നിലപാട് വ്യക്തമാക്കാതെ തീരദേശ ജനത
text_fieldsഅരൂർ: രാഷ്ട്രീയ ഭൂപടത്തിൽ അരൂരിെൻറ മണ്ണിനെക്കുറിച്ച് കേൾക്കുേമ്പാൾ രാഷ്ട്രീയത്തിലെ മുത്തശ്ശിയും വിപ്ലവനായികയുമായ കെ.ആർ. ഗൗരിയമ്മയെക്കുറിച്ചാണ് ആദ്യം ഓർമവരിക. ജീവിതത്തിെൻറ സമസ്തമേഖലകളിലും രാഷ്ട്രീയം ഉണ്ടെന്നും രാഷ്ട്രീയ നിലപാടുകൾ ജീവിതത്തിെൻറ ഗതിവിഗതികളെ നിയന്ത്രിക്കുന്നുണ്ടെന്നും വിശ്വസിക്കുന്നവരാണ് ഇവിടത്തെ വോട്ടർമാർ.
2019ലെ ഉപതെരഞ്ഞെടുപ്പിൽ കൈവിട്ട മണ്ഡലം പാട്ടുപാടി തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ് നിയോഗിച്ചിരിക്കുന്നത് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറുകൂടിയായ ദലീമ ജോജോയെയാണ്.
വിജയത്തുടർച്ച നിലനിർത്തി അഭിമാനമാകാനുള്ള തയാറെടുപ്പിലാണ് യു.ഡി.എഫ് സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ ഷാനിമോൾ ഉസ്മാൻ. പെൺപോരിൽ കഴിഞ്ഞതവണത്തെക്കാൾ വോട്ട് കൂട്ടാനുള്ള പ്രവർത്തനത്തിലാണ് ബി.ഡി.ജെ.എസിെൻറ അനിയപ്പൻ. കോൺഗ്രസിനും സി.പി.എമ്മിനും അഭിമാനപോരാട്ടമായ മണ്ഡലത്തിലൂടെയാണ് 'മാധ്യമം' വോട്ടോഴ്സ് ടോക് സഞ്ചരിക്കുന്നത്.
ആശങ്ക ഒഴിയാതെ തീരം
തുറവൂറിൽ ആശങ്കയുടെ കരിനിഴൽ പരത്തിയ കടലിെൻറ മക്കൾ പൊട്ടിയ വലക്കണ്ണികൾ കൂട്ടിയിണക്കുന്ന തിരക്കിലാണ്. നിസ്സംഗതയോടെയാണ് അവർ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. തങ്കച്ചൻ പുന്നയ്ക്കൽ, കെ.ജെ. ജോൺസ്, രാജു കാക്കശ്ശേരി, തങ്കച്ചൻ കുരിശുങ്കൽ, കെ.സി. തോബിയാസ് കടവുങ്കൽ, ബനറ്റ് ഊട്ട് പറമ്പിൽ, ലിൻസ് വാഴക്കൂട്ടത്തിൽ, ജോൺ ഈരേശ്ശേരിൽ, കൊച്ചപ്പൻ കാരിയോടത്ത് എന്നിവരെല്ലാം ജോലിത്തിരക്കിലാണ്.
കേരളത്തിെൻറ നാവികപ്പടയെന്ന് വിശേഷിപ്പിക്കുന്ന തീരദേശ ജനത വോട്ട് വിനിയോഗിക്കുന്നതിൽ തികഞ്ഞ ബോധവാന്മാരാണ്. തങ്ങൾക്ക് അന്നംതരുന്ന കടലിെൻറമേൽ പതിച്ച ആശങ്കയുടെ കരിനിഴൽ പരത്തിയ സമകാലിക സംഭവം മുതൽ കടന്നുപോയ ഓഖിയും പുലിമുട്ട് നിർമാണവും കടൽഭിത്തി നിർമാണവുമെല്ലാം ഇവരുടെ ചർച്ചയിൽ കടന്നുവരുന്നു. കടലിനും കിഴക്ക് വേമ്പനാട്ട് കായലിനും മധ്യേ കിടക്കുന്ന ഈ മണ്ഡലത്തിൽ രാഷ്ട്രീയ കുലപതികൾ വളരെപേർ അങ്കം കുറിച്ചിട്ടുണ്ട്. പല പ്രമുഖരും പരാജയത്തിെൻറ രുചിയും അറിഞ്ഞിട്ടുണ്ട്. സാമുദായിക രാഷ്ട്രീയ മാനങ്ങൾക്കപ്പുറം നിലനിൽപിന് ആധാരമായ സംഗതികളാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്ന് ഇവർ കൂട്ടിച്ചേർത്തു. പിടിക്കുന്ന മത്സ്യത്തിന് ന്യായവില ഉറപ്പുവരുത്തുക, തകർന്ന പുലിമുട്ട്, കടൽഭിത്തി എന്നിവ പൂർത്തീകരിക്കുക, അടിസ്ഥാന ജീവിത സൗകര്യങ്ങൾ ഉറപ്പുവരുത്തുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഇനിയും പരിഗണിച്ചിട്ടില്ല.
രാത്രി 12ന് കടലിൽപോയി വെളുപ്പിനെ തിരിച്ചെത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് രാഷ്ട്രീയത്തെക്കാൾ വലുതാണ് ഉപജീവനം. ശാന്തമായിക്കിടക്കുന്ന കടൽ എപ്പോഴാണ് പ്രക്ഷുബ്ദമാകുന്നതെന്ന് പറയാൻ കഴിയാത്തതുപോലെ കടലോര ജനത എങ്ങനെ പ്രതികരിക്കുമെന്ന് പ്രവചിക്കാൻ കഴിയാതെ രാഷ്ട്രീയത്തിലും ഇവർ പിടികൊടുക്കുന്നില്ല.
പൂച്ചാക്കൽ മത്സ്യമാർക്കറ്റിലും ചൂടേറെ
കോവിഡ് നിയന്ത്രണത്തിൽ നിശ്ചലമായ പൂച്ചാക്കൽ മത്സ്യമാർക്കറ്റ് ജീവൻവെച്ച് വരുന്നസമയത്ത് രാഷ്ട്രീയ ചർച്ചയും സജീവമാണ്. സർക്കാറിെൻറ കിറ്റുകൾ കൂലിവേലക്കാരെ പട്ടിണിക്കിടാതെ സഹായിച്ചെങ്കിലും ചെറുകിട കച്ചവടക്കാർ ഉൾെപ്പെടയുള്ളവർക്ക് ദുരിതമാണ്.
മീൻകച്ചവടക്കാരി നളിനിയോട് മണ്ഡലത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് ചോദിച്ചപ്പോൾ ചെറുകിട മത്സ്യത്തൊഴിലാളികളെയും മത്സ്യവിൽപനക്കാരെയും പരിഗണിക്കാൻ ആരും തയാറായില്ലെന്ന വിമർശനമാണ് ഉയർത്തിയത്. വോട്ടുചോദിച്ചെത്തുന്നവരോട് ദുരിതകാലം വിവരിക്കും. പറഞ്ഞുനിർത്തിയപ്പോൾ 30വർഷമായി മാർക്കറ്റിൽ കച്ചവടം നടത്തുന്ന പങ്കജാക്ഷി ഇടപെട്ടു.
കായലിലെ മത്സ്യസമ്പത്ത് കുറഞ്ഞതാണ് പ്രശ്നം. കായലിൽ മാലിന്യം അടിഞ്ഞ് തീരം നികന്നുപോയതാണ് കാരണം. ഇതിനൊപ്പം തീരദേശമേഖലയിലെ വേലിയേറ്റവും ദുരിതത്തിലാക്കി. കായൽ തീരങ്ങളിൽ കൽക്കെട്ട് നിർമിക്കാനും കായലിന് ആഴംകൂട്ടാനും 100കോടി അനുവദിച്ചത് മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം പകരുമെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, അനുവദിച്ച തുക ഉപയോഗിച്ച് നിർമാണം ആരംഭിക്കുന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്ന് പാണാവള്ളി സ്വദേശി സുകുമാരൻ പറഞ്ഞു. പ്രഖ്യാപനങ്ങൾ ഇലക്ഷൻ സ്റ്റൻഡ് മാത്രമാണ്.
വികസനം മാത്രമല്ല; വിമർശനവും പ്രതിഫലിക്കും
തെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ െതെക്കാട്ടുശ്ശേരി സ്വദേശി ദേവദാസിെൻറ മറുപടി കോവിഡ് കാലത്തെ ജീവിതദുരിതങ്ങളെക്കുറിച്ചായിരുന്നു. കൃഷിയും കയർ മേഖലയും തകർന്നതോടെ തൊഴിൽ ഇല്ലാതായി. കൊച്ചിയിലടക്കം മറ്റ് പ്രദേശങ്ങളിലാണ് തൊഴിൽതേടി പോകുന്നത്.
സുപ്രീംകോടതി പൊളിച്ചുമാറ്റാൻ ഉത്തരവിട്ട കാപ്പിക്കോ റിസോർട്ട് ഇപ്പോഴും നിലനിൽക്കുന്നത് പാണാവള്ളി പഞ്ചായത്തിലാണെന്ന് ദേവദാസിെൻറ അയൽക്കാരനായ കുട്ടൻ പറയുന്നു. ഇത് നിർമിക്കാൻ അനുമതി നൽകിയ രാഷ്ട്രീയക്കാരെ ശിക്ഷിക്കണം. മാക്കേക്കടവ്-നേരേകടവ് പാലത്തിെൻറ പണി നിലച്ചുപോയതിനെക്കുറിച്ചാണ് വിജയന് പറയാനുള്ളത്. ഇടതുപക്ഷം ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നെങ്കിൽ പാലംപണി പൂർത്തിയാക്കാൻ കഴിയുമായിരുന്നുവെന്ന് വിജയൻ പറഞ്ഞെങ്കിലും അത് അംഗീകരിക്കാൻ മറ്റുള്ളവർ തയാറായില്ല.
സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തുന്ന മറ്റൊരു വിഷയവും ചർച്ചക്കെത്തി. പള്ളിപ്പുറം വ്യവസായ കേന്ദ്രത്തിൽ പുതുതായി പണിത ഫുഡ് പാർക്കിലെ മലിനജലം കായലിലേക്ക് ഒഴുക്കാൻ വലിയ പൈപ്പ് എതിർപ്പുകളെ അവഗണിച്ചും സ്ഥാപിച്ചതാണ് വിഷയം. വികസനത്തിെൻറ പേരിൽ കായലും കടലും മണ്ണും വിറ്റുതുലക്കാതിരിക്കാൻ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പറഞ്ഞാണ് അവർ സംസാരം അവസാനിപ്പിച്ചത്.
കായികവിനോദത്തിന് കളിസ്ഥലം വേണം
പൂച്ചാക്കൽ മണപ്പുറം മഹാത്മ ഫുട്ബാൾ ക്ലബിെൻറ ന്യൂജെൻ വോട്ടർമാർക്ക് ചിലത് പറയാനുണ്ട്. ഒരു പഞ്ചായത്തിൽ ഒരുകളിസ്ഥലം വേണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. വിവിധ കോളജുകളിൽ പഠിക്കുന്ന ഇവർക്ക് കായികവിനോദങ്ങളിൽ ഏർെപ്പടാൻ പര്യാപ്തമായ കളിസ്ഥലമില്ല. പലതും ഒറ്റമഴയിൽ വെള്ളക്കെട്ട് ആകുന്നവയാണ്.
കായികവിനോദങ്ങൾ ജീവിതരീതിയെ മാറ്റിമറിക്കുമെന്നാണ് കൂട്ടത്തിൽ ഒരാളായ അർജുൻ പറയുന്നത്. മയക്കുമരുന്നിെൻറ പ്രലോഭനങ്ങളിൽനിന്ന് രക്ഷതേടാനുള്ള മാർഗവും ജീവിതശൈലീ രോഗങ്ങളിൽനിന്ന് അകന്നുനിൽക്കാനും കഴിയുമെന്ന് സംഘാംഗമായ ജോണി പറഞ്ഞു. പഞ്ചായത്തുകൾ തോറും ഓരോ യൂത്ത് സെൻററുകൾ വേണമെന്നാണ് അഭിജിത്തിെൻറ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.