വാഹനത്തിരക്കേറുന്നു; ചന്തിരൂർ പഴയ പാലം റോഡിൽ അപകടക്കെണിയേറി
text_fieldsഅരൂർ: ചന്തിരൂർ പഴയ പാലം റോഡിലെ വാഹനങ്ങളുടെ അലസമായ പാർക്കിങ് അപകടഭീഷണി ഉയർത്തുന്നു. തുറവൂർ -അരൂർ ആകാശപ്പാത നിർമാണം മൂലം ദേശീയപാതയുടെ സമാന്തരമായി നിലനിൽക്കുന്ന ചന്തിരൂർ സെന്റ് മേരീസ് പള്ളിമുതൽ എരമല്ലൂർ കാഞ്ഞിരത്തുങ്കൽ ക്ഷേത്രം വരെയുള്ള പഴയ ദേശീയപാതയിലൂടെ വാഹനങ്ങൾ തിരിച്ചു വിടുന്നതാണ് അപകട ഭീഷണിയായത്.
എന്നാൽ അനിയന്ത്രിതമായ വാഹനങ്ങളുടെ സഞ്ചാരം കണക്കിലെടുക്കാതെ ഒരു കിലോമീറ്ററോളം ദൂരമുള്ള റോഡിനിരുവശവും അനധികൃതവും അലക്ഷ്യവുമായ രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഈ വഴിയുള്ള ഗതാഗതത്തിന് തടസ്സവും അപകടത്തിനും കാരണമാകുന്നുണ്ട്. ചന്തിരൂർ പഴയ പാലം റോഡിലെ മത്സ്യ മാർക്കറ്റിന് സമീപം റോഡ് കൈയ്യടക്കിയുള്ള പാർക്കിങ് നിത്യവും ഗതാഗത തടസ്സവും വാക്ക്തർക്കങ്ങൾക്കും കാരണമാകുകയാണ്.
ഇക്കഴിഞ്ഞ ദിവസം റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം തിരുവനന്തപുരത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസ് തട്ടി സമീപത്തെ കടക്കകത്തേക്ക് മറിഞ്ഞുവീണു. മാർക്കറ്റിൽ രാവിലെ അഞ്ച് മുതലുണ്ടാകുന്ന കച്ചവടത്തിരക്കും ഗതാഗതകുരുക്കും കണക്കിലെടുത്ത് അരൂർ പൊലീസ് നടപടി സ്വീകരിക്കണമെന്ന് സൗഹൃദം കൂട്ടായ്മ ഭാരവാഹികളായ സന്തോഷ് എരമല്ലൂർ, സുനിതമോൾ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.