അരൂർ-തുറവൂർ ഉയരപ്പാത നിർമാണം; ഗതാഗത സ്തംഭനം ഒഴിവാക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു
text_fieldsഅരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ദേശീയപാതയിലെ ഗതാഗതസ്തംഭനവും അപകടങ്ങളും ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ എറണാകുളം, ആലപ്പുഴ ജില്ല ഭരണകൂടങ്ങൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി. കൊല്ലം, തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട ഭാരവാഹനങ്ങൾ എറണാകുളം ഭാഗത്തുനിന്ന് എം.സി റോഡുവഴി തിരിച്ചുവിടാനുള്ള സാധ്യത എറണാകുളം ജില്ല ഭരണകൂടവുമായി ചർച്ച നടത്തി. ആലപ്പുഴ ഭാഗത്തേക്ക് എത്തേണ്ട ചരക്കുവാഹനങ്ങൾ ഒഴിച്ച് ബാക്കിയുള്ളവ എറണാകുളത്തുനിന്ന് കോട്ടയം വഴി തിരിച്ചുവിട്ടാൽ അരൂർ ഭാഗത്തുണ്ടാകുന്ന ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ പരിഹാരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മഴ ഒഴിഞ്ഞാൽ നിലവിൽ അരൂർ മുതൽ തുറവൂർവരെ ഗതാഗതം നടത്താൻ അനുവദിക്കപ്പെട്ട ദേശീയപാതയോരത്തിന്റെ ഇരുവശങ്ങളും ടാർ ചെയ്ത് ബലപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കാനും നിർദേശം നൽകി. വെള്ളക്കെട്ടിനും അപകടങ്ങൾക്കും ഇതുമൂലം പരിഹാരമാകും. കൂടാതെ ദേശീയപാതയോരത്തുള്ള എല്ലാ അനധികൃത ചമയങ്ങളും വഴിയോരക്കച്ചവടങ്ങളും നീക്കം ചെയ്യാനുള്ള നടപടിയെടുക്കും. ചേർത്തല കഴിഞ്ഞും സഞ്ചരിക്കുന്നതിനുള്ള ചെറിയ വാഹനങ്ങളെ സമാന്തര റോഡുകളിലൂടെ തിരിച്ചുവിടാനും ആലോചനയുണ്ട്. മുന്നൊരുക്കം നടത്താതെയുള്ള ദേശീയപാതയിലെ ഉയരപ്പാത നിർമാണമുണ്ടാക്കിയ ബുദ്ധിമുട്ടുകൾ വിവരിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെട്ട് എറണാകുളം ജില്ല ഭരണകൂടത്തോട് ഗതാഗതം എം.സി റോഡ് വഴി തിരിച്ചുവിടാൻ നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.