ഉയരപ്പാത നിർമാണം; നനഞ്ഞാലും ഉണങ്ങിയാലും ദേശീയപാത ദുരിതപാത തന്നെ
text_fieldsഅരൂർ: അരൂർ -തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ വെയിലത്ത് പൊടിശല്യം പൊടി ഒഴിവാക്കാൻ കരാറുകാർ വെള്ളം ഒഴിച്ചാൽ പിന്നെ റോഡാകെ ചെളിക്കുളം.
മഴ പെയ്താലും ഇത് തന്നെയാണ് അവസ്ഥ. എന്തുതന്നെയാണെങ്കിലും യാത്രക്കാർക്കും റോഡരികിലെ കച്ചവടക്കാർക്കും കാൽനടക്കാർക്കും ദുരിതം തന്നെ. മഴയൊഴിഞ്ഞ സാഹചര്യത്തില്‍ കുഴികള്‍ മൂടാന്‍ കോണ്‍ക്രീറ്റ് മിശ്രിതം നിരത്തുന്ന ജോലികള്‍ പലയിടത്തും ചെയ്യുന്നുണ്ട്. ഇത് തകരാറില്ലാതെ നിലനിർത്താൻ ആവശ്യമായ നടപടികൾ ഉണ്ടായിട്ടില്ല. ഗതാഗതതിരക്ക് കുറഞ്ഞ രാത്രികാലത്താണ് കോൺക്രീറ്റ് മിശ്രിതം നിരത്തുന്നത്. എന്നാല്‍, ഇതിന് പിന്നാലെ ഇതുവഴി എത്തുന്ന വാഹനങ്ങള്‍ കോണ്‍ക്രീറ്റിലൂടെ കയറിയിറങ്ങി അലങ്കോലമാക്കുകയാണ് പതിവ്.
കോണ്‍ക്രീറ്റ് നിരത്തിയ ഉടന്‍തന്നെ വാഹനം കടന്നുവരാതിരിക്കുവാന്‍ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കരാര്‍ കമ്പനി തയാറാകുന്നില്ല.
നിയന്ത്രണം ഏർപ്പെടുത്തിയാൽ കോണ്‍ക്രീറ്റ് ഉറക്കുന്നതുവരെ ഇതിന് മുകളില്‍ കൂടി വാഹനങ്ങള്‍ കയറില്ല. വാഹനത്തെ മറികടക്കാന്‍ ഇടതുഭാഗത്തുകൂടെ കയറുന്ന വാഹനങ്ങളാണ് ഇത്തരത്തിലെ കോണ്‍ക്രീറ്റിങ് കുഴപ്പത്തിലാക്കുന്നത്. മഴയില്‍ ചെളിക്കുളമായ പാതക്ക് സമാന്തരമായി പലയിടത്തും നടപ്പാതകള്‍ നിർമിച്ചിട്ടുണ്ട്. എന്നാല്‍, ഇവ ഉപയോഗിക്കുന്നത് പലപ്പോഴും ഇരുചക്രവാഹനയാത്രികരാണ്.
ഇപ്പോള്‍ സ്ഥിതി മാറി കരാര്‍ കമ്പനിയുടെ വലിയ വാഹനങ്ങള്‍ വരെ ഈ നടപ്പാതയിലേക്ക് കയറ്റി പാര്‍ക്ക് ചെയ്യുന്ന സ്ഥിതിയാണ്. നിര്‍മാണം സുഗമമായി നടത്താന്‍ ഇരുമ്പ് പാളികള്‍ കൊണ്ട് നിർമിച്ച ഇടങ്ങളില്‍ ഇത്തരം വലിയ വാഹനങ്ങള്‍ കയറ്റിയിടാന്‍ സൗകര്യമുള്ളപ്പോഴാണ് നടപ്പാത കൈയ്യേറി നിർമാണ കമ്പനിയുടെ വലിയവാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
ഈ പ്രശ്നങ്ങള്‍ കമ്പനിയെ പലവട്ടം ബോധ്യപ്പെടുത്തിയെങ്കിലും നടപടിയെടുക്കാന്‍ അവര്‍ തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം. കമ്പനി അധികൃതർ ജാഗ്രത കാട്ടിയാൽ കുറച്ചുകൂടി ഭേദപ്പെട്ട നിലയിൽ ഗതാഗതം സുഗമമാക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.