അരൂരിലെ കായൽ തീരങ്ങളിൽ നിന്നും ചീന വലകൾ വിസ്മൃതിയിലേക്ക്
text_fieldsഅരൂർ: വിദേശ -സ്വദേശ വിനോദസഞ്ചാരികളെ ഒരുപോലെ ആകർഷിച്ചിരുന്ന അരൂരിലെ കായൽ തീരങ്ങളിൽ തലയുയർത്തി നിന്ന ചീനവലകൾ വിസ്മൃതിയിലേക്ക്. ചൈനയുടെ മത്സ്യബന്ധന രീതി ചൈനക്കാർ ഇവിടെ കൊണ്ടുവന്ന് പകർത്തിയതാണെന്നും പിന്നീട് പോർച്ചുഗീസുകാർ നവീകരിച്ചതാണെന്നും പറയുന്നു. ചീനവലയുടെ പല അനുബന്ധ സാധനങ്ങളുടെയും പേരുകൾ പോർച്ചുഗീസ് ഭാഷയിൽ ആണെന്നും പഴമക്കാർ പറയുന്നു.
രാത്രിയിൽ വിളക്കുകളിലേക്ക് മത്സ്യങ്ങളെ ആകർഷിച്ച് വലകൊണ്ട് കോരിയെടുക്കുന്ന രീതിയാണ് ഇത്. ആദ്യകാലങ്ങളിൽ ഇതിൽ പെട്രോമാക്സുകളും പിന്നീട് ഇലക്ട്രിക് ലാംപുകളുമാണ് ഉപയോഗിച്ചിരുന്നത്. ചെറുപുന്നകളുടെ നീളം കൂടിയ കമ്പുകളും തേക്കിൻ കഴകളും തെങ്ങിൻ കുറ്റികളുമാണ് വല സ്ഥാപിക്കാൻ ഉപയോഗിച്ചിരുന്നത്. കായികശേഷിയുള്ള രണ്ട് തൊഴിലാളികൾ എങ്കിലും ഇതു വലിക്കുന്നതിന് ആവശ്യമാണ്.
വൈകീട്ട് മുതൽ പുലരും വരെ പണിയെടുത്താൽ രണ്ട് കുടുംബത്തിന് കഴിഞ്ഞുപോകാൻ ആവശ്യമായ മീൻ കിട്ടാതെ വന്നപ്പോഴാണ് പലരും ചീനവലകൾ ഉപേക്ഷിച്ചത്. കായലിൽ അടിയുന്ന മാലിന്യമാണ് ചീനവലകൾക്ക് ഭീഷണിയായത്. ചീനവലകൾ നിർമിക്കുന്ന തേക്കിൻകഴകളും ചെറുപുന്നകളും കിട്ടാതെ വന്നതോടെ ഇരുമ്പുകൊണ്ട് ചീനവലകൾ ഉണ്ടാക്കാൻ തുടങ്ങി. ഇത് ചീനവല പൈതൃകം തന്നെ ഇല്ലാതാക്കുന്നു. കേരളത്തിെൻറ കായലോരങ്ങളുടെ മുഖമുദ്രയായ ചീനവല സംരക്ഷിക്കാത്തതാണ് പ്രശ്നം.
ഒന്നര വർഷം മുമ്പ് ചൈനീസ് അംബാസഡർ കൊച്ചി സന്ദർശിക്കാനെത്തിയപ്പോൾ ചീനവലയുടെ ദുരവസ്ഥ നേരിൽ കണ്ടറിഞ്ഞു. ഇവ സംരക്ഷിക്കാൻ രണ്ടു കോടി വാഗ്ദാനം ചെയ്തു. ഇത് സർക്കാറിനെ നാണക്കേടിലാക്കി. ചീനവല സർക്കാർതന്നെ സംരക്ഷിച്ചുകൊള്ളാമെന്നും സഹായം വേണ്ടെന്നും സ്നേഹപൂർവം അറിയിച്ചു.
ഭരണാധികാരികൾ ഉൾവലിഞ്ഞു. തുടർന്ന് ചീനവല സംരക്ഷണത്തിന് സർക്കാർ പദ്ധതി ഒരുക്കി. ഒന്നരക്കോടി അനുവദിച്ചെങ്കിലും രണ്ടുവർഷം പിന്നിട്ടിട്ടും എവിടെയും എത്തിയില്ല. ചീനവലയുടെ നീണ്ട കൈകൾ നിർമിക്കാൻ ഒമ്പത് മീറ്റർ നീളമുള്ള തേക്കിൻകഴ ലഭ്യമല്ലെന്നാണ് ടൂറിസം വകുപ്പ് പറയുന്നത്.
മണിക്കൂറുകൾ വലവലിച്ചാലും ചെലവിന് തികയാറില്ലെന്ന് തൊഴിലാളികൾ പറയുന്നു. അറ്റകുറ്റപ്പണിക്ക് വരുന്ന ചെലവും താങ്ങാനാകുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അടിയന്തരമായി ചീനവല സംരക്ഷണ പദ്ധതി നടപ്പാക്കാനാണ് ജനപ്രതിനിധികൾ ഉൾപ്പെെടയുള്ളവർ ശ്രമിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.