തീരദേശ റെയിൽപാത ഇരട്ടിപ്പിക്കൽ അരൂർ-കുമ്പളം റെയിൽപാലം നിർമാണം തുടങ്ങി
text_fieldsഅരൂർ: തീരദേശ റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി അരൂർ-കുമ്പളം റെയിൽപാലം നിർമിക്കാൻ നടപടി തുടങ്ങി. വേമ്പനാട്ട് കായലും അറബിക്കടലുമായി ബന്ധമുള്ള അരൂർ കൈതപ്പുഴ കായലിനു കുറുകെയാണ് പാലം നിർമിക്കുന്നത്. നിലവിലെ പാലത്തിന് സമാന്തരമായി പടിഞ്ഞാറ് ഭാഗത്താണ് പുതിയ പാലം നിർമിക്കുന്നത്.ഈ പാലം കൂടി വരുന്നതോടെ കായലിനു കുറുകെ അഞ്ചാമത്തെ പാലം നിലവിൽ വരും.
ദേശീയപാതയുടെ ഭാഗമായി അരൂർ- ഇടപ്പള്ളി പാതയിൽ അരൂർ-കുമ്പളം പാലം രണ്ടെണ്ണം നിലവിലുണ്ട്. കൈതപ്പുഴ കായലിൽ തന്നെ ഇടക്കൊച്ചി-അരൂർ പാലവും അരൂർ-കുമ്പളം റെയിൽവേ പാലവും കായലിൽ നിലനിൽക്കുന്നു. അതിനു പുറമെയാണ് അരൂർ-കുമ്പളം പുതിയ റെയിൽപാലം. ഇതിനു മുമ്പ് നിർമിച്ച പാലങ്ങളുടെ അവശിഷ്ടങ്ങൾ, തൂണ് കുഴിച്ചിടുമ്പോൾ പുറന്തള്ളുന്ന മണ്ണും ചളിയും എക്കലായി പലഭാഗങ്ങളിലും അടിഞ്ഞു കര രൂപപ്പെട്ടിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്ന ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ മത്സ്യത്തൊഴിലാളികൾ സംഘടിച്ച് പ്രക്ഷോഭം നടത്തിയിരുന്നു.
തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് വ്യക്തമായ ധാരണ വരുത്താതെയാണ് പണി തുടങ്ങിയിട്ടുള്ളതെന്ന് അറിയുന്നു.എറണാകുളം–അരൂർ പാതക്കിടക്ക് മൂന്നു പാലം നിർമിക്കേണ്ടിവരും. പാതയിൽ നിർമിക്കാനുള്ള പാലങ്ങൾക്കായുള്ള മണ്ണുപരിശോധന മാസങ്ങൾക്കു മുമ്പ് നടത്തിയിരുന്നു. കൊൽക്കത്ത കേന്ദ്രീകരിച്ചുള്ള റെയിൽ ഇൻഫ്രാ കൺസ്ട്രക്ഷൻ എന്ന കരാറുകാരാണ് നിർമാണം ഏറ്റെടുത്തിരിക്കുന്നത്. രണ്ട് വർഷംകൊണ്ട് പാലങ്ങളുടെ നിർമാണം പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. കോന്തുരുത്തി–നെട്ടൂർ, നെട്ടൂർ– കുമ്പളം, കുമ്പളം– അരൂർ എന്നീ മൂന്ന് പാലങ്ങൾക്കുമായി 208 കോടിയാണ് അനുവദിച്ചിരിക്കുന്നത്. റെയിൽവേ പാലത്തിന്റെ ഡിസൈൻ തയാറാക്കി കഴിഞ്ഞു.
അരൂർ–കുമ്പളം പാലം 854.5 മീറ്റർ വരും. നെട്ടൂർ –കുമ്പളം 158.6 മീറ്ററും കോന്തുരുത്തി–നെട്ടൂർ പാലം 152.5 മീറ്ററും നീളത്തിലാണ് നിർമിക്കുന്നത്. അരൂർ–കുമ്പളം റെയിൽപാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി അരൂർ, കോടംതുരുത്ത്, എഴുപുന്ന, കുത്തിയതോട്, തുറവൂർ എന്നീ വില്ലേജുകളിൽപെട്ട 796 കൈവശക്കാരിൽനിന്ന് എട്ട് ഹെക്ടറിനുമേൽ ഭൂമി റെയിൽവേ ഏറ്റെടുക്കുന്നതിനുള്ള അവസാന ഘട്ട നടപടിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.