ചന്തം ചോരാതെ ചന്തിരൂർ
text_fieldsഅരൂർ: ചന്തിരൂരിന്റെ ചന്തം കായലുകളും നെൽവയലുകളുമാണ്. കാലം മുന്നോട്ടുപോകുമ്പോഴും ഇവ രണ്ടും ഈ നാടിനെ കൈവിട്ടിട്ടില്ല.
പണ്ട് വളരെയധികം നെൽകൃഷി ഉണ്ടായിരുന്ന ഇവിടെ, പച്ച ചേലയണിഞ്ഞപോലെ പരന്ന് കിടന്നിരുന്നു. ഇപ്പോൾ പാടങ്ങളുടെ വിസ്തൃതി കുറഞ്ഞെങ്കിലും നെൽനാമ്പുകളുടെ പച്ചപ്പിന് ഇപ്പോഴും ചേലുണ്ട്. കായലിലെ ചെമ്മീനും മറ്റു മത്സ്യങ്ങളും അവ പിടിക്കുന്നതും വിൽക്കുന്നതും അത് തൊഴിലാക്കിയവരും ഇവിടെ ഏറെയുണ്ട്.
കേരളത്തിൽ തന്നെ അപൂർവമായ മുക്കാളി നിലങ്ങൾക്ക് പ്രസിദ്ധമായിരുന്നു ഇവിടത്തെ നെൽപാടങ്ങൾ. ഔഷധഗുണമേറെയുള്ള ചെട്ടിവിരിപ്പ് നെല്ലും വ്യാപകമായി കൃഷി ചെയ്തിരുന്നു. രാസവള പ്രയോഗം ആവശ്യമില്ലാതിരുന്ന ജൈവപ്രകൃതമായ പൊക്കാളി നെൽവിത്ത് ഇന്നും പ്രസിദ്ധമാണ്. പച്ചപ്പുനിറഞ്ഞ പാടങ്ങളും ഇടത്തോടുകളാൽ സമൃദ്ധവുമായ ഭൂപ്രദേശങ്ങളും ഇടതൂർന്ന തെങ്ങിൻ തോപ്പുകളും ചന്തിരൂരിന് ചന്തം പകരുന്നു.
അരൂർ ഗ്രാമപഞ്ചായത്തിൽ കിഴക്ക് വേമ്പനാട്ടുകായലും പടിഞ്ഞാറ് വെളുത്തുള്ളിക്കായലും വടക്ക് അരൂരും തെക്ക് എരമല്ലൂരും അതിരിടുന്നതാണ് ചന്തിരൂർ ഗ്രാമം. പണ്ട് തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു. രാജഭരണകാലത്ത് ഒരു വലിയ ചന്ത ഉണ്ടായിരുന്നു. മീൻ, കക്ക, ഞണ്ട്, ചെമ്മീൻ, കൊഞ്ച് തുടങ്ങി കായൽവിഭവങ്ങൾക്ക് പ്രസിദ്ധമായിരുന്നു അന്നത്തെ ചന്ത. മീനും ഉണക്കമീനും വാങ്ങാൻ ദൂരദിക്കുകളിൽനിന്നുപോലും ആളുകൾ വരുമായിരുന്നു. അന്തിമയങ്ങിയാൽ വഴിയരികിലും പാടവരമ്പത്തുമിരുന്ന് ആറ്റുകൊഞ്ചും പൊടിച്ചെമ്മീനും വില്പന നടത്തുന്ന ആണുങ്ങളും പെണ്ണുങ്ങളും എന്നും ഭംഗിയുള്ള ഗ്രാമക്കാഴ്ചയായിരുന്നു. ഇന്നും കായലിൽ മുങ്ങിത്തപ്പി മീൻ പിടിക്കുന്ന സ്ത്രീകളെ ചന്തിരൂരിൽ കാണാം. ചന്തിരൂരിലെ ചെമ്മീന് അന്നും ഇന്നും പ്രിയമേറും. അതുകൊണ്ട് ചെമ്മീൻ കയറ്റുമതിയിൽ കേരളത്തിലെ മുഖ്യകേന്ദ്രമായും മത്സ്യസംസ്കരണ കയറ്റുമതി വ്യവസായത്തിന്റെ ഹബായും ചന്തിരൂർ മാറി.
കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച ‘വെളുത്തുള്ളിക്കായൽ സമര’ത്തിനു ചന്തിരൂർ വേദിയായത് 1967ലാണ്. കായൽത്തീരത്ത് കൃഷിക്ക് ഭൂമി പതിച്ചുകൊടുക്കുന്നതിനെ ചൊല്ലിയായിരുന്നു സമരം. ചന്തിരൂർ ദൈവവെളി ക്ഷേത്രം, പള്ളിയിൽ ഭഗവതീക്ഷേത്രം, കുമർത്തുപടി ദേവീക്ഷേത്രം എന്നിവ പഴക്കമുള്ള ദേവാലയങ്ങളാണ്.
ശാന്തിഗിരി ആശ്രമ സ്ഥാപകൻ കരുണാകരഗുരു ജനിച്ചത് ചന്തിരൂരിലാണ്. മലയാളത്തിന്റെ മഹാനടൻ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെയും ജന്മസ്ഥലമാണ്. മമ്മൂട്ടി പ്രാഥമിക വിദ്യാഭ്യാസം നേടിയതും ആദ്യമായി വേദിയിൽ കയറിയതും ചന്തിരൂർ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.