അരൂർ പഞ്ചായത്തിൽ ശുചീകരണത്തിന് സ്ഥിരം സംവിധാനമില്ല; ഹൈടെക് മത്സ്യമാർക്കറ്റിൽ മാലിന്യം കുമിയുന്നു
text_fieldsഅരൂര്‍: അരൂരിലെ ഹൈടെക് മത്സ്യമാര്‍ക്കറ്റിലെ മാലിന്യക്കൂമ്പാരം മത്സ്യം വിൽപനക്കാർക്കും വാങ്ങുന്നവർക്കും ദുരിതമാകുന്നു. രാവിലെ മുതൽ സജീവമാകുന്ന മാര്‍ക്കറ്റില്‍ സമീപ പഞ്ചായത്തുകളില്‍ നിന്നടക്കം മത്സ്യം വാങ്ങാന്‍ നിരവധി ആളുകളെത്തുന്നുണ്ട്. സമീപ പഞ്ചായത്തുകളിൽനിന്ന് മത്സ്യങ്ങളുമായി തൊഴിലാളികളും എത്തുന്നുണ്ട്.
മത്സ്യക്കച്ചവടം നടക്കുന്നതിന് സമീപമാണ് മാലിന്യവും കുമിയുന്നത്. ഗാന്ധിജയന്തി ദിനത്തില്‍ ഇവിടെയും ശുചീകരണം നടക്കുമെന്ന് കരുതി കാത്തിരുന്നവർ നിരാശരായി. ദുർഗന്ധം വമിക്കുന്ന മാലിന്യം മാറ്റാൻ ആരും എത്തിയില്ല. പകർച്ചവ്യാധി ഭീഷണിയുള്ള പഞ്ചായത്താണിത്.
ജില്ലയില്‍ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച 20 പഞ്ചായത്തുകളിലൊന്ന് എന്നതിന്റെ പുരസ്കാരം കഴിഞ്ഞ ദിവസം ജില്ല പഞ്ചായത്തില്‍നിന്ന് അരൂര്‍ ഏറ്റുവാങ്ങിയിരുന്നു. പഞ്ചായത്തിന് തൊട്ടടുത്ത് ദേശീയപാതക്കരികിലെ പൊലീസ് എയ്ഡ് പോസ്റ്റിനോട് ചേര്‍ന്ന് തള്ളിയ ചാക്കുകണക്കിന് മാലിന്യം നീക്കാതെ വിഷമിക്കുമ്പോഴാണ് ഇത്തരത്തിലൊരു അംഗീകാരം പഞ്ചായത്തിന് ലഭിച്ചത്. അംഗീകാരവും പഞ്ചായത്തിന് ഭാരമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത എം.സി.എഫുമായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തില്‍ എയ്ഡ് പോസ്റ്റിന് സമീപത്തെ മാലിന്യം പരിശോധിച്ച് നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനിടെയാണ് മത്സ്യ മാര്‍ക്കറ്റിലെ മാലിന്യം കൂനിന്മേല് കുരുപോലെ ആകുന്നത്. വിഷയം ചർച്ചയായതിനു പിന്നാലെ ആരോഗ്യപ്രവർത്തകർ മാലിന്യം തള്ളിയവർക്കെതിരെ നടപടിയുമായി എത്തിയെന്നറിയുന്നു.
നാലോളം അംഗീകൃത മത്സ്യത്തൊഴിലാളി സംഘങ്ങൾ മത്സ്യക്കച്ചവടം നടത്തുന്ന മാർക്കറ്റാണിത്. ഏതാനും വർഷങ്ങൾക്കു മുമ്പ് ഹൈടെക് സംവിധാനത്തിൽ മത്സ്യമാർക്കറ്റ് കോടികൾ മുടക്കി നിർമിച്ചതാണ്. ശുചീകരണത്തിന് സ്ഥിരം സംവിധാനം ഏർപ്പെടുത്താത്തതാണ് മാലിന്യം കെട്ടിക്കിടക്കാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.