തീരദേശ റെയിൽവേ 'ഒറ്റപ്പെടുത്തി'; ദുരിതം പേറി ചന്തിരൂർ പടിഞ്ഞാറൻ മേഖല
text_fieldsഅരൂർ: തീരദേശ റെയിൽവേ ഉണ്ടായ കാലംമുതൽ പുറംലോകത്ത് നിന്നകന്ന് ദുരിതജീവിതം നയിക്കേണ്ടിവന്നിരിക്കുകയാണ് അരൂർ ഗ്രാമപഞ്ചായത്തിലെ കുറെയധികം സാധാരണ ജനങ്ങൾക്ക്. ദേശീയപാതയിലെത്താൻ ബദൽ മാർഗം ഇല്ലാത്തതാണ് ദുരിതം.
1989ലാണ് തീരദേശ റെയിൽവേ യാഥാർഥ്യമാകുകയും ആലപ്പുഴയിലേക്ക് ട്രെയിൻ ഓടിത്തുടങ്ങിയതും. അതിനും വർഷങ്ങൾക്കുമുമ്പ് നിർമാണപ്രവർത്തനം ആരംഭിച്ചിരുന്നു. അരൂർ പഞ്ചായത്തിൽ പടിഞ്ഞാറൻ കായൽ തീരദേശത്തുകൂടിയാണ് റെയിൽവേ കടന്നുപോകുന്നത്.
മത്സ്യത്തൊഴിലാളികളും കർഷകത്തൊഴിലാളികളും സാധാരണക്കാരുമാണ് ഇവിടെ അധികവും. പല വാർഡും കീറിമുറിച്ചു കൊണ്ടാണ് റെയിൽവേ പോകുന്നത്. പല സ്ഥലത്തും റെയിൽപാളം ഉയരത്തിൽ സ്ഥിതിചെയ്യുന്നതാണ് ഏറെ ദുരിതം.
കിഴക്കൻ മേഖലയിൽകൂടി കടന്നുപോകുന്ന ദേശീയപാതയിലെത്താൻ റെയിൽവേയുടെ പടിഞ്ഞാറൻ മേഖലയിലുള്ളവർ 30 അടിയോളം ഉയരമുള്ള റെയിൽവേ മറികടക്കാൻ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. കിഴക്കൻ മേഖലയുമായി ബന്ധപ്പെടാൻ റെയിൽവേ മുറിച്ചുകടക്കുന്ന അപൂർവം ചില റോഡുകൾ മാത്രമാണുള്ളത്. ഈ റോഡുകളുമായി ബന്ധപ്പെടുന്ന തീരദേശ റോഡ് റെയിൽവേക്ക് സമാന്തരമായി പടിഞ്ഞാറൻ മേഖലയിൽ തെക്കു-വടക്ക് നിർമിച്ചാൽ മാത്രമേ പ്രശ്നപരിഹാരമാകൂ.
വെളുത്തുള്ളി സൗത്ത് റെയിൽവേ ക്രോസ് കഴിഞ്ഞ കഴിഞ്ഞ ദിവസങ്ങളിൽ അറ്റകുറ്റപ്പണിക്ക് അടച്ചപ്പോഴാണ് ജനങ്ങൾക്ക് യാത്രക്ലേശത്തിന്റെ രൂക്ഷത പിന്നെയും അനുഭവിക്കേണ്ടിവന്നത്. ദേശീയപാതയിലെത്താൻ ബദൽ മാർഗം ഇല്ല. ജനപ്രതിനിധികൾ പ്രശ്നപരിഹാരമുണ്ടാക്കി സഞ്ചാരസ്വാതന്ത്ര്യം സുഗമമാക്കണമെന്നാണ് ആവശ്യം.
തീരദേശ റെയിൽവേ വന്നതുമുതൽ ദുരിതം
തീരദേശ റെയിൽവേയുടെ വരവോടുകൂടി ഒറ്റപ്പെട്ട അരൂരിലെ പടിഞ്ഞാറൻ മേഖലയിലെ കഴ്വിടാമൂലയിലാണ് എന്റെ താമസം. അതുകൊണ്ടുതന്നെ റെയിൽവേ ഒറ്റപ്പെടുത്തിയ മേഖലയിലുള്ളവരുടെ ദുരിതങ്ങൾ നേരിട്ട് അറിയാം. ചന്തിരൂർ, വെളുത്തുള്ളി സൗത്ത് റെയിൽവേക്ക് പടിഞ്ഞാറുനിന്ന് വെളുത്തുള്ളി നോർത്തിലേക്കും ശ്രീനാരായണപുരം റോഡിലേക്കും സമാന്തര റോഡ് നിർമിച്ചാലെ വെളുത്തുള്ളി, കണ്ണാച്ചാതുരത്ത്, വട്ടച്ചാൽ, കൊച്ചാതുരുത്ത്, ഏരു മുള്ളി, കഴുവിടാമൂല തുടങ്ങിയ സ്ഥലങ്ങളിലെ യാത്രപ്രശ്നങ്ങൾക്ക് പരിഹാരമാകൂ. റെയിൽവേ വന്നതുമുതൽ ഈ പ്രദേശത്തിന്റെ വികസനങ്ങൾ തടസ്സപ്പെട്ട നിലയിലാണ്.സമാന്തര റോഡാണ് ഇതിന് പരിധിവരെ പരിഹാരം. വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണിത്. കഴുവിടാമൂലയിൽ താമസിക്കുന്നവർക്ക് ദേശീയപാതയിലെത്താൻ 30 അടി ഉയരമുള്ള റെയിൽവേ മറികടക്കണം. ഇവിടേക്ക് ഒഴുകുന്ന തോടിന്റെ വശത്ത് വഴിയൊരുക്കുന്നതിന് ഒട്ടേറെ വർഷങ്ങൾ റെയിൽവേ അധികാരികളോട് അപേക്ഷിച്ചതിനുശേഷമാണ് അനുവാദം നൽകിയത്. തോടിനുമുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചാൽ കോളനിയിലേക്ക് റോഡ് നിർമിക്കാൻ കഴിയും. ഇതിന് അനുവാദം നൽകാൻ റെയിൽവേ അധികൃതർ തയാറായിട്ടില്ല.
കവിത ശരവണൻ, 12-ാാ വാർഡ് അംഗം, അരൂർ ഗ്രാമപഞ്ചായത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.