അരൂരിൽ വെള്ളക്കെട്ടും തോടും പാടവും നികത്തി റിയൽ എസ്റ്റേറ്റ് സംഘങ്ങൾ
text_fieldsഅരൂർ: അരൂർ റിയൽ എസ്റ്റേറ്റ് സംഘങ്ങളുടെ ഇഷ്ട സ്ഥലമായി മാറുന്നു. ഏതു വിലക്കും ഇവർ ഭൂമി വാങ്ങിക്കൂട്ടുകയാണ്. വർഷങ്ങൾക്കുമുമ്പ് വാങ്ങിയ വെള്ളക്കെട്ടും തോടുകളും പാടവും മറ്റും നികത്തി പറമ്പാക്കി, ഉദ്യോഗസ്ഥരുടെ സഹായത്തോടെ രേഖകൾ എല്ലാം ശരിയാക്കി വിൽപന നടത്തുന്ന സംഘങ്ങൾ അരൂരിൽ വിലസുകയാണ്. റവന്യൂ-പഞ്ചായത്ത് ഉദ്യോഗസ്ഥരോടൊപ്പം രാഷ്ട്രീയക്കാരും പങ്കുചേർന്നാണ് ഭൂമിക്കച്ചവടം.
അരൂർ-തുറവൂർ ഉയരപ്പാത പൂർത്തിയാകുന്നതോടെ ഗതാഗത തിരക്കൊഴിഞ്ഞയിടമായി അരൂർ മേഖല മാറും. നഗരത്തിന്റെ അലോസരങ്ങൾ ഇല്ലാതെ സമാധാനമായി കഴിയാൻ പറ്റുന്ന സ്ഥലമാവും അരൂർ എന്നാണ് വിലയിരുത്തപ്പെടുന്നത്.
ദേശീയപാതയുടെ സാന്നിധ്യവും കൊച്ചിയിലേക്കുള്ള ദൂരക്കുറവും അരൂരിന്റെ മൂലയം കൂട്ടുമെന്നാണ് റിയൽ എസ്റ്റേറ്റ് സംഘങ്ങളുടെ കണക്കുകൂട്ടൽ.
ഇതോടെ പാവപ്പെട്ടവന് കൂരവെക്കാൻ അരൂരിൽ മണ്ണ് കിട്ടാത്ത അവസ്ഥയാണ്. ലക്ഷംവീട്ടിലും മറ്റും ഒരു വീടിന്റെ പകുതിയിൽ ഒരു കുടുംബം താമസിച്ചിരുന്നത് ഇപ്പോൾ അഞ്ചോ ആറോ കുടുംബങ്ങളായി പെരുകുമ്പോഴും ഒരു സെന്റ് സ്ഥലം പോലും വാങ്ങാൻ കഴിയാത്ത അവസ്ഥയാണ്. നാല് സെന്റ് സ്ഥലം എങ്കിലും വാങ്ങിയാലേ വീടുവെക്കുന്നതിന് സർക്കാറിന്റെ സഹായം ലഭിക്കുകയുള്ളൂ. നാല് സെന്റ് സ്ഥലം വാങ്ങുന്നതിന് പഞ്ചായത്ത് അനുവദിക്കുന്ന തുക 3,25,000 രൂപയാണ്. അരൂർ പഞ്ചായത്തിൽ ഉൾസ്ഥലങ്ങളിൽ വരെ സെന്റിന് നാലും അഞ്ചും ലക്ഷം രൂപയാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.