തില്‍ ചെളിവെള്ളം ഒഴുകാതിരിക്കാന്‍ ചെറിയ കോണ്‍ക്രീറ്റ് നിര്‍മിതിയുണ്ട്. എന്നാല്‍ തെക്കുഭാഗത്തെ വിശാലമായ ഗേറ്റുവഴി എത്തുന്ന ചളി വെള്ളം എല്ലായിടത്തും ഒഴുകി പരക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.