ലക്ഷങ്ങൾ ചെലവാക്കി; ‘ശാന്തി ഭൂമി’ കാടുകയറി
text_fieldsഅരൂർ: അരൂർ ഗ്രാമപഞ്ചായത്തിലെ ‘ശാന്തി ഭൂമി’ പൊതുശ്മശാനം ദീർഘനാളായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. പ്രതിഷേധം ഉയർന്നതോടെ ലക്ഷങ്ങൾ ചെലവാക്കി അടുത്തിടെയാണ് ശ്മശാനം പ്രവർത്തനസജ്ജമാക്കിയത്. പരാതി ഉണ്ടാകാത്ത വിധം പ്രവർത്തന സജ്ജമായിരിക്കുമെന്ന് ഉത്തരവാദിത്തപ്പെട്ടവർ ഉറപ്പുനൽകിയിരുന്നതുമാണ്.
എന്നാൽ, കഴിഞ്ഞ ദിവസവും ശ്മശാനത്തിന്റെ തൊട്ടരികിൽ താമസക്കാരനായ ആളുടെ മൃതദേഹം നെട്ടൂർ ശ്മശാനത്തിലാണ് സംസ്കരിക്കാൻ കഴിഞ്ഞത്. അരൂർ ശ്മശാനത്തിൽ ജീവനക്കാരൻ ഉണ്ടായിരുന്നില്ലെന്നാണ് പറഞ്ഞത്. അഞ്ചുമണിക്ക് ശേഷം സംസ്കാരം നടത്തില്ലെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പ്രതിഷേധത്തെതുടർന്ന് അത് പരിഹരിച്ചു.
എന്നാൽ, ഇയാൾ അവധിയെടുക്കുന്ന ദിവസം സംസ്കാരം നടക്കില്ലെന്നാണ് ഇപ്പോൾ അറിയുന്നത്.കോടികൾ മുടക്കി ആധുനിക സംവിധാനത്തോടെയാണ് പൊതുശ്മശാനം നിർമിച്ചിരിക്കുന്നത്. രണ്ട് മൃതദേഹം ഒരേസമയം സംസ്കരിക്കാൻ സൗകര്യമുള്ള, ഗ്യാസിൽ പ്രവർത്തിക്കുന്ന ക്രിമറ്റോറിയമാണ് പ്രവർത്തിക്കുന്നത്.
കൂടാതെ വിവിധ പരിപാടികൾ സംഘടിപ്പിക്കാവുന്ന തരത്തിലാണ് മുൻഭാഗം ഒരുക്കിയിരിക്കുന്നത്. ഇവിടെ ഓണാഘോഷ ഭാഗമായി കൈകൊട്ടിക്കളി ഉൾപ്പെടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ച് തുടക്കം കുറിച്ചതുമാണ്. എന്നാൽ ഇപ്പോൾ ശ്മശാനവളപ്പ് കാടുകയറി ഇഴജന്തുക്കളുടെ താവളമായിരിക്കുകയാണ്. മുഴുവൻ സമയകാവൽക്കാരനും സംസ്കാര നടത്തിപ്പുകാരനുമായി ആളെ തീരുമാനിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മൃതദേഹത്തോടൊപ്പം കൊണ്ടുവരുന്ന പുഷ്പചക്രം ഉൾപ്പെടെയുള്ളവ സംസ്കരിക്കാൻ ചെറിയ സംവിധാനം ഏർപ്പെടുത്തിയിരുന്നത് ഇപ്പോൾ ചാരവും മണ്ണും അടിഞ്ഞ് ഉപയോഗശൂന്യമായി തീർന്നിട്ടുണ്ട്. ക്രിമറ്റോറിയത്തിന് പുറകിലേക്ക് നടന്നുചെല്ലാൻ പോലും കഴിയില്ലെന്നാണ് ശ്മശാനത്തിലെത്തിയവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.