ദേശാടനപ്പക്ഷികളുടെ സ്വർഗമായി ചങ്ങരം; പറന്നകലുമെന്ന് ആശങ്ക
text_fieldsഅരൂർ: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രകൃതിയെയും പക്ഷികളെയും സ്നേഹിക്കുന്നവരെത്തുന്ന ഇടമായി ചങ്ങരം മാറുകയാണ്. കോടംതുരുത്ത് പഞ്ചായത്തിലെ ചങ്ങരത്തെ വിസ്തൃത പൊക്കാളിപ്പാടങ്ങൾ ദേശാടനപ്പക്ഷികളുടെ ഇഷ്ടയിടമായി മാറിയിട്ട് വർഷങ്ങൾ ഏറെയായി. വിദേശങ്ങളിൽനിന്നുപോലും നിരവധി പക്ഷിപ്രേമികൾ ചങ്ങരത്തെത്തുന്നുണ്ട്. 2014 വരെ വന്നുകൊണ്ടിരുന്ന പക്ഷിയിനങ്ങളിൽ പലതും ഇപ്പോൾ എത്തുന്നില്ലെന്ന് പക്ഷിപ്രേമികൾ പറയുന്നു. ഇനിയും ദേശാടനപ്പക്ഷികളെ അകറ്റുന്ന ഒന്നും ഉണ്ടാകാതിരിക്കാൻ അധികൃതരുടെ അതിജാഗ്രതയാണ് ചങ്ങരത്തിന് ആവശ്യം.
ബേർഡ്സ് എഴുപുന്ന
208 ഇനത്തിൽപെട്ട പക്ഷികൾ വിവിധ കാലങ്ങളിൽ ദേശാടനം നടത്തി വിവിധ രാജ്യങ്ങളിൽനിന്ന് ചങ്ങരത്ത് പറന്നിറങ്ങുന്നുണ്ടെന്ന് നിരവധി വർഷങ്ങളിലെ നിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം 'ബേർഡ്സ് എഴുപുന്ന' കണ്ടെത്തിയിട്ടുണ്ട്.
2014ലാണ് ജില്ലയിലെ പ്രകൃതിസ്നേഹികളെ മാത്രം ഉൾപ്പെടുത്തി ഈ സംഘടന രൂപവത്കൃതമായത്. ഇവരുടെ ശക്തമായ ഇടപെടലിലൂടെയാണ് തോക്കിനിരയായിക്കൊണ്ടിരിക്കുന്ന പക്ഷികളെ സംരക്ഷിക്കാനായത്. വരുന്ന പക്ഷികളുടെ ദേശവും കാലവും മാത്രമല്ല, പക്ഷികളെക്കുറിച്ച് സമസ്ത കാര്യങ്ങളും അറിയാൻ ഇവർ ശ്രമിക്കുന്നു. ചങ്ങരം പാടശേഖരം അപൂർവ പക്ഷിസങ്കേതമാക്കി വികസിപ്പിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുമ്പോഴും പക്ഷികൾ ഇഷ്ടപ്പെടുന്ന ചങ്ങരത്തിന്‍റെ സ്വസ്ഥതക്ക് ഗുണകരമല്ലാത്ത ഒരുനിർമാണവും ഇവിടെ നടത്തരുതെന്ന പ്രാർഥനകൂടിയുണ്ട് സംഘടനക്ക്. പക്ഷികളെയും പ്രകൃതിയെയും സ്നേഹിക്കുന്നവർ മാത്രം വരുന്ന ഒരിടമായി ചങ്ങരം മാറണമെങ്കിൽ മറ്റുള്ളവരെ ആകർഷിക്കുന്നതൊന്നും ഇവിടെ ഉണ്ടാകരുതെന്ന് സംഘടനയുടെ പ്രസിഡന്‍റ് സുമേഷ് പറയുന്നു.
വിശാലമായ പൊക്കാളിപ്പാടങ്ങളിൽ ആളനക്കമില്ലാത്ത സ്വച്ഛതയിലേക്ക് പറന്നിറങ്ങുന്ന ദേശാടനപ്പക്ഷികളെ ആകർഷിക്കുന്നത് അധികം അകലെയല്ലാതെ അലയടിക്കുന്ന കടലിന്‍റെ സാന്നിധ്യമാകാം. കടൽപ്പക്ഷികളും ഇവിടെ ചേക്കേറാറുണ്ട്. വിവിധ സമയങ്ങളിൽ 208 ഇനത്തിൽപെട്ട ദേശാടനപ്പക്ഷികൾ ഇവിടെ എത്താറുണ്ടെന്ന് സെക്രട്ടറി രാജേന്ദ്രൻ പറയുന്നു. പക്ഷികളുടെ പറുദീസയാകാൻ ചങ്ങരം പാടശേഖരത്തെ പ്രാപ്തമാക്കുന്നത് അപകടരഹിതമായ ചുറ്റുപാടുകളും സുലഭമായ ഇഷ്ടഭക്ഷണവുമാണെന്ന് പക്ഷി നിരീക്ഷകർ കരുതുന്നു. സൂക്ഷ്മജീവികൾ, ചെറുമത്സ്യങ്ങൾ, തേനീച്ചകൾ തുടങ്ങി വിവിധയിനം ഇരകൾ ഇവിടെ സുലഭമാണ്.
അധികൃതർ ചെയ്യേണ്ട ചെറിയ കാര്യങ്ങൾ
മറഞ്ഞിരുന്ന് പക്ഷികളെ നിരീക്ഷിക്കനും അവയുടെ ചിത്രം പകർത്താനും ഹൈഡ് സൗകര്യം ഏർപ്പെടുത്തുക. ചങ്ങരം പക്ഷിസങ്കേതത്തിന്റെ പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ച് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക. ഇവിടെ വരുന്ന പക്ഷികളെക്കുറിച്ച് വ്യക്തമായ സൂചന നൽകുന്ന വിവരങ്ങൾ പ്രദർശിപ്പിക്കുക. ഫോട്ടോകൾ പ്രദർശിപ്പിക്കുന്നതിന് ഗാലറി സ്ഥാപിക്കുക. പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് കർശനമായി തടയുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് പക്ഷിപ്രേമികൾ മുന്നോട്ടുവെക്കുന്നത്.
പരിസരവാസികളെ ഉൾപ്പെടുത്തി ഉത്തരവാദിത്ത ടൂറിസം
ചങ്ങരം പാടശേഖരത്തിൽ ചുറ്റിയുള്ള തണ്ണീർത്തടങ്ങളെ യോജിപ്പിച്ച് ശാന്തമായി ഒഴുകുന്ന നൗകകൾ ഏർപ്പെടുത്തുക, എഴുപുന്ന, ചെല്ലാനം, അന്ധകാരനഴി സ്ഥലങ്ങൾ ചുറ്റി ഗ്രാമജീവിതത്തിന്‍റെ നേർക്കാഴ്ച കണ്ട്, പക്ഷികളെയും ജൈവവൈവിധ്യവും കണ്ട് യാത്ര തുടങ്ങിയ സ്ഥലത്തുതന്നെ തിരിച്ചെത്തുന്ന സർക്യൂട്ട് കായൽ ടൂറിസം ഏർപ്പാടാക്കുക തുടങ്ങിയ നടപ്പാക്കാവുന്നതാണ്. ചങ്ങരം പാടശേഖരത്തിനടുത്ത് 120 കുടുംബം മാത്രമാണ് താമസം. ഇവർക്കുകൂടി പ്രയോജനപ്പെടുന്നവിധത്തിൽ ചങ്ങരത്തെ പക്ഷിസങ്കേതമാക്കി വികസിപ്പിക്കണം. ചുറ്റുമുള്ള പ്രദേശങ്ങളിലെ ആളുകളെ ദേശാടനപ്പക്ഷികളെക്കുറിച്ച് പഠിപ്പിച്ചാൽ ഇവയുടെ സംരക്ഷകരാകാൻ സഹായിക്കും. ടൂറിസ്റ്റ് ഗൈഡുകളെ പ്രദേശത്തുനിന്ന് കണ്ടെത്താനും ആവശ്യമെങ്കിൽ ടൂറിസ്റ്റുകളെ താമസിപ്പിക്കാനുള്ള ഹോം സ്റ്റേ ഏർപ്പെടുത്തുക വഴി പ്രദേശവാസികൾക്ക് ഉപജീവനം നടത്താനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.